| Monday, 25th December 2023, 8:05 am

അല്ലാഹു അക്ബര്‍ വീട്ടില്‍; ഇവിടെ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്ന് ആര്‍.എസ്.എസ് നേതാവ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബെംഗളൂരു: അല്ലാഹു അക്ബര്‍ വീട്ടില്‍ പറഞ്ഞാല്‍ മതിയെന്നും ഇവിടെ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാമെന്ന് വിളിക്കണമെന്നും ആര്‍. എസ് .എസ് നേതാവ് കല്ലഡ്ക പ്രഭാകര്‍ ഭട്ട്. കര്‍ണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിജാബ് ധരിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് മാറ്റുമെന്ന മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് പ്രഭാകര്‍ ഭട്ടിന്റെ പരാമര്‍ശം. ഹനുമാന്‍ ജയന്തി ദിനവുമായി ബന്ധപ്പെട്ട് നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ആര്‍.എസ്.എസ് നേതാവ്.

സംസ്ഥാനത്ത് ഹിജാബിന്റെ നിയന്ത്രണം സംബന്ധിച്ച് നടന്ന സമരങ്ങള്‍ക്കിടയിലേക്ക് അല്ലാഹു അക്ബര്‍ ചൊല്ലി ഹിജാബ് ധരിച്ചെത്തിയ മുസ്‌ക്കാനെതിരെയും കല്ലഡ്ക പ്രഭാകര്‍ ഭട്ട് വിമര്‍ശനം ഉയര്‍ത്തിയതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹിജാബ് വിലക്ക് മാറ്റുന്നതില്‍ സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും നന്ദിയറിക്കുകയും നിര്‍ത്തിവെച്ച തന്റെ പഠനം പി.ഇ.എസ് കോളജില്‍ പുനരാരംഭിക്കാന്‍ തീരുമാനിച്ചിരിക്കുകയാണെന്നും മുസ്‌ക്കാന്‍ പറഞ്ഞിരുന്നു.

ഇതിന് മറുപടിയായാണ് ആര്‍.എസ്.എസ് നേതാവിന്റെ പ്രതികരണം. അല്ലാഹു അക്ബര്‍ ചൊല്ലാനായി വീടും പള്ളിയും തെരഞ്ഞെടുക്കണമെന്നും ഈ നാട്ടില്‍ ജീവിക്കണമെങ്കില്‍ ജയ് ശ്രീറാം വിളിക്കണമെന്നുമാണ് കല്ലഡ്ക പ്രഭാകര്‍ ഭട്ട് പറഞ്ഞത്. കര്‍ണാടക സര്‍ക്കാരിന് ധൈര്യമുണ്ടെങ്കില്‍ സംസ്ഥാനത്ത് ഹിജാബിനുള്ള വിലക്ക് പിന്‍വലിക്കട്ടെയെന്നും പ്രഭാകര്‍ ഭട്ട് വെല്ലുവിളിച്ചു.

സംസ്ഥാനത്തെ ഹിജാബ് നിരോധനം പിന്‍വലിക്കുന്നതിന് ഔദ്യോഗിക ഉത്തരവ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ശനിയാഴ്ച പറഞ്ഞു. വസ്ത്രവും ഭക്ഷണവും ഓരോരുത്തരുടെയും വ്യക്തിപരമായ അവകാശവും തീരുമാനവുമാണ്, അതില്‍ എന്തിനാണ് താന്‍ തടസം സൃഷ്ടിക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്.

വോട്ടിന് വേണ്ടി രാഷ്ട്രീയം കളിക്കരുതെന്നും സംസ്ഥാനത്തെ ദളിതര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും പിന്നാക്ക വിഭാഗക്കാര്‍ക്കും അവരുടെ അവകാശങ്ങള്‍ നേടികൊടുക്കുന്നതിലാണ് തന്റെ സര്‍ക്കാര്‍ ശ്രദ്ധ പുലര്‍ത്തുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു. ഈ തീരുമാനത്തില്‍ യാതൊരു വിധത്തിലുള്ള വിട്ടുവീഴ്ചയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിലക്ക് പിന്‍വലിച്ചുകൊണ്ടുള്ള ഔദ്യോഗിക പ്രഖ്യാപനം ഇതുവരെ കര്‍ണാടക സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ടില്ല.

Content Highlight: If you want to live in India, call Jai Shri Ram, says RSS leader

Latest Stories

We use cookies to give you the best possible experience. Learn more