പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കമല്‍നാഥ്
India
പ്രവര്‍ത്തകര്‍ പറഞ്ഞാല്‍ പാര്‍ട്ടിയില്‍ നിന്ന് മാറി നില്‍ക്കുമെന്ന് കമല്‍നാഥ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 29th February 2024, 3:30 pm

ഭോപ്പാല്‍: താന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് നില്‍ക്കാനാണ് പ്രവര്‍ത്തകര്‍ ആഗ്രഹിക്കുന്നതെങ്കില്‍ അതിന് തയ്യാറാണെന്ന് മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമാല്‍നാഥ്. ബുധനാഴ്ച ചിന്ദ്വാരയില്‍ നടന്ന പാര്‍ട്ടി പരിപാടിയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

‘വര്‍ഷങ്ങളായി സ്‌നേഹവും വിശ്വാസവും നല്‍കി നിങ്ങള്‍ എന്നെ പിന്തുണക്കുന്നുണ്ട്. അതിനാല്‍ ഞാന്‍ പാര്‍ട്ടിയില്‍ നിന്ന് വിട്ട് നിൽക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടതും പ്രവര്‍ത്തകരാണ്. നിങ്ങളത് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ മാറി നില്‍ക്കാന്‍ ഞാന്‍ തയാറാണ്’, കമല്‍നാഥ് പറഞ്ഞു.

പരിപാടിയില്‍ ബി.ജെ.പിക്കെതിരെയും അദ്ദേഹം ആഞ്ഞടിച്ചു. ബി.ജെ.പി ശ്രീരാമനെ ഉപയോഗിച്ച് രാഷ്ട്രീയം കളിക്കുകയാണെന്ന് കമല്‍നാഥ് പറഞ്ഞു. ജനങ്ങളുടെ പണം ഉപയോഗിച്ചാണ് രാമ ക്ഷേത്രം പണിതതെന്നും ശ്രീരാമനെ രാഷ്ട്രീയത്തിലേക്ക് വലിച്ചിഴക്കുന്നത് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കമല്‍നാഥും മകന്‍ നകുല്‍നാഥും ബി.ജെ.പിയിലേക്ക് പോകുമെന്ന അഭ്യൂഹങ്ങള്‍ അടുത്തിടെ വ്യാപകമായി പ്രചരിച്ചിരുന്നു. മകന്‍ നകുല്‍നാഥിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളില്‍ നിന്ന് കോണ്‍ഗ്രസിനെ നീക്കം ചെയ്തതും വാര്‍ത്ത പ്രചരിക്കുന്നതിന് കാരണമായി.

വാര്‍ത്ത നിഷേധിക്കാന്‍ തുടക്കത്തില്‍ കമല്‍നാഥ് തയാറായിരുന്നില്ല. പിന്നീട് അഭ്യൂഹങ്ങല്‍ക്കെല്ലാം വിരാമമിട്ട് കമല്‍നാഥ് രംഗത്തെത്തി. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയില്‍ പങ്കെടുക്കാന്‍ മധ്യപ്രദേശിലെ പാര്‍ട്ടി പ്രവര്‍ത്തകരോട് അദ്ദേഹം അഭ്യര്‍ഥിച്ചിരുന്നു.

Contant Highlight: ‘If you want to bid me farewell, ready to leave’: Kamal Nath to Congress workers