മുംബൈ: മുംബൈയില്‍ ടാറ്റ ഹോസ്പിറ്റലിന്റെ സമീപത്ത് ഭക്ഷണത്തിനായി കാത്തു നിന്ന മുസ്‌ലിം യുവതിയോട് ജയ്ശ്രീറാം വിളിക്കാന്‍ ആഹ്വാനം ചെയ്തതായി റിപ്പോര്‍ട്ട്.
മുംബൈയിലെ ജര്‍ഭായ് റാഡിയ റോഡിലെ ടാറ്റ ഹോസ്പിറ്റലിന് സമീപമാണ് സംഭവം. ആശുപത്രിയിലെ രോഗികള്‍ക്കും കൂട്ടിരിപ്പുകാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ നല്‍കുന്ന ഭക്ഷണം വാങ്ങാനെത്തിയ യുവതിക്കാണ് മോശം അനുഭവം ഉണ്ടായത്.
ഭക്ഷണം വാങ്ങാനായി ക്യൂവില്‍ നില്‍ക്കുകയായിരുന്ന യുവതിയോട് ജയ് ശ്രീറാം വിളിച്ചാല്‍ ഭക്ഷണം തരാമെന്ന് വിതരണക്കാരന്‍ പറയുകയായിരുന്നു. ജയ്ശ്രീറാം വിളിച്ചില്ലെങ്കില്‍ ഭക്ഷണം നല്‍കില്ലെന്ന് വിതരണക്കാരന്‍ ഭീഷണിപ്പെടുത്തിയെങ്കിലും യുവതി ഇത് നിഷേധിക്കുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്. വീഡിയോ ചിത്രീകരിക്കുന്ന യുവാവും യുവതിക്കെതിരായ അനീതിക്കെതിരെ പ്രതികരിക്കുന്നുണ്ടെങ്കിലും വിതരണക്കാരന്‍ അതൊന്നും പരിഗണിക്കുന്നില്ല. എന്നാല്‍ വിതരണക്കാരന്‍ ഏത് എന്‍.ജി.ഒയുടെ ഭാഗമാണെന്ന കാര്യത്തില്‍ വ്യക്തതയില്ല.
വീഡിയോയുടെ മറ്റൊരു ഭാഗത്ത് വിതരണക്കാരന്‍ യുവതിയോട് പോവാന്‍ ആവശ്യപ്പെടുകയും ഇല്ലെങ്കില്‍ ചവിട്ടുമെന്നും ആക്രോശിക്കുന്നുണ്ട്.
വീഡിയോയ്‌ക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വലിയ രീതിയിലുള്ള പ്രതിഷേധമാണ് ഉയരുന്നത്. വിതരണക്കാരന്‍ ഒരു എന്‍.ജി.ഒയുടെയും ഭാഗമല്ലെന്നും അങ്ങനെ ഒരു സംഘനയുടെ ഭാഗമായവര്‍ ഒരിക്കലും ഇങ്ങനെ ചെയ്യില്ലെന്നുമാണ് ഒരു എക്‌സ് ഉപയോക്താവ് പ്രതികരിച്ചത്. അതേസമയം ഈ എന്‍.ജി.ഒ ബി.ജെ.പി-ആര്‍.എസ്.എസ് ഫണ്ട് ചെയ്തതാണെന്ന് പറഞ്ഞാല്‍ താന്‍ അവിശ്വസിക്കില്ലെന്നാണ് മറ്റൊരു ഉപയോക്താവ് പ്രതികരിച്ചത്.
Content Highlight: If you want food, say Jaishreeram; Protest against insult against Muslim woman