| Tuesday, 17th August 2021, 5:45 pm

ഞങ്ങളിലൊന്നിനെ തൊട്ടുകളിച്ചാല്‍..; ടീമിലൊരാളെ സ്ലെഡ്ജ് ചെയ്താല്‍ ബാക്കി പത്ത് പേരും മറുപടി കൊടുക്കുമെന്ന് രാഹുല്‍

സ്പോര്‍ട്സ് ഡെസ്‌ക്

ലോര്‍ഡ്സ്: ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റ് വിജയത്തിന് ശേഷം മാന്‍ ഓഫ് ദ മാച്ച് പുരസ്‌കാരമേറ്റു വാങ്ങവെയുള്ള ഇന്ത്യന്‍ ഓപ്പണര്‍ കെ.എല്‍. രാഹുലിന്റെ വാക്കുകള്‍ ശ്രദ്ധേയമാകുന്നത്. ടീമിലെ ഒരാള്‍ക്കെതിരെ സ്ലെഡ്ജ് ചെയ്താല്‍ ടീമിലെ എല്ലാവരും ഒറ്റക്കെട്ടാവുമെന്ന് രാഹുല്‍ പറഞ്ഞു.

രാഹുലിന്റെ സെഞ്ച്വറി മികവിലും വാലറ്റക്കാരുടെ കൂട്ടുകെട്ടിലുമാണ് 151 റണ്‍സിന് ഇന്ത്യ ഇംഗ്ലണ്ടിനെ തകര്‍ത്തത്.

മാര്‍ക്ക് വുഡ് ജസ്പ്രീത് ബുംറയുടെ തല ലക്ഷ്യമാക്കി ഷോര്‍ട്ട് പിച്ച് ഡെലിവറി എറിഞ്ഞതോടെയാണ് പ്രശ്നങ്ങള്‍ ആരംഭിച്ചത്. ഇംഗ്ലണ്ട് താരങ്ങളായ ജോ റൂട്ടും ജിമ്മി ആന്‍ഡേര്‍സണും ഒല്ലി റോബിന്‍സണും ചേര്‍ന്നതോടെ സ്ലെഡ്ജിംഗ് വീണ്ടും കൂടുകയായിരുന്നു.

ഏതുവിധേനയും ജയിക്കണമെന്ന വാശിയാണ് രണ്ട് ടീമിനേയും മുന്നോട്ട് നയിച്ചത്. ഇതാണ് ടെസ്റ്റ് ക്രിക്കറ്റിന്റെ ഓളമെന്നും ഇരു ടീമുകളും ഒന്നും പറയാന്‍ മടിക്കില്ലെന്നും രാഹുല്‍ പറയുന്നു.

ആരെങ്കിലും നമ്മുടെ കളിക്കാരന് നേരെ വന്നാല്‍ ബാക്കിയുള്ള 10 പേരും ഒരുമിക്കും, അങ്ങനെയൊരു സാഹചര്യമാണ് ടീമിലുള്ളതെന്നും തങ്ങളുടെ ആത്മബന്ധം അപ്രകാരമാണെന്നും രാഹുല്‍ പറയുന്നു.

ബുംറയുടെയും ഷമിയുടെയും പ്രകടനം ഇംഗ്ലണ്ട് പ്രതീക്ഷിച്ചിരുന്നില്ല. നമ്മുടെ ബാറ്റിംഗിന് ശേഷം സ്ലെഡ്ജിംഗിന് മറുപടി കൊടുക്കണമെന്ന് തീരുമാനിക്കുകയായിരുന്നു. അതാണ് തങ്ങളെ വിജയിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നും രാഹുല്‍ പറയുന്നു.

തങ്ങള്‍ പരമാവധി ക്രിക്കറ്റിന്റെ മാന്യത കാത്തുസൂക്ഷിച്ചുകൊണ്ടാണ് കളിക്കുന്നതെന്നും തങ്ങളെ സ്ലെഡ്ജ് ചെയ്താല്‍ തങ്ങള്‍ ഒറ്റക്കെട്ടാവുമെന്നും ലോര്‍ഡ്‌സിലെ വിജയം എപ്പോഴും സ്പെഷ്യലാണെന്നും രാഹുല്‍ കൂട്ടിച്ചേര്‍ത്തു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

Content Highlight: If you sledge one of our guys, it means you are sledging whole team: Rahul on on-field altercation

We use cookies to give you the best possible experience. Learn more