| Friday, 25th October 2019, 1:25 pm

'അധികാരത്തിന്റെ അഹങ്കാരത്തിനേറ്റ തിരിച്ചടി'; മഹാരാഷ്ട്ര ഫലത്തില്‍ ബി.ജെ.പിയെ പരിഹസിച്ച് ശിവസേന

ഡൂള്‍ന്യൂസ് ഡെസ്‌ക്

അലിബഗ്: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് ഫലത്തില്‍ ബി.ജെ.പിയെ പരോക്ഷമായി പരിഹസിച്ച് സഖ്യകക്ഷിയായ ശിവസേന. അധികാരത്തിന്റെ അഹങ്കാരം കാണിച്ചവര്‍ക്കുള്ള പ്രഹരമാണ് തെരഞ്ഞെടുപ്പ് ഫലമെന്നായിരുന്നു ശിവസേനയുടെ പ്രതികരണം.

മഹാരാഷ്ട്രയില്‍ വലിയ ഭൂരിപക്ഷം പ്രതീക്ഷിച്ച് തെരഞ്ഞെടുപ്പിനെ നേരിട്ട ബി.ജെ.പിക്ക് 105 സീറ്റുകള്‍ മാത്രമായിരുന്നു നേടാനായത്. സഖ്യകക്ഷിയായ ശിവസേനയ്ക്കാകട്ടെ 56 സീറ്റുകള്‍ ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ്് ബി.ജെ.പിക്കെതിരെ പരിഹാസവുമായി സേന രംഗത്തെത്തിയത്. ”മഹാ ജനദേശ്” എന്നൊരു സംഗതി ഇല്ലെന്നും തെരഞ്ഞെടുപ്പ് ഫലം വാസ്തവത്തില്‍ ‘അധികാരത്തിന്റെ അഹങ്കാരം’ കാണിച്ചവര്‍ക്കേറ്റ പ്രഹരമാണെന്നുമായിരുന്നു ശിവസേന പ്രതികരിച്ചത്.

ഒക്ടോബര്‍ 21 ലെ വോട്ടെടുപ്പിന് മുന്നോടിയായി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് തന്റെ 288 മണ്ഡലങ്ങളില്‍ 200 ലേറെ മണ്ഡലങ്ങളില്‍ പര്യടനം നടത്തിയിരുന്നു. മഹാ ജനദേശ് യാത്ര എന്ന പേരിലായിരുന്നു പര്യടനം. തെരഞ്ഞെടുപ്പ് ഫലത്തിന്റെ തലേ ദിവസമടക്കം ബി.ജെ.പി 200 ലേറെ സീറ്റുകള്‍ നേടുമെന്ന് ദവേന്ദ്ര ഫഡ്‌നാവിസ് അവകാശപ്പെട്ടിരുന്നു.

സാങ്കേതിക പിഴവുകളിലൂടെയും പ്രതിപക്ഷ പാര്‍ട്ടികളെ ഭിന്നിപ്പിക്കുന്നതിലൂടേയും തെരഞ്ഞെടുപ്പ് വിജയിക്കാമെന്ന ധാരണയാണ് ജനവിധിയിലൂടെ മാറിമറഞ്ഞതെന്ന്
സേന മുഖപത്രമായ സാമ്‌നയില്‍ കുറിച്ചു.

പ്രധാന പ്രതിപക്ഷ പാര്‍ട്ടികളായ എന്‍.സി.പിയും കോണ്‍ഗ്രസും തങ്ങളുടെ നിലമെച്ചപ്പെടുത്തിയതായും രാഷ്ട്രീയത്തില്‍ എതിരാളികളെ പൂര്‍ണമായും അവസാനിപ്പിക്കാന്‍ കഴിയില്ലെന്നും വോട്ടെടുപ്പ് ഫലങ്ങള്‍ വിശകലനം ചെയ്ത എഡിറ്റോറിയലില്‍ ശിവസേന പറഞ്ഞു.

ശരത് പവറിന്റെ നേതൃത്വത്തിലുള്ള പാര്‍ട്ടിക്ക് ഭാവി ഉണ്ടോ എന്ന് ജനങ്ങള്‍ ആശ്ചര്യപ്പെടുന്ന തരത്തില്‍ എന്‍.സി.പിയെ തകര്‍ക്കുമെന്നായിരുന്നു ബി.ജെ.പി അവകാശപ്പെട്ടുകൊണ്ടിരുന്നത്.

എന്നാല്‍ എന്‍.സി.പി 50 സീറ്റുകള്‍ മറികടന്ന് മുന്നോട്ടു നീങ്ങി, നേതാവില്ലാത്ത കോണ്‍ഗ്രസ് 44 സീറ്റുകള്‍ നേടി. അധികാരത്തിന്റെ അഹങ്കാരം കാണിക്കരുതെന്ന് ഭരണാധികാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കുന്നതായിരുന്നു ഫലം… അവരുടെ ആ അഹങ്കാരത്തിനേറ്റ പ്രഹരമാണ് ജനവിധി.

2014 ല്‍ 122 സീറ്റ് നേടിയ ബി.ജെ.പിയുടെ സീറ്റ് ഇത്തവണ 105 ആയി കുറഞ്ഞു. അതേസമയം ശിവസേനയുടെ സീറ്റിന്റെ എണ്ണത്തിലും കുറവുണ്ടായി. (63 ല്‍ നിന്ന് 56 ആയി).

‘ഇരുപത്തിയഞ്ച് സീറ്റുകള്‍ മറ്റ് ചെറിയ പാര്‍ട്ടികളിലേക്ക് പോയി. ആളുകള്‍ ജാഗ്രത പാലിച്ചിട്ടുണ്ടെന്നാണ് ഇത് കാണിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിനൊപ്പം ഉപതെരഞ്ഞെടുപ്പ് നടന്ന സതാരയില്‍ ശിവാജി മഹാരാജിന്റെ പേരില്‍ നടക്കുന്ന രാഷ്ട്രീയ അവസരവാദം അനുവദിക്കില്ലെന്ന് ജനങ്ങള്‍ തെളിയിച്ചതായും എഡിറ്റോറിയല്‍ ചൂണ്ടിക്കാട്ടി.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

വോട്ടെടുപ്പിന് ഏറെ മുന്‍പ് തന്നെ ബി.ജെ.പിയും ശിവസേനയും സഖ്യം ഉറപ്പിച്ചിട്ടും എന്‍.സി.പി-കോണ്‍ഗ്രസിന് സഖ്യം നേടിയ സീറ്റുകള്‍ ആശ്ചര്യജനകമാണെന്നും എഡിറ്റോറിയല്‍ പറഞ്ഞു.

‘ഈ തോല്‍വിയില്‍ നിന്ന് ഒരു പാഠം പഠിക്കാനുണ്ട് (എന്‍.സി.പി വിജയിച്ച സതാരയില്‍). താന്‍ ശക്തനായ ഗുസ്തിക്കാരനാണെന്നാണ് ഫഡ്നാവിസ് പറഞ്ഞത്. എന്നാല്‍ ശരദ് പവാര്‍ കൂടുതല്‍ ശക്തനാണെന്ന് തെളിയിച്ചു. അധികാരത്തിന്റെ അഹങ്കാരം മഹാരാഷ്ട്ര അംഗീകരിക്കില്ല…ഞങ്ങളുടെ കാലുകള്‍ എല്ലായ്‌പ്പോഴും നിലത്തുണ്ടായിരുന്നു.”-എഡിറ്റോറിയലില്‍ പറയുന്നു.

അതേസമയം മഹാരാഷ്ട്ര നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ചത്ര പ്രകടനം ആവര്‍ത്തിക്കാന്‍ കഴിയാതെ പോയ ബി.ജെ.പിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ പുതിയ ഫോര്‍മുല മുന്നോട്ട് വെച്ച് കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. എന്‍.സി.പിക്ക് മുമ്പിലാണ് കോണ്‍ഗ്രസ് ഈ ഫോര്‍മുല അവതരിപ്പിച്ചിട്ടുള്ളത്.

ശിവസേനയെ പുറത്ത് നിന്ന് കോണ്‍ഗ്രസ്-എന്‍.സിപി. സഖ്യം പിന്തുണക്കുക എന്നതാണ് ഈ ഫോര്‍മുല. മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ അശോക് ചവാനാണ് ഈ ഫോര്‍മുല മുന്നോട്ട് വെച്ചത്.

ഈ ഫോര്‍മുലയെ എന്‍.സി.പി പിന്തുണക്കുമോ എന്ന് അറിവായിട്ടില്ല. എന്നാല്‍ ശിവസേനയെ പിന്തുണക്കില്ലെന്നും പ്രതിപക്ഷത്തിരിക്കുമെന്നും എന്‍.സി.പി അദ്ധ്യക്ഷന്‍ ശരത് പവാര്‍ ഇന്നലെ ഫലം പുറത്ത് വന്നതിന് ശേഷം പറഞ്ഞിരുന്നു. കോണ്‍ഗ്രസിന്റെ ഈ തീരുമാനം അറിഞ്ഞതിന് ശേഷം ശിവസേന ബി.ജെ.പിയുമായുള്ള വിലപേശല്‍ ശക്തമാക്കിയിട്ടുണ്ട്.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

We use cookies to give you the best possible experience. Learn more