20 കളിയിൽ 25 ഗോളടിച്ചാൽ അത് മികച്ച പ്രകടനം തന്നെയാണെന്നറിയാത്തവരിപ്പോഴുമുണ്ടോ?; ഹാലണ്ടിനെ പിന്തുണച്ച് സിറ്റി താരം
football news
20 കളിയിൽ 25 ഗോളടിച്ചാൽ അത് മികച്ച പ്രകടനം തന്നെയാണെന്നറിയാത്തവരിപ്പോഴുമുണ്ടോ?; ഹാലണ്ടിനെ പിന്തുണച്ച് സിറ്റി താരം
സ്പോര്‍ട്സ് ഡെസ്‌ക്
Sunday, 12th February 2023, 8:38 pm

കഴിഞ്ഞ രണ്ട് മത്സരങ്ങളിലും തുടർച്ചയായി തോൽവി വഴങ്ങി പരിതാപകരമായ നിലയിലാണ് മാഞ്ചസ്റ്റർ സിറ്റി. ഇ.എഫ്.എൽ കപ്പിൽ നിന്നും നേരത്തെ പുറത്തായ ടീം പ്രീമിയർ ലീഗ് പോയിന്റ് പട്ടികയിലും രണ്ടാം സ്ഥാനത്താണ്.

മുൻ സീസണുകളെ അപേക്ഷിച്ച് ബിഗ് സിക്സ് ക്ലബ്ബുകൾക്ക് പുറമേ ന്യൂ കാസിൽ പോലുള്ള ടീമുകളും മികവേറിയ പ്രകടനം കാഴ്ച വെക്കുന്ന ലീഗിൽ മികച്ച പ്രകടനം നടത്തിയാൽ മാത്രമേ സിറ്റിക്ക് ലീഗ് ടൈറ്റിലിൽ പ്രതീക്ഷ വെക്കാൻ സാധിക്കൂ.

നോർവീജിയൻ താരമായ ഹാലണ്ടിന്റെ കുറച്ച് മത്സരങ്ങളിലായുള്ള ഫോമില്ലായ്മ ക്ലബ്ബിനെ പ്രതികൂലമായി ബാധിക്കുന്നു എന്ന അഭിപ്രായം പല കോണുകളിൽ നിന്നും ഉയർന്ന് വരുന്നുണ്ട്.

ജർമനിയിലെ ഏറ്റവും വലിയ ആരാധകവൃന്ദമുള്ള ബൊറൂസിയാ ഡോർട്മുണ്ട് ക്ലബ്ബിൽ നിന്നും കഴിഞ്ഞ വർഷം 51 മില്യൺ പൗണ്ടിനാണ് ഹാലണ്ട് സിറ്റിയിലെത്തിയത്.


സിറ്റിയിൽ എത്തിയ ഹാലണ്ട് ക്ലബ്ബിനായി ആകെ കളിച്ച 28 മത്സരങ്ങളിൽ നിന്നും 31 ഗോളുകളാണ് ഇതുവരെ സ്വന്തമാക്കിയത്.
ക്ലബ്ബിലെത്തിയ സമയത്ത് ഗോൾ അടിച്ചുകൂട്ടി റെക്കോർഡുകൾ വാരിക്കൂട്ടിയ താരത്തിന് പക്ഷെ അടുത്തിടെയായി ഫോമിലെത്തിച്ചേരാൻ സാധിച്ചില്ല.

കൂടാതെ ഈ വർഷം ഒരു എവേ ഗോൾ പോലും നേടാൻ താരത്തിന് സാധിച്ചില്ല. അതിനാൽ തന്നെ ഹാലണ്ടിനെതിരെ വലിയ വിമർശനങ്ങളുമായി ജെമീ കരാഗർ അടക്കമുള്ള പ്രമുഖർ രംഗത്തെത്തിയിരുന്നു. ഹാലണ്ട് സിറ്റിക്ക് പറ്റിയ താരമല്ലെന്നായിരുന്നു കരാഗറിന്റെ വിമർശനം.

എന്നാൽ ഹാലണ്ടിനെതിരെ ഉയരുന്ന വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് സിറ്റിയുടെ മധ്യനിരതാരമായ ഗുണ്ടോഗൻ.
20 കളിയിൽ 25 ഗോളുകൾ നേടിയ ഒരു താരം സിറ്റിയിൽ കളിക്കാൻ യോഗ്യനല്ലെന്ന് ആർക്ക് പറയാൻ സാധിക്കുമെന്നായിരുന്നു ഗുണ്ടോഗന്റെ വിമർശനം.

“നിങ്ങൾ 20 കളിയിൽ 25 ഗോൾ അടിക്കാൻ തക്ക ശേഷിയുള്ള പ്ലെയറാണെങ്കിൽ സിറ്റിക്ക് ഫിറ്റായ താരമല്ല നിങ്ങളെന്ന് പറയാൻ ആർക്കാണ് സാധിക്കുക. ഹാലണ്ടിന്റെ ക്വാളിറ്റി വെച്ച് താരതമ്യം ചെയ്യുകയാണെങ്കിൽ ഞങ്ങളുടെ ടീമിന്റെ കളി ശൈലി കുറച്ച് വ്യത്യസ്തമാണ്. പക്ഷെ അതിൽ നമുക്ക് കൂടുതലൊന്നും ചെയ്യാനില്ല. ക്ലബ്ബും ഹാലണ്ടും അതുമായി അഡ്ജസ്റ്റാവണം. ഈ സീസണിൽ നന്നായി തന്നെ ഞങ്ങൾ കളിക്കുന്നുണ്ട്,’ ഗുണ്ടോഗൻ പറഞ്ഞു.

കുറച്ച് കളികൾ തോറ്റതിനാൽ തങ്ങളെ എഴുതിതള്ളരുതെന്നും ഇനി സിറ്റിയുടെ ഭാഗത്ത് നിന്ന് അധികം പിഴവുണ്ടാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


അതേസമയം നിലവിൽ 21 മത്സരങ്ങളിൽ നിന്നും 45 പോയിന്റുമായി പ്രീമിയർ ലീഗിൽ രണ്ടാം സ്ഥാനത്താണ് മാൻ സിറ്റി.
ജനുവരി 12ന് ആസ്റ്റൺ വില്ലക്കെതിരെയാണ് ക്ലബ്ബിന്റെ അടുത്ത മത്സരം.

 

Content Highlights:If you score 25 goals in 20 games, you fit into a team”r Ilkay Gundogan replay Jamie Carragher’s comments on Erling Haaland