| Tuesday, 15th March 2022, 4:15 pm

റോളിന്റെ വലുപ്പമൊന്നും എനിക്ക് പ്രശ്‌നമല്ല; ഞാന്‍ ചെയ്ത കഥാപാത്രത്തോട് ദേഷ്യം തോന്നുന്നുണ്ടെങ്കില്‍ അതാണ് ആക്ടിങിന്റെ വിജയം: അബു സലിം

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

വില്ലന്‍ വേഷങ്ങള്‍ ചെയ്ത് മലയാളികള്‍ക്ക് സുപരിചിതനായ താരമാണ് അബു സലിം. 1978ല്‍ പുറത്തിറങ്ങിയ ‘രാജന്‍ പറഞ്ഞ കഥ’ എന്ന സിനിമയിലൂടെ ആണ് അബു സലിം അഭിനയ ലോകത്തേക്ക് എത്തുന്നത്.

തുടര്‍ന്ന് നൂറ്റമ്പതിലധികം സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. അഭിനയിച്ചവയില്‍ കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നു. മലയാളം കൂടാതെ ചില തമിഴ്, തെലുങ്ക്, ഹിന്ദി സിനിമകളിലും അബു സലിം അഭിനയിച്ചിട്ടുണ്ട്.

മമ്മൂട്ടി- അമല്‍ നീരദ് കൂട്ടുകെട്ടിലൊരുങ്ങിയ ഭീഷ്മ പര്‍വ്വമാണ് അബു സലിമിന്റേതായി ഏറ്റവുമൊടുവിലിറങ്ങിയ ചിത്രം. ചിത്രത്തില്‍ ശിവന്‍കുട്ടി എന്ന കഥാപാത്രത്തെയാണ് അബു സലിം അവതരിപ്പിക്കുന്നത്. മമ്മൂട്ടിയുടെ വലംകൈ ആയാണ് ചിത്രത്തില്‍ അബു സലിമെത്തുന്നത്.

ഭീഷ്മ പര്‍വ്വത്തിന്റെ ഷൂട്ടിങ് തുടങ്ങുന്നതിന് രണ്ടുമാസം മുമ്പാണ് അമല്‍ നീരദ് തന്നെ വിളിക്കുന്നതെന്നും ഭീഷ്മ പര്‍വ്വത്തില്‍ ചെറിയ വേഷമല്ല, വലിയ റോളാണ് തനിക്കുള്ളതെന്നും പറഞ്ഞതായി അബു സലിം പറയുന്നു.

‘ചെയ്യുന്ന സിനിമകളിലൊക്കെ എന്തെങ്കിലും ക്രിട്ടിക്കലായിട്ടുള്ള ഒരു സിറ്റ്വേഷനിലായിരിക്കും ഞാനെത്തുക. അതുകൊണ്ട് തന്നെ എന്റെ കഥാപാത്രം പെട്ടെന്ന് ശ്രദ്ധിക്കപ്പെടും, ആ ഒരു ഭാഗ്യമുണ്ടെനിക്ക്. അമല്‍ നീരദുമായി വളരെ നാളായിട്ടുള്ള ബന്ധമാണ്, അന്ന് തന്നെ പുള്ളി പറയും ചേട്ടന് വേഷം തരും അത് ചെറിയ വേഷമായിരിക്കില്ലെന്ന്. ശിവന്‍കുട്ടി എന്ന കഥാപാത്രം എന്നെ മനസില്‍ കണ്ടുകൊണ്ടാണ് എഴുതിയതെന്ന് തിരക്കഥാകൃത്തും പറഞ്ഞിരുന്നു,’ അബു സലിം പറഞ്ഞു.

ചെയ്യുന്ന കഥാപാത്രങ്ങള്‍ക്ക് എത്ര സ്‌ക്രീന്‍ പ്രസന്‍സുണ്ടെന്ന് നോക്കാറില്ലെന്നും ഏത് റോളും ചെയ്യുമെന്നും പറയുകയാണ് താരം.

‘റോളിന്റെ വലുപ്പമൊന്നും എനിക്ക് പ്രശ്‌നമല്ല. ഏത് റോളായാലും ഞാന്‍ ചെയ്തിരിക്കും. ഏത് കഥാപാത്രം കിട്ടിയാലും അത് ചെറുതോ വലുതോ ഇത്ര സീനോ അങ്ങനെയൊന്നും ഞാന്‍ നോക്കാറില്ല. നമുക്ക് തരുന്ന വേഷം ചെയ്ത് ആ ക്യരക്ടറിനെ വിജയിപ്പിക്കണം. ഞാന്‍ ചെയ്ത കഥാപാത്രത്തോട് ദേഷ്യം തോന്നുന്നുണ്ടെങ്കില്‍ അതാണ് ആക്ടിങിന്റെ വിജയം. പണ്ടൊക്കെ എന്നെ സിനിമയില്‍ കാണുമ്പോള്‍ അടിക്കെടാ അവനെ എന്നൊക്കെ ആളുകള്‍ പറയും. ഒരു ആര്‍ട്ടിസ്റ്റിന് ഏറ്റവും കൂടുതല്‍ പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത് വില്ലന്‍ കഥാപാത്രങ്ങളെ ചെയ്യുമ്പോഴാണ്. ഞങ്ങളെ പോലെ വില്ലന്‍ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവര്‍ കോമഡി റോളുകള്‍ ചെയ്താല്‍ ആളുകള്‍ക്ക് പെട്ടെന്ന് ഇഷ്ടപ്പെടും,’ അദ്ദേഹം പറയുന്നു.

സിനിമയില്‍ വന്നിട്ട് 45 വര്‍ഷമായെന്നും എല്ലാ വേഷങ്ങളും ചെയ്യാനാണ് താല്‍പര്യമെന്നും അബു സലിം കൂട്ടിച്ചേര്‍ത്തു.

‘ക്യാരക്ടര്‍ റോളുകളൊക്കെ ചെയ്യാന്‍ എനിക്ക് ഒത്തിരി ഇഷ്ടമാണ്. അച്ഛനായിട്ടോ കാരണവരായിട്ടോയുള്ള ക്യാരക്ടര്‍ വേഷങ്ങള്‍ ചെയ്യണം. വില്ലന്‍ വേഷം എപ്പോഴും എന്റെ കൂടെയുണ്ട്. ഇടക്ക് വേറെ കഥാപാത്രങ്ങളും ചെയ്യണം,’ താരം പറയുന്നു.


Content Highlights: If you’re getting angry with the character that I did, that’s the success of acting: Abu Salim

We use cookies to give you the best possible experience. Learn more