തല്ലുമാലയും രോമാഞ്ചവും എത്ര ദിവസം തിയേറ്ററിലോടി? നല്ല സിനിമ ചെയ്താല്‍ തിയേറ്ററില്‍ ആള് വരും, പ്രസ് മീറ്റ് നടത്തി വിവാദമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല: ആസിഫ് അലി
നല്ല സിനിമകള്‍ ചെയ്താല്‍ തീര്‍ച്ചയായും തിയേറ്ററുകളിലേക്ക് ആളുകള്‍ വരുമെന്ന് നടന്‍ ആസിഫ് അലി. അതിനുവേണ്ടി ഇതുപോലെ പ്രസ് മീറ്റ് നടത്തി വിവാദമുണ്ടാക്കേണ്ട കാര്യമൊന്നുമില്ലെന്നും ആസിഫലി പറഞ്ഞു. 2018 സിനിമയുടെ പ്രമോഷന്റെ ഭാഗമായി മൈല്‍സ്‌റ്റോണ്‍മേക്കഴ്‌സിന് നല്‍കിയ അഭിമുഖത്തിലാണ് ആസിഫലി ഇക്കാര്യം പറഞ്ഞത്.
‘നല്ല സിനിമകള്‍ ചെയ്താല്‍ ആളുകള്‍ തിയേറ്ററില്‍ വന്ന് സിനിമ കാണും. ആളുകള്‍ തിയേറ്ററില്‍ വന്ന് സിനിമ കാണാത്തത് അവര്‍ക്ക് സിനിമ എന്റര്‍ടെയ്ന്‍ഡ് ആകില്ല എന്ന തോന്നലുകൊണ്ടാണ്. നല്ല സിനിമകള്‍ ചെയ്യാന്‍ ശ്രമിക്കുക. അപ്പോള്‍ ആളുകള്‍ വരും. അത് നല്ല രീതിയില്‍ മാര്‍ക്കറ്റ് ചെയ്യുകയും വേണം. ആളുകള്‍ക്ക് സിനിമ കാണാനുള്ള ഒരു ക്യുരിയോസിറ്റി ഉണ്ടാക്കിക്കൊടുക്കുക. അങ്ങനെയാകുമ്പോള്‍ തിയേറ്ററിലേക്ക് ആളുകള്‍ വരും.
പണ്ട് നമ്മള്‍ തിയേറ്ററിലായിരുന്നു സിനിമ കണ്ടിരുന്നത്. പിന്നീടത് സി.ഡിയും ടെലിവിഷനുമായി. ഇപ്പോള്‍ അത് മാറി ഒ.ടി.ടിയും വന്നു. അതുകൊണ്ടു തന്നെ അന്താരാഷ്ട്ര സിനിമകളുമായിട്ടാണ് നമ്മുടെ സിനിമകള്‍ താരതമ്യം ചെയ്യുന്നത്. അന്താരാഷ്ട്ര തലത്തിലുള്ള സിനിമകളുടെ കൂടെയാണ് നമ്മുടെ സിനിമകള്‍ ഇറങ്ങുന്നത്. അത്രയും സാങ്കേതിക മികവുള്ള സിനിമകളുടെ കൂടെയാണ്. അത് കാണുന്ന പ്രേക്ഷകന്റെ മുന്നിലേക്ക്, നമ്മള്‍ മലയാളികളാണ്, നിങ്ങള്‍ ആദ്യം ഇത് കാണൂ എന്ന് പറഞ്ഞ് ഒരു സിനിമ ഇറക്കാന്‍ പറ്റില്ല. ആ കണ്ടന്റിന് തുല്യമായിട്ടുള്ള സിനിമകള്‍ ചെയ്യുക. അത് ബഡ്ജറ്റിന്റെയോ പ്രൊജക്ടിന്റെയോ വലിപ്പം നോക്കിയിട്ടല്ല. പ്രേക്ഷകര്‍ക്ക് ഒരു എക്‌സൈറ്റ്‌മെന്റ് നല്‍കാന്‍ പറ്റണം.
ഒരുപാട് നാള്‍ തിയേറ്ററില്‍ ആളില്ലാത്തൊരു ഘട്ടത്തിലാണ് തല്ലുമാല തിയേറ്ററിലെത്തുന്നത്. അത് വലിയ ഹിറ്റായി. അതെന്ത് കൊണ്ടാണ്? ആളുകള്‍ക്ക് ഒരു പുതുമ ഫീല്‍ ചെയ്തത് കൊണ്ടാണ്. തല്ലുമാല വലിയൊരു സിനിമയായിരുന്നു എന്ന് പറയുകയാണെങ്കില്‍ രോമാഞ്ചമെടുക്കാം. രോമാഞ്ചം ഒരു കുഞ്ഞുപടമായിരുന്നു. അത് എത്ര ദിവസം തിയേറ്ററിലോടി. അപ്പോള്‍ നല്ല സിനിമ ചെയ്താല്‍ തീര്‍ച്ചയായും തിയേറ്ററില്‍ ആളുകള്‍ വരും. അതിന് ഇത്ര വലിയ പ്രസ്മീറ്റ് നടത്തി വിവാദമുണ്ടാക്കേണ്ട കാര്യമൊന്നുമില്ല. നമ്മള്‍ ചെയ്യുന്ന പ്രൊഡക്ട് നന്നാക്കുക. അതിന് വേണ്ടി മാക്‌സിമം എഫേര്‍ട്ട് എടുക്കുക’ ആസിഫ് അലി പറഞ്ഞു.
പ്രളയത്തെ ആസ്പദമാക്കി ജൂഡ് ആന്തണി ജോസഫ് രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് 2018. ടൊവിനോ തോമസ്, കുഞ്ചാക്കോ ബോബന്‍, വിനീത് ശ്രീനിവാസന്‍, അപര്‍ണ ബാലമുരളി അടക്കമുള്ള വമ്പന്‍ താരനിര ഉള്‍ക്കൊള്ളുന്ന ചിത്രത്തില്‍ ആസിഫ് അലിയും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
CONTENT HIGHLIGHS; If you make a good film, people will come to the theater, there is no need to hold a press meet and create controversy: Asif Ali