ലക്‌നൗ: ഉത്തര്‍പ്രദേശിലെ കനത്ത തോല്‍വി പാര്‍ട്ടിയെ തളര്‍ത്തില്ലെന്ന് ആര്‍.എല്‍.ഡി നേതാവ് ജയന്ത് ചൗധരി. പരാജയം അറിഞ്ഞില്ല എന്നാല്‍ ഒരു വ്യക്തി ജീവിച്ചിട്ടില്ല എന്നാണര്‍ത്ഥം എന്നും പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തു കൊണ്ടുള്ള വീഡിയോയില്‍ ജയന്ത് പറയുന്നു.
17ാമത് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എസ്.പി-ബി.എസ്.പി എന്നിവരോടൊപ്പം സഖ്യം ചേര്‍ന്നാണ് ആര്‍.എല്‍.ഡി തെരഞ്ഞെടുപ്പിനെ നേരിട്ടത്. മുതിര്‍ന്ന ആര്‍.എല്‍.ഡി നേതാവ് അജിത് സിങിന്റെ മകനാണ് ഉത്തര്‍പ്രദേശിലെ ഭാഗ്പതില്‍ നിന്ന് മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥിയായി മത്സരിച്ച ജയന്ത് ചൗധരി. ബി.ജെ.പിയുടെ സിറ്റിങ് എം.പി സത്യപാല്‍ സിങിനോടാണ് ജയന്ത് പരാജയപ്പെട്ടത്.
‘ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബി.ജെ.പി വലിയ വിജയമാണ് നേടിയത്. തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.പിമാര്‍ക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും എന്റെ അഭിനന്ദനങ്ങള്‍. തെരഞ്ഞെടുക്കപ്പെട്ട പുതിയ എം.പിമാര്‍ രാജ്യത്തെ കര്‍ഷകര്‍ക്ക് വേണ്ടിയും, പാവപ്പെട്ടവര്‍ക്ക് വേണ്ടിയും പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. രാജ്യം കെട്ടപ്പടുത്തുന്നതിന് നമ്മള്‍ ചെയ്യേണ്ടത് നമ്മള്‍ തുടര്‍ന്നും ചെയ്യും’- ജയന്ത് പറയുന്നു.
‘ആര്‍.എല്‍.ഡിയുടെ യുവപ്രവര്‍ത്തകര്‍ക്ക് എനിക്ക് നല്‍കാനുള്ള സന്ദേശം ഇതാണ്, പരാജയം രുചിച്ചിട്ടില്ലാത്ത ഒരു വ്യക്തി എന്നാല്‍ ഇതു വരെ ജീവിച്ചിട്ടില്ലാത്ത ഒരു വ്യക്തിയാണ്. ഇതില്‍ നിന്ന് പാഠം ഉള്‍ക്കൊണ്ട് നാം സ്വയം നവീകരിക്കണം. ഞാന്‍ നിരാശനല്ല, കര്‍ഷകരുടെ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള നമ്മുടെ പോരാട്ടം തുടരുമെന്ന് ഞാന്‍ നിങ്ങള്‍ക്ക് ഉറപ്പു തരുന്നു’- ജയന്ത് കൂട്ടിച്ചേര്‍ത്തു.
ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80ല്‍ 62 സീറ്റുകളും നേടിയത് ബി.ജെ.പിയായിരുന്നു. 12 സീറ്റുകള്‍ ബി.എസ്.പി നേടിയപ്പോള്‍ എസ്.പി നേടിയത് അഞ്ചു സീറ്റുകളാണ്. എന്നാല്‍ മൂന്ന് സീറ്റുകളില്‍ മത്സരിച്ച ആര്‍.എല്‍.ഡിയ്ക്ക് എവിടേയും വിജയിക്കാനായില്ല.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് തനിച്ച് മത്സരിച്ചത് സംസ്ഥാനത്ത് ബി.ജെ.പിക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.ഉത്തര്‍പ്രദേശില്‍ ഒമ്പത് മണ്ഡലങ്ങളില്‍ കോണ്‍ഗ്രസ് നേടിയ വോട്ട് ബി.ജെ.പി സ്ഥാനാര്‍ഥി നേടിയ ഭൂരിപക്ഷത്തെക്കാള്‍ ഒരുപാട് കൂടുതലാണെന്ന് കണക്കുകളില്‍ നിന്ന് വ്യക്തമാണ്. കോണ്‍ഗ്രസിന് ഒരു സീറ്റ് മാത്രമാണ് സംസ്ഥാനത്ത് നേടാനായത്.