ന്യൂദല്‍ഹി: 2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം ഇന്ത്യയുടെ പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ ആദ്യമായി ചെയ്യാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ എന്തെല്ലാമെന്ന ചോദ്യത്തിന് മറുപടിയുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഹിന്ദുസ്ഥാന്‍ ടൈംസിന് അനുവദിച്ച അഭിമുഖത്തിലായിരുന്നു രാഹുലിന് നേരെ ഈ ചോദ്യം ഉയര്‍ന്നത്.
തന്നെ പ്രധാനമന്ത്രിയാക്കണോ എന്നത് ഇന്ത്യയിലെ ജനങ്ങള്‍ തീരുമാനിക്കേണ്ട കാര്യമാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു രാഹുല്‍ മറുപടി പറഞ്ഞുതുടങ്ങിയത്.
”അങ്ങനെ ഒരു അവസരം ലഭിച്ചാല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയെ നേരായ ദിശയില്‍ എത്തിക്കുക എന്നതായിരിക്കും ആദ്യം ചെയ്യുന്ന കാര്യം. അതിന് ശേഷം കര്‍ഷകരുടേയും തൊഴിലാളികളുടേയും ദുരിതങ്ങള്‍ ഇല്ലാതാക്കാനുള്ള എല്ലാ നടപടികളും സ്വീകരിക്കും. അടുത്തത് യുവാക്കള്‍ക്ക് തൊഴില്‍ നല്‍കുന്നതുമായി ബന്ധപ്പെട്ടാണ്. അവര്‍ക്ക് തൊഴിലുകള്‍ നല്‍കുകയും ഭാവിയിലേക്കുള്ള അവരുടെ വഴി മികച്ചതാക്കുകയുകയുമാണ് പ്രധാന ലക്ഷ്യം.”- രാഹുല്‍ പറഞ്ഞു.
ഓരോ തെരഞ്ഞെടുപ്പിലും പാക്കിസ്ഥാന്‍ ഒരു രാഷ്ട്രീയ പ്രശ്‌നമായി മാറുന്നത് എന്തുകൊണ്ടാണെന്ന് നിങ്ങള്‍ ചിന്തിച്ചിട്ടുണ്ടോ? ചില സമയങ്ങളില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് പാകിസ്താനി അംബാസിഡറുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്ന് വരെ പറയും. ചിലപ്പോഴൊക്കെ നിങ്ങളെ കുറ്റാരോപിതരാകും.
2014 ലെ തെരഞ്ഞെടുപ്പില്‍ മോദി പറഞ്ഞ കാര്യങ്ങള്‍ നിങ്ങള്‍ ഓര്‍ക്കുന്നുണ്ടോ? നാല് പ്രധാനപ്പെട്ട വാഗ്ദാനങ്ങളായിരുന്നു അദ്ദേഹം നല്‍കിയത്. ഓരോ ഇന്ത്യന്‍ പൗരന്റേയും അക്കൗണ്ടില്‍ 15 ലക്ഷം രൂപ ഇടുമെന്നായിരുന്നു അതിലൊന്ന്. ഓരോ വര്‍ഷവും രണ്ട് കോടി ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുമെന്ന് അടുത്തത്.
മൂന്നാമത്തേത് കര്‍ഷകര്‍ക്ക് അവരുടെ ഉല്‍പ്പാദനച്ചെലവിന്റെ 50 ശതമാനം ലാഭം ലഭിക്കുമെന്നായിരുന്നു. നാലാമത്തേത് അധികാരത്തിലെത്തി 100 ദിവസത്തിനുള്ളില്‍ 80 ലക്ഷം കോടി രൂപയുടെ കള്ളപ്പണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവരുമെന്നും. ഈ നാല് വാഗ്ദാനങ്ങളും മോദി പാലിച്ചില്ല. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ജനങ്ങളുടെ ശ്രദ്ധ മറ്റു കാര്യങ്ങളിലേക്ക് തിരിച്ചുവിടുന്നത്. പാക്കിസ്ഥാന്‍ രാഷ്ട്രീയ വിഷയമാകുന്നതും അതുകൊണ്ട് തന്നെ. തെരഞ്ഞെടുപ്പു വാഗ്ദാനമായി പറഞ്ഞ കാര്യങ്ങളില്‍ ഒന്നുപോലും നടപ്പില്‍ വരുത്താന്‍ സാധിക്കാതിരുന്ന ഏക പ്രധാനമന്ത്രി മോദി മാത്രമാണെന്നും രാഹുല്‍ പറഞ്ഞു.