ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമില്ലെങ്കില്‍ തിരിച്ച് പോകണം; വിക്കിപീഡിയക്ക് കോടതിയുടെ അന്ത്യശാസനം
national news
ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമില്ലെങ്കില്‍ തിരിച്ച് പോകണം; വിക്കിപീഡിയക്ക് കോടതിയുടെ അന്ത്യശാസനം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 6th September 2024, 9:17 am

ന്യൂദല്‍ഹി: ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് തിരിച്ച് പോവാമെന്ന് വിക്കിപീഡിയക്ക് താക്കീത് നല്‍കി ദല്‍ഹി ഹൈക്കോടതി. ഇന്ത്യയില്‍ കൃത്യമായി പ്രവര്‍ത്തിച്ചില്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുമെന്നും കോടതി വ്യക്തമാക്കി.

വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതി പരാമര്‍ശം. എ.എന്‍.ഐക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം എഡിറ്റ് ചെയ്തതുമായി ബന്ധപ്പെട്ട കേസിലെ കോടതി ഉത്തരവ് വിക്കിപീഡിയ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി.

കോടതി ഉത്തരവ് മുഖവുരയ്‌ക്കെടുക്കാത്ത വിക്കിപീഡിയക്ക് ജസ്റ്റിസ് നവീന്‍ ചൗള അധ്യക്ഷനായ ബെഞ്ച് കോടതിയലക്ഷ്യ നോട്ടീസ് അയച്ചു.

അതേസമയം സ്വതന്ത്രമായി പ്രവര്‍ത്തിക്കുന്ന പ്ലാറ്റ്‌ഫോമാണ് വിക്കിപീഡിയ. അതിനാല്‍ തന്നെ ഏതൊരാള്‍ക്കും വിവരങ്ങള്‍ എഡിറ്റ് ചെയ്യാന്‍ കഴിയുമെന്നുള്ളതിനാല്‍ വിക്കിപീഡിയയിലെ വസ്തുതകള്‍ കൃത്യമായ പരിശോധനകള്‍ക്ക് വിധേയമാക്കി മാത്രമേ അക്കാദമികമായ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ ഉപയോഗിക്കാന്‍ പാടുള്ളൂ എന്ന കാര്യവും നിലനില്‍ക്കുന്നുണ്ട്.

എ.എന്‍.ഐയുടെ വിക്കിപീഡിയ പേജില്‍ വിവാദപരമായ മാറ്റങ്ങള്‍ വരുത്തിയ ആളുകളുടെ വിവരം വെളിപ്പെടുത്താന്‍ കോടതി ഉത്തരവിട്ടിരുന്നു. എന്നാല്‍ എഡിറ്റ് ചെയ്ത ആളുകളുടെ വിവരം വിക്കിപീഡിയ വെളിപ്പെടുത്താതിരുന്നതിനെ തുടര്‍ന്നാണ് കോടതിയുടെ പരാമര്‍ശം.

എന്നാല്‍ വിക്കിപീഡിയയുടെ ഭാഗത്ത് നിന്നും കോടതി ഉത്തരവിന് മറുപടി ഒന്നും ലഭിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന് ‘നിങ്ങളുടെ ബിസിനസ്സ് ഇടപാടുകള്‍ ഇവിടെ അവസാനിപ്പിക്കും. നിങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നത് ഇഷ്ടമല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിച്ച് പോവാം. അല്ലെങ്കില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടും,’ ഹൈക്കോടതി വ്യക്തമാക്കി.

കേസുമായി ബന്ധപ്പെട്ട് രണ്ട് കോടി രൂപ നഷ്ടപരിഹാരവും വിവാദപരമായ എഡിറ്റുകള്‍ നീക്കം ചെയ്യാനും വിക്കിപീഡിയയോട് ഉത്തരവിടാന്‍ എ.എന്‍.ഐ കോടതിയോട് അഭ്യര്‍ത്ഥിക്കുകയും ചെയ്തിരുന്നു.

അതേസമയം വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐയുടെ വിശ്വാസ്യയോഗ്യത പലപ്പോഴായി ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന് അനുകൂലമായി വാര്‍ത്തകള്‍ നല്‍കുന്നുവെന്ന ആരോപണങ്ങളും ഉണ്ടായിട്ടുണ്ട്. കേന്ദ്രസര്‍ക്കാരിന്റെ പ്രചരണ ടൂളാണ് എ.എന്‍.ഐ എന്നും വ്യാജ വാര്‍ത്താ ശൃംഖലയായി എ.എന്‍.ഐ പ്രവര്‍ത്തിക്കുന്നെന്ന് തുടങ്ങി നിരവധി റിപ്പോര്‍ട്ടുകള്‍ എ.എന്‍.ഐക്കെതിരെ വന്നിരുന്നു. 2019ലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് സമയത്തടക്കം നിരവധി പ്രസ്താവനകള്‍ എ.എന്‍.ഐ ബിസിനസ്സ് സംരഭമായ ശ്രീവാസ്തവ ഗ്രൂപ്പുമായി ചേര്‍ന്ന് കേന്ദ്രസര്‍ക്കാരിന് അനുകൂലമായി പ്രചരിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

നേരത്തേയും കോടതി ഉത്തരവുകളോട് വിക്കിപീഡിയ അനാസ്ഥ കാണിച്ചിരുന്നതായും കോടതി പറഞ്ഞു. സമാനമായ പല കേസുകളിലും വിക്കിപീഡിയയുടെ വാദങ്ങളെക്കുറിച്ചും കോടതിയുടെ പരാമര്‍ശം ഉണ്ടായിരുന്നു.

കേസുമായി ബന്ധപ്പെട്ട വാദം ഒക്ടോബര്‍ 25ലേക്ക് ഷെഡ്യൂള്‍ ചെയ്തതായും വിക്കിപീഡിയയുടെ പ്രതിനിധി ഹാജരകണമെന്നും കോടതി അറിയിച്ചു. ഇന്ത്യന്‍ സ്ഥാപനമല്ലാത്തതിനാല്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന് വിക്കിപീഡിയയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടു.

Content Highlight: If you dont like working in india, go back; delhi highcourt utlimutum to wikipedia