| Friday, 9th December 2022, 3:08 pm

നിങ്ങൾക്ക് മെസിയെ ഇഷ്ടമല്ലെങ്കിൽ അതിനർത്ഥം ഫുട്ബോളിനെ ഇഷ്ടമല്ലെന്നാണ്; മുൻ റയൽ മാഡ്രിഡ്‌ താരം

സ്പോര്‍ട്സ് ഡെസ്‌ക്

ഖത്തർ ലോകകപ്പിലെ ആവേശകരമായ പോരാട്ടങ്ങൾ ക്വാർട്ടർ ഫൈനൽ സ്റ്റേജിലേക്ക് പ്രവേശിച്ചിരിക്കുകയാണ്.
ക്വാർട്ടർ ഫൈനലിലെ ആദ്യ മത്സരത്തിൽ ബ്രസീൽ-ക്രൊയേഷ്യയെ നേരിടുമ്പോൾ രണ്ടാം മത്സരത്തിൽ അർജന്റീനയുടെ എതിരാളികൾ നെതർലാൻഡ്സാണ്.

ക്വാർട്ടർ മത്സരങ്ങൾ ആരംഭിക്കുന്നതിന് മുമ്പ് തന്നെ പല ഫുട്ബോൾ ഇതിഹാസങ്ങളും, പ്ലെയേഴ്സും, ഫുട്ബോൾ വിദഗ്ധരും ക്വാർട്ടർ ഫൈനലിൽ എത്തിയ ടീമുകളെ പറ്റിയും കളിക്കാരെ പറ്റിയും അഭിപ്രായങ്ങളുമായി രംഗത്തെത്തിയിരുന്നു.

ഇപ്പോൾ മെസിയെകുറിച്ചുള്ള തന്റെ അഭിപ്രായവുമായി എത്തിയിരിക്കുകയാണ് ജോർഗെ വൽഡാനോ.

റയൽ മാഡ്രിഡിന്റെയും അർജന്റീനയുടെയും മുൻ താരവും റയലിന്റെ മുൻ പരിശീലകനുമായിരുന്ന താരം റയൽ മാഡ്രിഡിന്റെ ജനറൽ മാനേജറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.

ഫുട്ബോളിന്റെ താത്വികാചാര്യൻ എന്നും വിളിപ്പേരുള്ള അദ്ദേഹം നിലവിൽ പ്രശസ്ത സ്പോർട്സ് മാധ്യമമായ ബെയ്ൻ സ്പോർട്സ് നെറ്റ്‌വർക്കിൽ കമന്റെറ്ററായി പ്രവർത്തിക്കുകയാണ്.

“നിങ്ങൾക്ക് മെസിയെ ഇഷ്ടമല്ലെങ്കിൽ അതിനർത്ഥം നിങ്ങൾ ഫുട്ബോളിനെയും ഇഷ്ടപെടുന്നില്ലെന്നാണ്,’ അദ്ദേഹം പറഞ്ഞു.


“അദ്ദേഹത്തിന് വ്യത്യസ്ത പൊസിഷനുകളിൽ കളിക്കാനുള്ള ശേഷിയുണ്ട്. കളിയിൽ ഏറ്റവും ആവശ്യമുള്ള സമയങ്ങളിൽ ഒരു റോളിൽ നിന്നും മറ്റൊരു റോളിലേക്ക് ചുവട് മാറാൻ അസാമാന്യ പ്രതിഭയുള്ള കളിക്കാരനാണ് അദ്ദേഹം,’ വൽഡാനോ കൂട്ടിച്ചേർത്തു.

ഗാർഡിയന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മെസിയെ പറ്റിയുള്ള അഭിപ്രായങ്ങൾ പങ്കുവെച്ചത്.


മെസിയെക്കുറിച്ച് മികച്ച അഭിപ്രായം പറയുന്ന ആദ്യ റയൽ മാഡ്രിഡുകാരനല്ല വൽഡാനോ. മുമ്പ് റയൽ മാഡ്രിഡ്‌ ഇതിഹാസ താരമായിരുന്ന റൗൾ ഗോൺസാലസും മെസിയുടെ കളിയെ പ്രകീർത്തിച്ച് രംഗത്തെത്തിയിരുന്നു.

“പല ഇതിഹാസങ്ങൾക്കൊപ്പവും കളിക്കാൻ എനിക്ക് ഭാഗ്യം ലഭിച്ചിട്ടുണ്ട്. അതിൽ സിദാനുണ്ട്, റൊണാൾഡോയുണ്ട്, ഫീഗോയുണ്ട്, ക്രിസ്റ്റ്യാനോയുണ്ട് എന്നാൽ മെസിക്കൊപ്പം കളിക്കുന്നത് വ്യത്യസ്തമായ അനുഭവമാണ്. അദ്ദേഹം കളിക്കളത്തിൽ വളരെ ഈസിയായി, അനായാസത്തോടെ കളിക്കുകയാണ് എന്നാണ് നമുക്ക് തോന്നുക.

നിങ്ങൾ അദ്ദേഹത്തിന്റെ കളി ശ്രദ്ധിച്ചാൽ മനസ്സിലാകും തെരുവിൽ കൂട്ടുകാർക്കൊപ്പം പന്ത് തട്ടുന്നത് പോലെയാണ് അദ്ദേഹം മൈതാനത്ത് കളിക്കുക. അദ്ദേഹത്തിന്റെ കളി കാണും മുമ്പ് റോബർട്ടോ ബാഗിയോ, റയാൻ ഗിഗ്ഗ്സ് എന്നിവരെയായിരുന്നു ഞാൻ മികച്ച കളിക്കാരായി കണ്ടിരുന്നത്,’ റൗൾ പറഞ്ഞു.

വെള്ളിയാഴ്ചത്തെ മത്സരത്തിൽ ക്രൊയേഷ്യയെ തകർത്ത് ബ്രസീലും ശനിയാഴ്ചത്തെ മത്സരത്തിൽ നെതർലാൻഡ്സിനെ തകർത്ത് അർജന്റീനയും സെമി പ്രവേശനം ഉറപ്പാക്കിയാൽ ഇരു ടീമുകളും തമ്മിലായിരിക്കും സെമി ഫൈനൽ പോരാട്ടം.

Content Highlights:If you don’t like Messi it means you don’t like football; Former Real Madrid player

We use cookies to give you the best possible experience. Learn more