ദല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് ഡിപ്പാര്‍ട്ട്‌മെന്റിലെ അധ്യാപകനും അറിയപ്പെടുന്ന മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഹാനി ബാബുവിനെ എന്‍.ഐ.എ അറസ്റ്റ് ചെയ്തത് വിവാദമാകുകയാണ്. ഈ പശ്ചാത്തലത്തില്‍ 2019 സെപ്തംബറില്‍ അദ്ദേഹത്തെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘം എത്തിയതിനു ശേഷം ദ കാരവന് അദ്ദേഹം നല്‍കിയ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങള്‍
സെപ്തംബര്‍ പത്തിന് താങ്കളുടെ വീട്ടില്‍ എന്താണ് സംഭവിച്ചത്? താങ്കള്‍ ഇത് മുന്‍കൂട്ടി പ്രതീക്ഷിച്ചിരുന്നോ?
ഹനി ബാബു: സെപ്തംബര്‍ പത്തിന് രാവിലെ എന്റെ വീട്ടില്‍ ഒരു കൂട്ടം ആളുകളെത്തി. അവര്‍ ഏകദേശം എന്നെ വിളിച്ചുണര്‍ത്തുകയായിരുന്നു. എന്നിട്ട് പൊലീസാണെന്നും അവരോടൊപ്പം പൂനൈയില്‍ നിന്നും കുറച്ചുപേര്‍ വന്നിട്ടുണ്ടെന്നും പറഞ്ഞു. പൂനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസിന്റെ ഭാഗമായി എന്റെ വീട് സെര്‍ച്ച് ചെയ്യണമെന്നായിരുന്നു അവര്‍ ആവശ്യപ്പെട്ടത്. പൂനെയില്‍ രജിസ്റ്റര്‍ ചെയ്ത കേസെന്നു പറഞ്ഞാല്‍ എല്‍ഗാര്‍ പരിഷദ് ഭീമാ കൊറേഗാവന്‍ കേസ്.
എനിക്ക് കേസുമായി ബന്ധപ്പെട്ട് എന്തെങ്കിലും അറിയാമോ എന്നവര്‍ ചോദിച്ചു. കേസിനെക്കുറിച്ച് ഒന്നും അറിയില്ലെന്നും സംഭവവുമായി ബന്ധപ്പെട്ട് ചിലരെയെല്ലാം അറസ്റ്റ് ചെയ്തിട്ടുണ്ടെന്ന് അറിയാമെന്നും ഞാന്‍ പറഞ്ഞു. എന്റെ വീട് പരിശോധിക്കണമെന്നാണ് പിന്നീട് അവര്‍ ആവശ്യപ്പെട്ടത്. അതവര്‍ നടത്തുകയും ചെയ്തു. അവര്‍ ഇലക്ട്രോണിക് ഡിവൈസുകളായിരുന്നു നോക്കുന്നത്. അവരെന്റെ ലാപ്‌ടോപ്പും മൊബൈലും എല്ലാ പെന്‍ഡ്രൈവുകളും ഹാര്‍ഡ് ഡിസ്‌കും പിടിച്ചെടുത്തു. എന്റെ ഇമൈല്‍ ഐ.ഡി ബ്ലോക്ക് ചെയ്യുകയും ചെയ്തു.
അവര്‍ക്ക് പുസ്തകങ്ങളും പരിശോധിച്ചു. എല്ലാ ബുക്ക്ഷല്‍ഫുകളും അവര്‍ വിശദമായി നിരീക്ഷിച്ചു. എല്ലാ പുസ്തകത്തിന്റെയും പേരായിരുന്നു അവര്‍ നോക്കുന്നത്. നമ്മുടെ വീട്ടില്‍ എത്തി ബാഗ് തുറന്ന് എന്തെങ്കിലും ഒളിച്ച് വെച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് പോലെയായിരുന്നില്ല. അവര്‍ക്ക് ചില പേരുകളിലുള്ള പുസ്തകങ്ങളും ഇലക്ട്രോണിക് ഡിവൈസുകള്‍ പിടിച്ചെടുക്കുന്നതിലുമാണ് താത്പര്യം എന്ന് വ്യക്തമായിരുന്നു.
അവര്‍ മാറ്റിവെച്ച രണ്ട് പുസത്കങ്ങള്‍ ജി.എന്‍ സായിബാബയുടെ പ്രതിരോധ കമ്മിറ്റിയുമായി ബന്ധപ്പെട്ടതായിരുന്നു. രണ്ട് ലഘുലേഖകള്‍ ഉണ്ടായിരുന്നു. ഒന്ന്(പുസ്തകം) ‘മാവോയിസ്റ്റുകളെ മനസിലാക്കുക’ എന്ന എന്‍.വേണുഗോപാലിന്റേതും മറ്റൊന്ന് യളര്‍വതി നവീന്‍ ബാബു എഴുതിയ ‘വര്‍ണ ടു ജാതി: പൊളിറ്റിക്കല്‍ എക്കണോമി ഓഫ് കാസ്റ്റ് ഇന്‍ ഇന്ത്യന്‍ സോഷ്യല്‍ ഫോര്‍മേഷന്‍’ എന്നതുമായിരുന്നു. സത്യത്തില്‍ അവരെന്തിനാണ് ഇതെല്ലാം എടുക്കുന്നത് എന്നാലോചിച്ച് ഞാന്‍ അത്ഭുതപ്പെട്ടു. നവീന്‍ ബാബു അറിയപ്പെടുന്ന പേരാണ് എന്നത് പിന്നീട് ഞാന്‍ മനസിലാക്കി.
അതുകൊണ്ട് തന്നെ എനിക്ക് അത്തരത്തിലുള്ള എന്തെങ്കിലും ബന്ധങ്ങളുണ്ടോ എന്നായിരുന്നു അവര്‍ അന്വേഷിക്കുന്നത് എന്നത് വ്യക്തമായിരുന്നു. ഞാന്‍ അവരോട് എതിര്‍ത്ത് ചോദിച്ചു എന്ത് കൊണ്ട് നിങ്ങള്‍ക്ക് എന്റെ കൈവശമുള്ള പുസ്തകങ്ങളുടെ ഫോട്ടോ എടുത്തുകൂടാ?. എന്ത് കൊണ്ടാണ് നിങ്ങള്‍ എന്റെ പക്കലുള്ള ഈ രണ്ട് പുസ്തകങ്ങള്‍ തെരഞ്ഞെടുത്ത് കണ്ടുകെട്ടുന്നത് എന്നൊക്കെ. ഇവ നിരോധിക്കപ്പെട്ട പുസ്തകങ്ങളല്ല, ഈ പുസ്തകങ്ങള്‍ നിങ്ങള്‍ എവിടെ നിന്നും ലഭിക്കുമെന്നും അവരോട് പറഞ്ഞു. ഇത് ഞങ്ങള്‍ സ്വതന്ത്രമായി വിതരണം ചെയ്ത പ്രതിരോധ സമിതിയുടെ ലഘുലേഖകളാണ്. ഇതെന്തിനാണ് നിങ്ങളെടുക്കുന്നത്. ഇതില്‍ നിന്നും അവരെന്താണ് ഉദ്ദേശിക്കുന്നത്് എന്നത് വ്യക്തമായിരുന്നു.
താങ്കളെ ലക്ഷ്യംവെച്ചതായി എന്തുകൊണ്ടാണ് കരുതുന്നത്?. സായ്ബാബയുടെ പ്രതിരോധ കമ്മിറ്റിയുമായി ബന്ധപ്പെട്ട് താങ്കള്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്ക് ഇതുമായി ബന്ധമുണ്ടെന്ന് കരുതുന്നുണ്ടോ?
ഇതൊരു ഒറ്റപ്പെട്ട സംഭവമായി ഞാന്‍ കരുതുന്നില്ല. സാമൂഹിക രാഷ്ട്രീയ മേഖലകളിലും പ്രത്യേക പ്രത്യയശാസ്ത്രങ്ങളിലും സജീവമായ ആളുകള്‍ക്കെതിരെ മോശമായ പ്രചരണം നടത്തുക എന്നത് വളരെക്കാലമായി ഇവിടെ തുടരുന്നതാണ്. അതുകൊണ്ട് തന്നെ ഇത് ഭയപ്പെടുത്തുന്നതിനുള്ള വ്യക്തമായ തന്ത്രങ്ങളാണ്. ‘ ഞാന്‍ എന്താണ് ചെയ്യുന്നത് എന്ന് നിങ്ങള്‍ക്കറിയാന്‍ താത്പര്യമുണ്ടെങ്കില്‍ നിശ്ചയമായും എന്റെ മേല്‍ നിരീക്ഷണം നടത്താന്‍ നിങ്ങള്‍ക്ക് നിരവധി വഴികളുണ്ട്’ എന്ന് ഞാന്‍ അവരോട് പറഞ്ഞു.
പെഗാസസ് പുറത്തുവരുന്നതിനും മുന്‍പായിരുന്നു അത്. (2019 ഒക്ടോബര്‍ അവസാനത്തില്‍ സര്‍ക്കാര്‍ ഏജന്‍സികളുമായും അതിന്റെ അനുബന്ധ സ്ഥാപനങ്ങളുമായും മാത്രം ഇടപെടുന്ന ഇസ്രയേലി കമ്പനിയായ എന്‍.എസ്.ഒ ഗ്രൂപ്പ് മാധ്യമപ്രവര്‍ത്തകരെയും മനുഷ്യാവകാശ പ്രവര്‍ത്തകരെയും നീരീക്ഷിക്കുന്നതിനായി പെഗാസസ് ഓണ്‍ എന്നു പേരുള്ള ഒരു സ്‌പൈവെയര്‍ ഉപയോഗിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു.) പക്ഷേ ഞങ്ങള്‍ നിരീക്ഷണത്തിലായിരുക്കുമെന്ന വിവരം നേരത്തെ തന്നെ ഞങ്ങള്‍ക്ക് അറിയാമയിരുന്നു.
നിങ്ങളെന്റെ ലാപ്‌ടോപ്പും, മൊബൈല്‍ ഫോണും കണ്ടുകെട്ടുകയാണെങ്കില്‍ അത് ഭീഷണിപ്പെടുത്തുന്നതിനും മേലെയായിരിക്കുമെന്ന് ഞാനവരോട് പറഞ്ഞു. എങ്ങിനെ ഒരു അക്കാദമിക്കിനെ അശക്തനാക്കാമെന്ന് അവര്‍ക്ക് കൃത്യമായി അറിയാം. എന്തെന്നാല്‍ കഴിഞ്ഞ രണ്ട് മൂന്ന് മാസമായി ഞാന്‍ കടന്നു പോകുന്നത് അധ്യാപനത്തിനോ ഗവേഷണത്തിനോ ആവശ്യമായ മെറ്റീരിയല്‍സ് കിട്ടാത്ത ദുരിതാവസ്ഥയിലൂടെയാണ്. ഇത് തടവിലാക്കപ്പെടുന്നതിലും എത്രയോ മടങ്ങ് പ്രയാസകരമായ കാര്യമാണ്.
എന്നെ ഒരാഴ്ച്ചയോ രണ്ടാഴ്ച്ചയോ ഒരുമാസമോ പൂട്ടിയിട്ടിട്ട് അവര്‍ക്ക് ഈ തെരയല്‍ നടത്താം. അത് എത്രയോ ഭേദമായിക്കുമെന്ന് എനിക്ക് ഇപ്പോള്‍ തോന്നുന്നു. ആളുകളെ ഭയപ്പെടുത്താനും നിശബ്ദരാക്കാനുമാണ് ഇത്തരത്തില്‍ അവര്‍ അക്കാദമിക്ക് മേഖലയിലുള്ളവരെ വേട്ടയാടുന്നതെന്ന് വ്യക്തമാണ്.
ഞാന്‍ ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കും ഇതുമായി ബന്ധമുണ്ടാകും. എന്തെന്നാല്‍ അവര്‍ റാന്‍ഡമായി ആരെയും തെരഞ്ഞെടുക്കുകയല്ല ചെയ്യുന്നത്. ഞാന്‍ ചെയ്തുകൊണ്ടിരിക്കുന്ന ജോലികളെല്ലാം വിവേചനം, സാമൂഹിക നീതി സംവരണം തുടങ്ങിയവയുമായി ബന്ധപ്പെട്ടതായിരുന്നു. പക്ഷേ അത് മാത്രം കൊണ്ട് സ്റ്റേറ്റ് ഏജന്‍സികളല്‍ നിന്ന് ഇത്ര ശക്തമായൊരാക്രമണം ഉണ്ടാകില്ല. അത് കൊണ്ട് തന്നെ കൃത്യമായ ഒരു സന്ദേശമാണ് അവര്‍ പറഞ്ഞുവെക്കുന്നത്. നിങ്ങള്‍ ചെയ്തുകൊണ്ടിരിക്കുന്ന കാര്യങ്ങളെക്കുറിച്ചും നിങ്ങളേര്‍പ്പെട്ടിരിക്കുന്ന പ്രവര്‍ത്തിയെക്കുറിച്ചും അതീവ ശ്രദ്ധയുണ്ടായിരിക്കണം എന്നതാണത്.
സംവരണത്തിനപ്പുറം വിദ്യാഭ്യാസത്തിലും വിദ്യാഭ്യാസ നയങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങള്‍ക്കെതിരെയായുള്ള പ്രവര്‍ത്തനങ്ങളിലും ഞാന്‍ ഏര്‍പ്പെട്ടിരുന്നു. ദല്‍ഹി സര്‍വ്വകലാശാലയില്‍ നാല് വര്‍ഷത്തെ ബിരുദ പ്രോഗ്രാം കൊണ്ടുവരാനുള്ള നീക്കമുണ്ടായപ്പോള്‍ ഞങ്ങളില്‍ ചിലര്‍ വളരെ ശക്തമായി എതിര്‍ത്തിരുന്നു. അത് വിജയകരവുമായിരുന്നു. എന്റെ ഒരുപാട് സുഹൃത്തുക്കള്‍ക്കും ഇത് തന്നെയാണ് തോന്നുന്നത്. വിദ്യാഭ്യാസ നയം മാറ്റാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ട്. പക്ഷേ സംസ്ഥാന സര്‍വ്വകലാശാലകളെ പൂര്‍ണമായും തഴയുകയാണ്.
വിദ്യഭ്യാസത്തെ അശക്തമാക്കുന്നതും സംവരണം ഇല്ലാതാക്കാനുമായുള്ള ശ്രമം നടക്കുന്നുണ്ട്. ഇതെല്ലാം സംഭവിക്കുകയും ചെയ്യും. ഒരുപാട് മാറ്റങ്ങള്‍ സംഭവിക്കാന്‍ പോകുകയാണ്. ഒരു പക്ഷേ ഇത് അക്കാഡമിക് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നല്‍കുന്ന ഒരു സന്ദേശമായിരിക്കാം. അവരെന്നെമാത്രമാണ് ആക്രമിക്കുന്നത് എന്നല്ല ഞാന്‍ പറയുന്നത്. നിങ്ങള്‍ ഒരു സര്‍വ്വകലാശാലയിലായിരിക്കുകയും, നിങ്ങള്‍ ഏതെങ്കിലും വിധത്തില്‍ ഭരണകൂട നയങ്ങളെ എതിര്‍ക്കുകയും ചെയ്യുമ്പോള്‍ ആക്രമിക്കപ്പെട്ടേക്കാം.
എനിക്ക് ഇത് സംഭവിക്കുന്നത് ഇപ്പോള്‍ പ്രകടമായി കാണാം. ഭരണകൂടങ്ങളുടെ നയങ്ങള്‍ക്കെതിരെ സംസാരിക്കണോ വേണ്ടയോ എന്നത് എന്റെ സഹപ്രവര്‍ത്തര്‍ ഇപ്പോള്‍ രണ്ട് വട്ടമെങ്കിലും ഇരുന്ന് ആലോചിക്കും. മുന്‍പായിരുന്നെങ്കില്‍ അവര്‍ വളരെ സ്വതന്ത്രമായി സംസാരിച്ചേനെ. ഇപ്പോള്‍ അവര്‍ ആലോചിക്കുന്നത് ‘ എന്ത് തന്നെയായാലും നമ്മളെല്ലാം സര്‍ക്കാര്‍ ജീവനക്കാര്‍ തന്നെയല്ലേ’ എന്നാണ്. ‘ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാണ് എന്നൊരു ചിന്ത സര്‍വ്വകലാശാല അധ്യാപകര്‍ക്കിടയില്‍ ഉണ്ടായിരുന്നില്ല. പക്ഷേ ഇപ്പോള്‍ അവര്‍ ആലോചിക്കുന്നത് തങ്ങള്‍ക്ക് സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ സാധിക്കുമോ എന്നാണ്.’ സിവില്‍ സര്‍വ്വീസ് നിയമങ്ങള്‍ അധ്യാപകര്‍ക്കിടയിലും കൊണ്ടുവരാനുള്ള ശ്രമമാണ് നടക്കുന്നത്. സത്യത്തില്‍ സര്‍വ്വകലാശാല അധ്യാപകര്‍ ഇത്തരം നിയമങ്ങളുടെ കെട്ടുപാടില്‍ നില്‍ക്കുന്നവരല്ല. ഇത് അര്‍ത്ഥമാക്കുന്നത് നിങ്ങള്‍ക്ക് ഭരണകൂടങ്ങളെ വിമര്‍ശിക്കാന്‍ സാധിക്കില്ല എന്നാണ്.
എല്‍ഗാര്‍ പരിഷത്ത് സംബന്ധിച്ചോ ഭീമാ കൊറേഗാവ് സംബന്ധിച്ചോ ആണ് റെയ്ഡ് എങ്കില്‍, അവിടെ യോഗം നടക്കുമ്പോഴോ, അതിനായുള്ള തയ്യാറെടുപ്പുകള്‍ നടക്കുമ്പോഴോ, അതിനുശേഷമോ ഞാനവിടെ ഉണ്ടായിരുന്നില്ല എന്ന് അവര്‍ക്ക് കൃത്യമായി അറിയാം എന്ന് എനിക്ക് ഉറപ്പാണ്. ഞാന്‍ ഇതുമായി ബന്ധപ്പെട്ട യോഗത്തിലോ അതുമായി ബന്ധപ്പെട്ടവരുമായോ ഒരു തരത്തിലും ഇടപെട്ടിട്ടില്ല. അവര്‍ക്കിത് അറിയാമെന്നും എനിക്ക് നന്നായറിയാം.
അറസ്റ്റിലായ ആളുകളുമായി എനിക്കുള്ള കാണുന്ന ഒരേയൊരു ബന്ധം പ്രതിരോധ സമിതിയുമായുള്ള എന്റെ പ്രവര്‍ത്തനങ്ങള്‍ മാത്രമാണ്. അത് തന്നെയാണ് അവര്‍ എന്നോട് ചോദിച്ചതും. ‘ നിങ്ങള്‍ക്ക് സുരേന്ദ്ര ഗാഡ്‌ലിങ്ങിനെ അറിയുമോയെന്ന്’. സുരേന്ദ്ര ഗാഡ്‌ലിങ്ങ് സായിബാബയുമായുള്ള കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മറ്റൊരു വ്യക്തിയാണ്. അദ്ദേഹം ഒരു വക്കീല്‍ കൂടിയാണ്. പ്രതിരോധ സമിതിയുടെ ഭാഗമായതുകൊണ്ട് തന്നെ എനിക്ക് അദ്ദേഹത്തെ അറിയുകയും ചെയ്യാം. ഞാന്‍ അദ്ദേഹത്തോട് സംസാരിച്ചിട്ടുണ്ട്. ഒന്നോ രണ്ടോ തവണ ഫോണില്‍ വിളിച്ചിട്ടുണ്ട്. നാഗ്പൂരില്‍ നിന്ന് നേരില്‍ കണ്ടിട്ടുമുണ്ട്.
‘നിങ്ങള്‍ക്ക് റോണ വില്‍സണെ അറിയാമോ’ എന്നായിരന്നു മറ്റൊരു ചോദ്യം. റോണ എന്റെ സുഹൃത്താണ്. എനിക്ക് അറിയാം. അതുകൊണ്ട് എന്താണെന്ന് ഞാനവരോട് ചോദിച്ചു. അതിന് ശേഷം അവര്‍ ഒന്നും പറഞ്ഞിട്ടില്ല. അവരെ എനിക്ക് അറിയാം എന്നത് തന്നെ ധാരാളമായിരുന്നു. നിങ്ങളുടെ അസോസിയേഷനുമായി ബന്ധപ്പെട്ട് അവരെ അറിയാമെന്നത് കൊണ്ട് നിങ്ങള്‍ ഞങ്ങളുടെ നിരീക്ഷണത്തിലാണെന്ന് അവരെന്നോട് പറഞ്ഞു.
ഇത് തെളിയിക്കാന്‍ അവരുടെ കൈയില്‍ ചില മെറ്റീരിയലുകളുണ്ടെന്നും അവര്‍ പറഞ്ഞു. തുടര്‍ന്ന് ഞാനവരോട് പറഞ്ഞു എന്ത് തരത്തിലുള്ള മെറ്റീരിയല്‍ ആണെന്നെങ്കിലും പറയൂ എന്ന്. ഞാനതുമായി എത്തരത്തിലാണ് ബന്ധപ്പെട്ടിരിക്കുന്നതെന്നും അവരോട് ചോദിച്ചു. പക്ഷേ അവര്‍ മറുപടി നല്‍കിയില്ല. ഞങ്ങളുടെ കൈയില്‍ ചില മെറ്റീരയലുകളുണ്ട് എന്ന് തന്നെ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇപ്പോള്‍ കിട്ടിയ ഡോക്യൂമെന്റ്‌സുമായി ബന്ധപ്പെടുത്തി പരിശോധിക്കും. എന്നിട്ട് ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന് അന്വേഷിക്കുമെന്നും അവര്‍ പറഞ്ഞു.
ഞങ്ങളുടെ സംശയങ്ങളെ ദൃഢീകരിക്കുന്ന എന്തെങ്കിലും തെളിവുണ്ടെങ്കില്‍ നിങ്ങളെ അറസ്റ്റ് ചെയ്യേണ്ടി വന്നേക്കും. നിങ്ങളിപ്പോള്‍ സംശയിക്കപ്പെടുന്ന ഒരാള്‍ മാത്രമാണ്. കുറ്റാരോപിതനല്ല. സംഘടനയുമായുള്ള ബന്ധമാണ് നിങ്ങളുടെ തെറ്റെന്നും അവര്‍ പറഞ്ഞു.
നമ്മുടെ നിയമപ്രകാരം ഒരു സംഘടനയുമായുള്ള ബന്ധം കുറ്റകരമാകുന്നില്ല. പക്ഷേ നമ്മുടെ അന്വേഷണ ഏജന്‍സികള്‍ ഇതുമായി ബന്ധപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നത്. അവര്‍ക്ക് എന്നെ ശിക്ഷിക്കണമെന്നില്ല എങ്കില്‍ അവര്‍ പറയുന്ന മെറ്റീരിയലിന്റെ ഒരു പകര്‍പ്പെങ്കിലും എനിക്ക് തരാം. അതല്ലെങ്കില്‍ അതിന്റെ ഒരു കോപ്പിയെടുക്കാന്‍ എന്നെ അനുവദിക്കുകയെങ്കിലും ചെയ്യാം. അവര്‍ക്കെന്റെ ലാപ്‌ടോപ്പ് കണ്ടുകെട്ടാം. പിന്നെന്തുകൊണ്ട് ആ മെറ്റീരിയലുകളുടെ പകര്‍പ്പ് എനിക്ക് തരാതിരുന്നത്. അവരത് തരാന്‍ ഉദ്ദേശിക്കുന്നില്ല എന്നത് വ്യക്തമാണ്. അവര്‍ പറയുന്നത് രണ്ട് മാസം കൊണ്ട് നിങ്ങള്‍ക്കത് ലഭ്യമാകുമെന്നാണ്. രണ്ട് മാസമെല്ലാം എന്നോ കഴിഞ്ഞു. രണ്ട് വര്‍ഷം കൊണ്ടെങ്കിലും കിട്ടിയാല്‍ അത് ഭാഗ്യമായി കരുതാം.
നിങ്ങളുടെ സാധനങ്ങളെല്ലാം തിരികെ ലഭിക്കുമ്പോള്‍ വ്യാജ തെളിവുകള്‍ അതില്‍ നിര്‍മ്മിക്കുമെന്ന് ഭയമുണ്ടോ?
തീര്‍ച്ചയായും, ആദ്യ ദിവസം മുതല്‍ ഉണ്ടായിരുന്ന ഒരു വിഷയമാണത്. അന്വേഷണ ഏജന്‍സികള്‍ അത്തരത്തില്‍ ചെയ്യാറുണ്ട് എന്നാണ് പല സുഹൃത്തുക്കളും പറയുന്നത്. പിന്നീട് ഇത്തരത്തില്‍ ഉണ്ടാക്കുന്ന തെളിവുകള്‍ നമ്മുടേതല്ല എന്ന് തെളിയിക്കേണ്ട ബാധ്യത നമുക്ക് മാത്രമാണ്. ഇത് അക്ഷരാര്‍ത്ഥത്തില്‍ മറ്റൊരു ശിക്ഷയാണ്. അത് നമ്മുടേതല്ല എന്ന് തെളിയിക്കാന്‍ തന്നെ വര്‍ഷങ്ങളെടുത്തേക്കും.
അവരെന്റെ പക്കലുള്ള സാധനങ്ങള്‍ കണ്ടുകെട്ടിയപ്പോള്‍ സീല്‍ ചെയ്തിരുന്നു. പക്ഷേ പിന്നീടാണ് എനിക്ക് മനസിലായത് അവരെനിക്ക് ഹാഷ് വാല്യൂ തന്നില്ല എന്നത്. ( ഡാറ്റയെ പ്രത്യേകമായി തിരിച്ചറിയാന്‍ ഉപയോഗിക്കുന്ന ഒരു ന്യൂമെറിക്കല്‍ വാല്യുവിനെയാണ് ഹാഷ് വാല്യു എന്ന് പറയുന്നത്). ആ സമയത്ത് എനിക്ക് അതിനെക്കുറിച്ച് അറിയില്ലായിരുന്നു. ഞാന്‍ അവര്‍ വരുന്നത് പ്രതീക്ഷിച്ചിരിക്കുകയായിരുന്നില്ലല്ലോ. പിന്നീട് എന്റെ സുഹൃത്തുക്കളോടും വക്കീലിനോടും സംസാരിച്ചപ്പോള്‍ മാത്രമാണ് ഹാഷ് വാല്യുവിനെക്കുറിച്ച് അറിയുന്നത്. എന്തെങ്കിലും തരത്തില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ടെങ്കില്‍ അത് ഹാഷ് വാല്യുവിലൂടെ മനസിലാകുമെന്നും അവരെന്നോട് പറഞ്ഞു.
അവരെന്തെങ്കിലും എന്റെ കംപ്യൂട്ടറില്‍ കൃത്രിമമായി ഉണ്ടാക്കിവെച്ചിട്ട് അത് എന്റേതാണെന്ന് പറയുമോ എന്നും അറിയില്ല. അത്തരത്തിലൊരു സാധ്യത എനിക്ക് തള്ളിക്കളയാന്‍ സാധിക്കില്ല. അങ്ങനെയാണെങ്കില്‍ അത് വളരെ വലിയ പ്രശ്‌നമാകും. ഞാനെപ്പോഴും എന്റെ സുഹൃത്തുക്കളോട് പറയും നിങ്ങള്‍ക്ക് ഒരു വധഭീഷണി എന്റെ കംപ്യൂട്ടറില്‍ നിന്ന് വന്നാല്‍ അത്ഭുതപ്പെടേണ്ടതൊന്നുമില്ല എന്ന്. വേണമെങ്കില്‍ എനിക്ക് ആയുധക്കടത്തുമായി ബന്ധമുണ്ടെന്ന് വരെ പറയാനും അവരത് ഉപയോഗിച്ചേക്കാം.
താങ്കള്‍ക്ക് ആവശ്യമുള്ള പല മെറ്റീരിയലുകളും നഷ്ടമായതിന്റെ പ്രയാസങ്ങളെക്കുറിച്ച് പറയുക ഉണ്ടായല്ലോ, ഈ സംഭവത്തിന് ശേഷം വിദ്യാര്‍ത്ഥികള്‍ താങ്കള്‍ക്ക് ഐക്യാദാര്‍ഢ്യം പ്രഖ്യാപിച്ചോ? അല്ലെങ്കില്‍ എന്തെങ്കിലും തിരിച്ചടികള്‍ ഉണ്ടായോ? എന്തൊക്കെ തരത്തിലുള്ള പ്രതികരണങ്ങളായിരുന്നു പൊതുവില്‍ വന്നത്?
വിദ്യാര്‍ത്ഥികളും ഡിപ്പാര്‍ട്ട്‌മെന്റിലെ സഹപ്രവര്‍ത്തകരുമെല്ലാം വലിയ രീതിയില്‍ പിന്തുണച്ചു. ഈ സംഭവം നടന്ന ഉടനെ തന്നെ എന്റെ സഹപ്രവര്‍ത്തകരെ വിളിച്ച് എന്റെ കുറേ മെറ്റീരിയല്‍സ് നഷ്ടമായെന്ന് പറഞ്ഞപ്പോള്‍ തന്നെ പലരില്‍ നിന്നുമായി ലഭ്യമായ മെറ്റീരിയല്‍സൊക്കെ അവര്‍ സംഘടിപ്പിച്ചു തന്നു. അത്തരത്തിലൊരു പിന്തുണ ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല. വിദ്യാര്‍ത്ഥികളും പിന്തുണയുമായി എത്തിയിരുന്നു.
ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നോ, സഹപ്രവര്‍ത്തകരില്‍ നിന്നോ സുഹൃത്തുക്കളില്‍ നിന്നോ മോശമായ ഒരു അനുഭവവും എനിക്ക് ഉണ്ടായില്ല. പക്ഷേ വലുതപക്ഷ അനുഭാവമുള്ള ചില പ്രത്യേക പ്രത്യയശാസ്ത്രത്തില്‍ വിശ്വസിക്കുന്ന അധ്യാപകര്‍ പത്ര പ്രസ്താവനകള്‍ നല്‍കിയതായി അറിഞ്ഞിരുന്നു. ഞാന്‍ അത് കണ്ടിട്ടില്ല. പക്ഷേ ദല്‍ഹി സര്‍വ്വകലാശാലയിലെ ഇംഗ്ലീഷ് വിഭാഗത്തിന്റെ സിലബസ് ഇടതുപക്ഷമാണെന്ന തരത്തില്‍ ചില ഹിന്ദി പത്രങ്ങളില്‍ വാര്‍ത്ത വന്നുവെന്ന് ചില സുഹൃത്തുക്കള്‍ എന്നോട് പറഞ്ഞു. ഞങ്ങള്‍ക്ക് ജാതി സംബന്ധിച്ച് ഒരു പേപ്പര്‍ പഠിക്കാനുള്ളതായിരുന്നു അവര്‍ ഇതിന് കാരണമായി പറയുന്നത്.
രസകരമായ സംഭവമെന്താണെന്ന് വച്ചാല്‍ ജാതിയെക്കുറിച്ചുള്ള ആ ഭാഗം ഞങ്ങള്‍ക്ക് മാറ്റേണ്ടി വന്നു എന്നതാണ്. അവര്‍ ഞങ്ങളെ അതിന് നിര്‍ബന്ധിക്കുകയായിരുന്നു. യഥാര്‍ത്ഥത്തില്‍ ഒരു കോര്‍ പേപ്പറായാണ് അത് അവതരിപ്പിച്ചിരുന്നത്. അത് ഇംഗ്ലീഷ് ടീച്ചര്‍മാരുടെ ജനറല്‍ ബോഡിയില്‍ അംഗീകരിക്കുകയും ചെയ്തു. തുടര്‍ന്ന് കോഴ്‌സ് കമ്മിറ്റിയും അക്കാദമിക് കൗണ്‍സിലിലും ഇത് അംഗീകരിച്ചിരുന്നു. പക്ഷേ ഇത് പാസാക്കിയത് ശേഷം എ.ബി.വി.പി വിദ്യാര്‍ത്ഥികള്‍ ഞങ്ങളുടെ ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡിനെ ഘരാവോ ചെയ്തു. ഹെഡിനോട് അത് നീക്കം ചെയ്യണമെന്ന് അവര്‍ ആവശ്യപ്പെടുകയും അദ്ദേഹത്തില്‍ നിന്ന് ഇതുമായി ബന്ധപ്പെട്ട് ഉറപ്പ് വാങ്ങിയെടുക്കുകയും ചെയ്തു.
അതൊരു തരത്തില്‍ ശാരീരികമായ ഒരു ഭീഷണിപ്പെടുത്തലായിരുന്നു. അദ്ദേഹം അന്ന് ആക്രമിക്കപ്പെട്ടേനെ. അവസാനം അക്കാദമിക് കൗണ്‍സിലില്‍ ഇത് പാസാക്കിയതിന് ശേഷവും, വൈസ് ചാന്‍സലര്‍ ഉള്‍പ്പെടെ എല്ലാവരും പറഞ്ഞിട്ടും അതൊരു ഇലക്റ്റീവ് പേപ്പറായി മാറി. പേപ്പറില്‍ ചില മാറ്റങ്ങളും ഉള്‍പ്പെടുത്തി. ഇതില്‍ നിന്ന് തന്നെ എന്താണ് സംഭവിക്കുന്നത് എന്നത് കൃത്യമല്ലേ. സ്റ്റാറ്റിയൂട്ടറി ബോഡികളല്ല തീരുമാനം എടുക്കുന്നത്. ചില ഗുണ്ടകളുടെ മസില്‍ പവറിന്റെ അടിസ്ഥാനത്തിലാണ് തീരുമാനങ്ങള്‍ ഉണ്ടാകുന്നത്. അവരാണ് എന്ത് ഇവിടെ പഠിപ്പിക്കണമെന്ന് തീരുമാനിക്കുന്നതും.
ഇത് ഇംഗ്ലീഷ് വിഭാഗത്തിലും ഹിസ്റ്ററി വിഭാഗത്തിലും സംഭവിച്ചിട്ടുണ്ട്. രണ്ട് വിഭാഗത്തിനും അംഗീകരിച്ച സിലബസ് മാറ്റേണ്ടി വന്നു. ഇത്തരത്തിലുള്ള ഗ്രൂപ്പുകളും സ്റ്റേറ്റ് ഏജന്‍സികളും തമ്മില്‍ വ്യക്തമായ അവിശുദ്ധ ബന്ധമുണ്ട്. ബ്രാഹ്മണ്യത്തെ ചോദ്യം ചെയ്യുന്ന എല്ലാതരം ചിന്തകളും അടിച്ചമര്‍ത്തപ്പെടാത്താനിണിത്.
ഈ റെയ്ഡിനുശേഷം ഭീമ കൊറേഗാവ് കേസുമായി ബന്ധപ്പെട്ട നിരവധി കാര്യങ്ങള്‍ ഞാന്‍ വായിച്ചു. കുറ്റപത്രത്തെക്കുറിച്ച് കൃത്യമായ ഒരു ധാരണ കിട്ടാന്‍ കൂടിയായിരുന്നു ഇത്. ദളിത് ഗ്രൂപ്പുകളുടെയും ഇടതുപക്ഷ ഗ്രൂപ്പുകളുടെയും ഒരു ഒത്തുചേരലായാണ് അവരതിനെ ചിത്രീകരിച്ചത് എന്നതായിരുന്നു കുറ്റപത്രത്തിലെ രസകരമായ ഒരു കാര്യം. പൊലീസ് എത്തരത്തിലാണ് അങ്ങിനെ എഴുതി ചേര്‍ത്തത് എന്ന് എനിക്ക് അറിയില്ല. ഇടതുപക്ഷ ഗ്രൂപ്പുകളും, ദളിത് ഗ്രൂപ്പുകളും ഒരുമിച്ച് ആര്‍.എസ്.എസിന്റെ ബ്രാഹ്മണിക്കല്‍ അജണ്ടയെ വെല്ലുവിളിക്കുകയാണ് എന്ന് കുറ്റപത്രത്തില്‍ പറയുന്നുണ്ട്. ഫാസിസ്റ്റ് വിരുദ്ധ ഫ്രണ്ട് ഉണ്ടാക്കുകയാണ് എന്നൊക്കെ അവര്‍ പറയുന്നു.
അങ്ങിനെയൊരു ഫാസിസ്റ്റ് വിരുദ്ധ മുന്നണിയുണ്ടെങ്കില്‍ ആ ആളുകളെ അഭിനന്ദിക്കണം. അത്തരമൊരു മുന്നണി ജനാധിപത്യ രാജ്യത്ത് വരുന്നത് നല്ലതാണ്. പക്ഷേ ഭരണകേന്ദ്രങ്ങള്‍ അതിനെ ഒരു ഭീഷണിയായി കാണുന്നു.
ഇതിനെല്ലാം ശേഷം രണ്ട് കാര്യങ്ങള്‍ സത്യമാണെന്ന് എനിക്ക് മനസിലായി. ഒന്ന് അക്കാദമിക് വിദഗ്ധര്‍ക്ക് തങ്ങളെ ഭീഷണിപ്പെടുത്തുന്നതായി തോന്നുന്നു. രണ്ടാമതായി ദളിത്- ഇടത്-മുസ്‌ലിം ഗ്രൂപ്പുകള്‍ തമ്മില്‍ ഐക്യമുണ്ടാകുമ്പോള്‍ അതിനെ ഓരോരുത്തരായി ഭയപ്പെടുന്നു. ഞാന്‍ നേരത്തെ പറഞ്ഞത് പോലെ ദളിത് ഗ്രൂപ്പുകളുമായും, സംവരണ പ്രശ്‌നങ്ങളുമായും രാഷ്ട്രീയ തടവുകാരുമായും ബന്ധപ്പെട്ട പ്രശ്‌നങ്ങളിലാണ് ഞാന്‍ പ്രധാനമായും ഇടപെടുന്നത്.
സാമൂഹിക നീതി ഫോറവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന എന്റെ പല സുഹൃത്തുക്കളും പറയുന്നത് ഇതില്‍ ഏറ്റവും അപകടം പിടിച്ചത് ഇതാണെന്നാണ്. നിങ്ങള്‍ കശ്മീര്‍ പ്രശ്‌നത്തില്‍ ഇടപെടുകയാണെങ്കില്‍ നിങ്ങളെ മുദ്രകുത്താന്‍ എളുപ്പമാകും. ഏതു സമയവും നിങ്ങള്‍ ആക്രമിക്കപ്പെട്ടേക്കാം. ഇത്തരത്തിലുള്ള ഭീഷണികള്‍ നിലനില്‍ക്കുന്നുണ്ട്.
എല്ലാ ആളുകള്‍ക്കും തെരുവുകളില്‍ ഇറങ്ങുന്നതിന് പകരം തങ്ങളുടേതായൊരിടത്തിരുന്ന് സമാധാനപരമായി ജോലി ചെയ്യാനായിരിക്കും താത്പര്യം. അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ ഇന്ത്യയിലെ ബുദ്ധിജീവികള്‍ പിന്‍വാങ്ങിയത് കണ്ട് ഇന്ദിരാഗാന്ധി ആശ്ചര്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തില്‍ സംഭവിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ലെന്ന് അവര്‍ തന്നെ പറഞ്ഞിട്ടുണ്ട്. സാധാരണയായി അക്കാദമിക് മേഖലയിലുള്ളവര്‍ പുറത്ത് വന്ന് എതിര്‍ത്ത് നില്‍ക്കില്ല. പക്ഷേ കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ തങ്ങള്‍ക്കു ചുറ്റും നടക്കുന്ന അനീതിക്കെതിരെ അക്കാദമിക് മേഖലയിലുള്ളവര്‍ രംഗത്ത് വരുന്നത് കണ്ടിരുന്നു.
പക്ഷേ ഇപ്പോള്‍ ആളുകള്‍ കൃത്യമായി പറയുന്നുണ്ട് നമുക്ക് ഇതിലേക്കൊന്നു പോകാതെ അക്കാദമിക് ജോലികളിലേക്ക് തിരിയാമെന്ന്. സ്വതന്ത്ര ചിന്തയില്ലാതെ ഒരു അക്കാദമിക് പ്രവര്‍ത്തനവുമില്ല. നിങ്ങള്‍ നിങ്ങളുടെ ചിന്തകളെ പരിമിതപ്പെടുത്തുന്ന സമയം മുതല്‍ എത്തരത്തിലുള്ള അക്കാദമിക് ജോലിയാണ് ചെയ്യുന്നത്? ഇത്തരമൊരു ദുഃഖകരമായ അവസ്ഥയിലൂടെയാണ് നമ്മള്‍ ഇപ്പോള്‍ കടന്നു പോകുന്നത്.
മൊഴിമാറ്റം: ശ്രിന്‍ഷ രാമകൃഷ്ണന്‍
(ഐ.പി.എസ്.എം.എഫ് സഹകരണത്താല്‍ ദി കാരവന്റെ അനുമതിയോടെ പ്രസിദ്ധീകരിക്കുന്നത്)