| Tuesday, 15th November 2022, 5:56 pm

ഞങ്ങള്‍ക്ക് ലോകകപ്പടിച്ചാല്‍ ഞാനെന്റെ തല മൊട്ടയടിക്കും; വെല്ലുവിളിച്ച് സൂപ്പര്‍താരം

സ്പോര്‍ട്സ് ഡെസ്‌ക്

ലോകം കാത്തിരിക്കുന്ന ഖത്തര്‍ വേള്‍ഡ്കപ്പിന് ഇനി അഞ്ച് നാള്‍ മാത്രമാണ് ബാക്കി. നവംബര്‍ 14നായിരുന്നു ലോകകപ്പിനുള്ള ടീമുകളുടെ അന്തിമ സ്‌ക്വാഡിനെ പ്രഖ്യാപിക്കാനുള്ള അവസാന തീയതി.

ബാഴ്‌സലോണയില്‍ നിന്ന് ഏഴ് കളിക്കാരാണ് ഇത്തവണ സ്‌പെയ്‌നിന്റെ 26 അംഗ സ്‌ക്വാഡില്‍ ഇടം നേടിയിരിക്കുന്നത്. ലോകത്തെ ഏറ്റവും മികച്ച യുവതാരങ്ങളിലൊരാളായ പെഡ്രിയും ടീമിലുണ്ട്. പെഡ്രിയുടെ ലോകകപ്പ് അരങ്ങേറ്റത്തിന് കൂടിയാണ് ഇത്തവണ ഖത്തര്‍ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

ആദ്യ ലോകകപ്പ് കളിക്കുന്നതിന്റെ അടങ്ങാത്ത ആവേശത്തിലാണ് പെഡ്രി. സ്‌പെയ്‌നില്‍ യുവതാരങ്ങളുടെ വലിയ നിര തന്നെയുണ്ടെന്നും ഖത്തറില്‍ തങ്ങള്‍ക്ക് ചരിത്രം കുറിക്കാനായാല്‍ തല മൊട്ടയടിക്കുമെന്നുമാണ് പെഡ്രി പറഞ്ഞത്.

”ഞങ്ങള്‍ക്ക് ലോകകപ്പ് നേടാനായാല്‍ ഞാനെന്റെ തല മൊട്ടയടിക്കും. നന്നായി കളിച്ച് ജയിച്ച് മുന്നേറാന്‍ പറ്റിയ യുവതാരങ്ങളടങ്ങിയ കിടിലന്‍ ടീമുണ്ട് ഞങ്ങള്‍ക്ക്. കളിക്കുന്ന മത്സരങ്ങളിലെല്ലാം അത് പ്രതിഫലിക്കാറുമുണ്ട്.

ഇത് ഞങ്ങള്‍ക്കനുയോജ്യമായ സമയമാണെന്നാണ് കരുതുന്നത്. അതുകൊണ്ട് സ്‌പെയിന്‍ ഖത്തര്‍ വേള്‍ഡ് കപ്പ് നേടുമെന്ന് തന്നെയാണ് ഞാന്‍ വിശ്വസിക്കുന്നത്,’ പെഡ്രി പറഞ്ഞു.

ഈ സീസണില്‍ മികച്ച പ്രകടനമാണ് ബാഴ്‌സലോണക്കായി പെഡ്രി കാഴ്ച വെക്കുന്നത്. ലോകകപ്പ്  കളിക്കുക എന്നത് തന്റെ ഏറ്റവും വലിയ സ്വപ്‌നങ്ങളിലൊന്നാണെന്ന് പെഡ്രി നേരത്തെ പറഞ്ഞിരുന്നു.

17ാം വയസിലാണ് താരം ബാഴ്‌സയിലെത്തുന്നത്. ഞൊടിയിടയില്‍ തന്നെ ക്ലബ്ബിന്റെ പ്രധാന കളിക്കാരിലൊരാളാകാന്‍ അദ്ദേഹത്തിനായി. കഴിഞ്ഞ സീസണില്‍ 73 മത്സരങ്ങളിലാണ് പെഡ്രി പന്ത് തട്ടിയത്.

യൂറോ 2020ല്‍ സ്‌പെയ്‌നിന്റെ സ്റ്റാര്‍ട്ടിങ് ഇലവനില്‍ സ്ഥിരമായി പെഡ്രി സ്ഥാനം പിടിച്ചിരുന്നു. കഴിഞ്ഞ തവണ നടന്ന ഒളിമ്പിക്‌സിലും സ്‌പെയ്‌നിനായി പെഡ്രി ബൂട്ട് കെട്ടിയിരുന്നു.

ജര്‍മനി, കോസ്റ്ററിക്ക, ജപ്പാന്‍ എന്നീ ടീമുകള്‍ക്കൊപ്പം ഗ്രൂപ്പ് ഇയിലാണ് സ്‌പെയിന്‍. നവംബര്‍ 23ന് കോസ്റ്റാറിക്കയുമായി ഏറ്റുമുട്ടിയാണ് സ്‌പെയിന്‍ ഖത്തര്‍ ലോകകപ്പിന് അരങ്ങേറ്റം കുറിക്കുക.

Content Highlights: If we win, I let the hairdresser shave me or do something to me, says Pedri

Latest Stories

We use cookies to give you the best possible experience. Learn more