ജനഗണമനയിലെ പോലെ കോടതിയില്‍ പറഞ്ഞാല്‍ ജഡ്ജ് നമ്മളെ ഓടിച്ച് വിടും : ശാന്തി മായാദേവി
Entertainment news
ജനഗണമനയിലെ പോലെ കോടതിയില്‍ പറഞ്ഞാല്‍ ജഡ്ജ് നമ്മളെ ഓടിച്ച് വിടും : ശാന്തി മായാദേവി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 8th December 2023, 2:57 pm

സൂപ്പര്‍ സ്റ്റാറുകളുടെ കേസ് വാദിക്കുന്ന വക്കീല്‍ എന്ന വിളിപ്പേരുള്ള നടിയും തിരക്കഥാകൃത്തും അഭിഭാഷകയുമാണ് ശാന്തി മായാദേവി. ദൃശ്യം 2വില്‍ മോഹന്‍ലാലിന്റെ വക്കീലായി വന്നതുമുതല്‍ ആളുകളുടെ മനസ്സില്‍ ഇടം നേടിയ താരമാണ് ശാന്തി. മോഹന്‍ലാലിന്റെ മാത്രമല്ല ലിയോ സിനിമയില്‍ വിജയ്യുടെ വക്കീലായും ശാന്തി മായാദേവി അഭിനയിച്ചിട്ടുണ്ട്. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന നേര് എന്ന ചിത്രത്തില്‍ തിരക്കഥാകൃത്തുക്കളില്‍ ഒരാളും കൂടിയാണ് ശാന്തി.

സിനിമയിലെ കോടതിയില്‍ ഉപയോഗിക്കുന്ന പഞ്ച് ഡയലോഗുകളെക്കുറിച്ച് ജിഞ്ചര്‍ മീഡിയ എന്റര്‍ടൈന്‍മെന്റിന് നല്‍കിയ അഭിമുഖത്തില്‍ പറയുകയാണ് ശാന്തി മായാദേവി. സിനിമയില്‍ പഞ്ച് ഡയലോഗുകള്‍ ആയിരിക്കുമെന്നും എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തില്‍ കോടതിയില്‍ വരുമ്പോള്‍ നാച്ചുറലി വരുന്നതാണെന്നും മായാദേവി പറഞ്ഞു.

‘സിനിമയില്‍ എഴുതുമ്പോള്‍ പഞ്ച് ഡയലോഗ്‌സ് ആയിരിക്കും. എന്നാല്‍ യഥാര്‍ത്ഥ ജീവിതത്തിലെ കോടതിയില്‍ വരുമ്പോള്‍ നാച്ചുറലി വരുന്നതാണ്. അതില്‍ നമ്മള്‍ വാക്കുകള്‍ അക്കമിട്ട് പഞ്ചായിട്ട് പറയുന്നത് ആയിരിക്കില്ല. സിനിമയില്‍ അതിന്റെ വ്യത്യാസമുണ്ട്,’ ശാന്തി പറയുന്നു.

ജനഗണമനയില്‍ പൃഥ്വിരാജ് ഉപയോഗിക്കുന്ന പോലെ പഞ്ച് ഡയലോഗ് കോടതിയില്‍ ഉപയോഗിക്കാന്‍ പറ്റുമോ എന്ന ചോദ്യത്തിന് അങ്ങനെ ഉപയോഗിച്ചാല്‍ ഓടിച്ചു വിടും എന്നായിരുന്നു ശാന്തി മായാദേവിയുടെ മറുപടി.

‘അങ്ങനെയൊക്കെ നമ്മള്‍ പറഞ്ഞാല്‍ ഓടിക്കും. ശരിശരി ഓക്കേ നെക്സ്റ്റ് എന്ന് ജഡ്ജ് പറയും . പക്ഷേ സെന്റിമെന്റല്‍ ആയിട്ട് നമ്മള്‍ പറയും. ചില കേസുകളില്‍ ജഡ്ജുമായിട്ട് സംസാരിക്കുമ്പോള്‍ ഒരു പോയിന്റ് നമ്മള്‍ കടന്നു പറയും. നമ്മള്‍ കക്ഷിക്ക് വേണ്ടിയിട്ടാണ് വന്നു നില്‍ക്കുന്നത് എന്നൊക്കെ പറയും. അടി കൂടുക എന്നൊന്നും പറ്റില്ല. ചില കേസുകളില്‍ ഘോരഘോരം വാദിക്കാം . ജനഗണമനയില്‍ ഒക്കെ കാണുന്ന പോലെ അത്രയും ജഡ്ജിയെ ബോധ്യപ്പെടുത്താന്‍ നിന്ന് കഴിഞ്ഞാല്‍ ചിലപ്പോള്‍ ഓര്‍ഡര്‍ തിരിഞ്ഞു പോകും.

ചില ബിഹേവിയര്‍ ഉണ്ട്, കോടതിയില്‍ എങ്ങനെ ബിഹേവ് ചെയ്യണം എന്നതുണ്ട്. എന്നുവച്ച് നമ്മുടെ കേസ് പറയാതിരിക്കുകയല്ല മറിച്ച് ചില സമയങ്ങളില്‍ സെന്റിമെന്റല്‍ ആകും, ഇമോഷണല്‍ ആകും. ചില സമയങ്ങളില്‍ നിര്‍ത്താന്‍ പറഞ്ഞാല്‍ അതിന് കഴിയില്ല. അവരും മനുഷ്യരാണ്. അവര്‍ക്ക് അറിയാം. അതാണ് ന്യായം നീതി അതു തന്നെയാണ് നിയമമെന്ന് അറിയുമ്പോള്‍ നമ്മള്‍ കുറച്ച് ഇമോഷണല്‍ ആയി സംസാരിക്കേണ്ട അവസ്ഥകള്‍ ഉണ്ടാകും. പക്ഷേ സിനിമയില്‍ കാണുന്ന അത്രയും ഇമോഷനല്ല,’ ശാന്തി മായാദേവി പറഞ്ഞു.

content highlights; If we say in the court as in Janganamana, the judge will drive us away: Shanti Mayadevi