എം.എസ്. സ്വാമിനാഥനെ ആദരിക്കുന്നവർ കർഷകരെ ഒപ്പം നിർത്തണം: മകൾ മധുര സ്വാമിനാഥൻ
national news
എം.എസ്. സ്വാമിനാഥനെ ആദരിക്കുന്നവർ കർഷകരെ ഒപ്പം നിർത്തണം: മകൾ മധുര സ്വാമിനാഥൻ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Wednesday, 14th February 2024, 4:48 pm

ന്യൂദൽഹി: സമരം ചെയ്യുന്ന കർഷകർ നമ്മുടെ അന്നദാതാക്കളാണെന്നും അവരെ കുറ്റവാളികളെ പോലെ കാണുന്നത് ശരിയല്ലെന്നും ഹരിത വിപ്ലവത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന എം.എസ്. സ്വാമിനാഥന്റെ മകൾ മധുര സ്വാമിനാഥൻ.

എം.എസ് സ്വാമിനാഥന് കഴിഞ്ഞ ആഴ്ചയാണ് കേന്ദ്ര സർക്കാർ ഭാരതരത്ന പ്രഖ്യാപിച്ചത്. അദ്ദേഹത്തിന് ഭാരതരത്ന നൽകിയതിന്റെ സ്മരണാർത്ഥം ഇന്ത്യൻ അഗ്രിക്കൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ (ഐ.എ.ആർ.ഐ) സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

എം.എസ്. സ്വാമിനാഥനെ ആദരിക്കുന്നവർ കർഷകരെ ഒപ്പം നിർത്തണമെന്നും അദ്ദേഹം പറഞ്ഞു.

‘പഞ്ചാബിലെ കർഷകർ ഇന്ന് ദൽഹിയിലേക്ക് മാർച്ച് നടത്തുകയാണ്. പത്രവാർത്തകൾ അനുസരിച്ച് ഹരിയാനയിൽ അവർക്കായി ജയിലുകൾ തയ്യാറാക്കി വെച്ചിട്ടുണ്ട്. അവരെ തടയുവാൻ ബാരിക്കേഡുകൾ ഉൾപ്പെടെ എല്ലാം ചെയ്തുവെച്ചിട്ടുണ്ട്. ഇതെല്ലാം കർഷകരാണ്, അവർ കുറ്റവാളികളല്ല.

ഞാൻ ഇന്ത്യയിലെ മുൻനിര ശാസ്ത്രജ്ഞരായ നിങ്ങളോട് അപേക്ഷിക്കുകയാണ്, നമ്മുടെ അന്നദാതാക്കളോട് നമ്മൾ സംസാരിക്കണം. അവരെ കുറ്റവാളികളെ പോലെ കാണാനാകില്ല. പരിഹാരം കണ്ടെത്തണം. ഇതാണ് എന്റെ അപേക്ഷ.

ഞാൻ ചിന്തിക്കുന്നത്, നമ്മൾ എം.എസ്. സ്വാമിനാഥനെ ആദരിക്കുന്നുണ്ടെങ്കിൽ ഭാവിയിലേക്ക് നമ്മൾ എന്തൊക്കെ തന്ത്രങ്ങൾ ആസൂത്രണം ചെയ്യുകയാണെങ്കിലും അതിൽ എല്ലാം കർഷകരെയും ഒപ്പം നിർത്തണം,’ മധുര സ്വാമിനാഥൻ പറഞ്ഞു.

ബെംഗളൂരുവിലെ ഇന്ത്യൻ സ്റ്റാറ്റിസ്റ്റിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ എക്കണോമിക് അനാലിസിസ് യൂണിറ്റിന്റെ അധ്യക്ഷയാണ് മധുര സ്വാമിനാഥൻ.

മിനിമം താങ്ങുവിലാ നടപ്പിലാക്കണമെന്ന് ശക്തമായി ആവശ്യപ്പെട്ട ആളാണ് എം.എസ്. സ്വാമിനാഥണെന്ന് മുൻ ഐ.എ.ആർ.ഐ ഡയറക്ടർ ആർ.ബി. സിങ് പറഞ്ഞു.

അതേസമയം ദൽഹി അതിർത്തിയിൽ എത്തിയ കർഷകർക്ക് നേരെ പൊലീസ് കണ്ണീർവാതകം ഉൾപ്പെടെ പ്രയോഗിച്ചതായി റിപ്പോർട്ടുകളുണ്ട്. കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത് തടയാൻ പൊലീസ് റബ്ബർ ബുള്ളറ്റ് പ്രയോഗിച്ചതിനെ തുടർന്ന് നിരവധി കർഷകർക്ക് തലയ്ക്ക് പരിക്കേറ്റിരുന്നു.

ഇതു സംബന്ധിച്ച വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. പൊലീസിന്റെ മുന്നിലൂടെ പല വർണ്ണങ്ങളിലുള്ള പട്ടങ്ങൾ പറത്തിക്കൊണ്ട് പ്രതിഷേധിക്കുന്ന കർഷകരെയും ദൃശ്യങ്ങളിൽ കാണാൻ സാധിക്കും.

കേന്ദ്രസർക്കാർ നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന് അനുസരിച്ച് ആയിരക്കണക്കിന് കർഷകരാണ് ട്രാക്ടറുകളുമായി അതിർത്തിയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത് എന്ന് റിപ്പോർട്ടുകൾ ചൂണ്ടിക്കാട്ടുന്നു.

CONTENT HIGHLIGHT: If we honour Swaminathan, we have to take farmers along, says daughter