ഞങ്ങള്‍ നന്നായി ഭരിച്ചിട്ടില്ലെങ്കില്‍ മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാം: നിതിന്‍ ഗഡ്കരി
national news
ഞങ്ങള്‍ നന്നായി ഭരിച്ചിട്ടില്ലെങ്കില്‍ മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യാം: നിതിന്‍ ഗഡ്കരി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 6th April 2019, 1:52 pm

 

ന്യൂദല്‍ഹി: അഞ്ചുവര്‍ഷത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ ജനങ്ങള്‍ എന്‍.ഡി.എ സര്‍ക്കാറിനെ വിലയിരുത്തണമെന്ന് കേന്ദ്രമന്ത്രിയും നാഗ്പൂരില്‍ നിന്നുള്ള ബി.ജെ.പി സ്ഥാനാര്‍ത്ഥിയുമായ നിതിന്‍ ഗഡ്കരി.

“ഇത്തവണ ഭരണത്തിന്റെ ഒരു വിലയിരുത്തലാവും തെരഞ്ഞെടുപ്പ്. അഞ്ച് വര്‍ഷത്തെ പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഭരണകക്ഷിയെ വിലയിരുത്തണം. ഞങ്ങള്‍ നന്നായി ഭരിച്ചില്ലെന്ന് ജനങ്ങള്‍ക്ക് തോന്നുകയാണെങ്കില്‍ ജനങ്ങള്‍ മറ്റുപാര്‍ട്ടികള്‍ക്ക് വോട്ടു ചെയ്യും.” ഗഡ്കരി പറഞ്ഞതായി എന്‍.ഡി.ടി.വി റിപ്പോര്‍ട്ടു ചെയ്തു.

Also read: ബി.ജെ.പിയുടെ സ്ഥാപകദിനത്തില്‍ കോണ്‍ഗ്രസില്‍ ചേര്‍ന്ന് ശത്രുഘ്‌നന്‍ സിന്‍ഹ; “ബി.ജെ.പി വണ്‍ മാന്‍ ഷോ, ടൂ മെന്‍ ആര്‍മി”

” അധികാരത്തിനുവേണ്ടിയാണ് രാഷ്ട്രീയം എന്നു ഞാന്‍ കരുതുന്നില്ല. രാഷ്ട്രീയം സമൂഹത്തിനുവേണ്ടിയാണ്.” എന്നും ഗഡ്കരി പറഞ്ഞു.

ജാതി രാഷ്ട്രീയം താനൊരിക്കലും ഉയര്‍ത്തിയിട്ടില്ലെന്നും ഗഡ്കരി അവകശപ്പെട്ടു. “ചിലപ്പോള്‍ ഞാന്‍ ജനങ്ങളോട് തമാശയായി പറയാറുണ്ട്, അഞ്ച് വര്‍ഷംകൊണ്ട് ഞാന്‍ ചെയ്തത് ട്രെയ്‌ലര്‍ മാത്രമാണെന്ന്. അവര്‍ മുഴുവന്‍ പടം കാണാന്‍ ഇരിക്കുന്നതേയുള്ളൂ.” അദ്ദേഹം പറഞ്ഞു.

2014ല്‍ ജയിച്ചതിനേക്കാള്‍ വലിയ മാര്‍ജിനില്‍ ഇത്തവണ ജയിക്കാന്‍ കഴിയുമെന്ന് കഴിഞ്ഞമാസം ഗഡ്കരി പറഞ്ഞിരുന്നു. മണ്ഡലത്തില്‍ 70,000 കോടിയുടെ വികസന പദ്ധതികള്‍ക്ക് തുടക്കമിട്ടതായും അദ്ദേഹം അവകാശപ്പെട്ടിരുന്നു.