| Wednesday, 8th January 2025, 9:00 am

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലെ പോസിറ്റീവായ എന്തെങ്കിലും കാണിക്കാന്‍ സാധിച്ചാല്‍...; വെല്ലുവിളിച്ച് ബ്ലോഗര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഗാന്ധിനഗര്‍: വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കളെ വെല്ലുവിളിച്ച് ബ്ലോഗര്‍ ശാന്തനു സുരേഷ്.

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളിലെ സ്ഥിതിഗതികള്‍ ഉള്‍പ്പെടുത്തി പങ്കുവെച്ച വീഡിയോയ്ക്കെതിരെ വിമര്‍ശനമുയര്‍ന്നതിന് പിന്നാലെയാണ് വെല്ലുവിളി.

ഗുജറാത്തിലെ ഗ്രാമപ്രദേശങ്ങളുടെ മോശം സാഹചര്യം ഒരു പരിധിവരെ മാത്രമേ വീഡിയോയില്‍ ഉള്‍പ്പെടുത്താന്‍ കഴിഞ്ഞിട്ടുള്ളുവെന്നും ശാന്തനു പറയുന്നു. നഗരങ്ങളിലെ നല്ല കാഴ്ചകള്‍ പ്രസ്തുത വീഡിയോക്ക് മുന്നോടിയായി പങ്കുവെച്ചിട്ടുണ്ടെന്നും ബ്ലോഗര്‍ ചൂണ്ടിക്കാട്ടി. ഫേസ്ബുക്കിലൂടെയായിരുന്നു ശാന്തനുവിന്റെ പ്രതികരണം.

‘വെല്ലുവിളിയായി എടുത്താല്‍ മതി. പല നാടുകളിലെ ഗ്രാമക്കാഴ്ചകള്‍ ഇതിനോടകം ഈ പേജിലൂടെ കാണിക്കാന്‍ സാധിച്ചിട്ടുണ്ട്. എന്നാല്‍ ഗുജറാത്തിലെ ഗ്രാമക്കാഴ്ചകള്‍ ആരെയൊക്കെയോ അസ്വസ്ഥരാക്കിയിരിക്കുന്നു. തികച്ചും സത്യസന്ധമായി കണ്ട കാഴ്ചകള്‍ മാത്രമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഗുജറാത്ത് വീഡിയോകളില്‍ നെഗറ്റിവാണ് കൂടുതല്‍ എന്ന് പറയുന്നവരെ ക്ഷണിക്കുകയാണ് (നെഗറ്റീവ് അഥവാ ഗ്രാമങ്ങളിലെ മോശം സാഹചര്യം ഒരു പരിധിവരയെ എനിക്ക് കാണിക്കാന്‍ സാദിച്ചിട്ടുള്ളു എന്നോര്‍ക്കണം) ഞാന്‍ പോയ വഴികളിലൂടെ എന്റെ കൂടെ വരാന്‍.

ഞാന്‍ കാണിക്കാത്ത പോസിറ്റീവായ എന്തെങ്കിലും അവിടെയുണ്ടെങ്കില്‍, കാണിച്ചുതരാന്‍ സാധിച്ചാല്‍ യാത്രാചെലവ് പൂര്‍ണമായും ഞാന്‍ വഹിച്ചുകൊള്ളാം. അതല്ല ഞാന്‍ കാണിച്ചതില്‍ കൂടുതല്‍ ഒന്നും പോസിറ്റീവായി കാണിക്കാന്‍ സാധിച്ചില്ലങ്കില്‍ എന്റെ യാത്രചെലവുകൂടി കൂടെ വരുന്നവര്‍ വഹിക്കേണ്ടി വരും.

Note:- നഗരങ്ങളിലെ നല്ല കാഴ്ചകള്‍ ഇതിനോടകം കാണിച്ചിട്ടുള്ളതിനാല്‍ നഗരകാഴ്ചകള്‍ ഇതില്‍ ബാധകമല്ല,’ ശാന്തനു സുരേഷ്.

ഗുജറാത്തില്‍ കാണാന്‍ സാധിച്ച നഗര-ഗ്രാമ വികസനത്തിന്റെ രണ്ട് തരത്തിലുള്ള കാഴ്ചയാണ് ശാന്തനുവിന്റെ വീഡിയോകളില്‍ ദൃശ്യമാകുന്നത്.

ജലക്ഷാമത്തെ തുടര്‍ന്ന് വെള്ളം കുടത്തിലാക്കി തലയില്‍ ചുമന്ന് വരുന്ന സ്ത്രീകള്‍, മാലിന്യം നിറഞ്ഞ ഓവുചാലുകളും റോഡുകളും, ആളുകളെ കുത്തിനിറച്ച് കൊണ്ടുപോകുന്ന ട്രക്കുകള്‍, ബസിന് മുകളിലുരുന്ന് യാത്ര ചെയ്യുന്നവര്‍, പൊട്ടിപൊളിഞ്ഞ റോഡുകള്‍ തുടങ്ങിയ ദൃശ്യങ്ങളാണ് ഗുജറാത്തിലെ ഗ്രാമങ്ങളില്‍ നിന്ന് ശാന്തനു പങ്കുവെച്ചത്.

വീഡിയോകള്‍ പങ്കുവെച്ചതിന് പിന്നാലെ രൂക്ഷമായ വിമര്‍ശനങ്ങളും അധിക്ഷേപങ്ങളുമാണ് ശാന്തനുവിനെതിരെ ഉയര്‍ന്നത്.

ഇവരെല്ലാം കുരിശ് കൃഷിക്കാരും ജിഹാദികളുമാണ്. ഹൈന്ദവരുടെ സ്വര്‍ഗ രാജ്യമാണ് ഗുജറാത്ത്, രാഷ്ട്രീയ താത്പര്യമുണ്ടോ, നെഗറ്റീവ് ഒക്കെ കണ്ടുപിടിക്കാന്‍ മാത്രം യാത്ര ചെയ്യുന്നത് പോലെ, താങ്കള്‍ ഒരു അടിമ കമ്മിയാണോ ഇത് കൊറേ ആയല്ലോ… പക്കാ രാഷ്ട്രീയം എന്നിട്ട് പറയും എനിക്ക് രാഷ്ട്രീയം ഇല്ലേ എന്ന്, ഇത് യഥാര്‍ത്ഥ ഗുജറാത്തല്ല, വീഡിയോ എടുത്തയാള്‍ ബി.ജെ.പി സര്‍ക്കാരിനെ അപമാനിക്കാന്‍ സെറ്റിട്ടെടുത്തതാണ് ഇത്, തുടങ്ങിയ പ്രതികരണങ്ങളാണ് ഉയര്‍ന്നത്.

ഇതേ തുടര്‍ന്നാണ് വെല്ലുവിളിയുമായി ബ്ലോഗര്‍ ശാന്തനു സുരേഷ് രംഗത്തെത്തിയത്.

Content Highlight: If we can show something positive in rural areas of Gujarat…; Challenged Blogger

We use cookies to give you the best possible experience. Learn more