ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും; രാഹുല്‍ ഗാന്ധി
India
ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറും; രാഹുല്‍ ഗാന്ധി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 14th March 2024, 3:08 pm

നാസിക്: ഇന്ത്യാ മുന്നണി രാജ്യത്ത് അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ ശബ്ദമായി മാറുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ ഭാഗമായി മഹാരാഷ്ട്രയിലെ നാസിക്കിൽ കര്‍ഷക റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാര്‍, ശിവസേന എം.പി സഞ്ജയ് റാവത്ത് എന്നിവരും രാഹുലിനൊപ്പം പരിപാടിയില്‍ പങ്കെടുത്തിരുന്നു. കര്‍ഷകരെ സംരക്ഷിക്കാന്‍ ഇന്ത്യാ മുന്നണി നയങ്ങള്‍ രൂപീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

‘ഇന്ത്യാ മുന്നണി സര്‍ക്കാര്‍ കര്‍ഷകരുടെ ശബ്ദമായിരിക്കും. അവരുടെ താത്പര്യങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. കര്‍ഷക വായ്പ എഴുതിത്തള്ളുമെന്നും കര്‍ഷകര്‍ക്ക് പ്രയോജനപ്പെടുന്ന വിധത്തില്‍ വിളകളുടെ ഇന്‍ഷുറന്‍സ് പദ്ധതി പുനഃക്രമീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്വാമിനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് പ്രകാരം മിനിമം താങ്ങുവിലക്ക് നിയമപരമായ ഉറപ്പ് നല്‍കുമെന്നും രാഹുല്‍ വാഗ്ദാനം നല്‍കി.

നരേന്ദ്ര മോദി സര്‍ക്കാര്‍ വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയെന്നും അദ്ദേഹം ആരോപിച്ചു.
‘കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള മുന്‍ യു.പി.എ സര്‍ക്കാര്‍ കര്‍ഷകരുടെ 70,000 കോടി രൂപയുടെ കടം എഴുതി തള്ളി. സമ്പന്നരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ കഴിയുമെങ്കില്‍ കര്‍ഷകര്‍ക്കും അതിന്റെ ഗുണം ലഭിക്കണം,’രാഹുല്‍ പറഞ്ഞു.

രാജ്യത്തിന്റെ അതിര്‍ത്തികള്‍ സംരക്ഷിക്കുന്ന സൈനികരെ പോലെ കര്‍ഷകരും രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കുന്നവരാണ്. നമ്മുടെ ജവാന്‍മാരെയും കര്‍ഷകരെയും സംരക്ഷിച്ചില്ലെങ്കില്‍ രാജ്യത്തിന് പുരോഗതി കൈവരിക്കാനാവില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

വിലക്കയറ്റം ക്ഷണിച്ചു വരുത്തുന്ന കര്‍ഷക വിരുദ്ധ സര്‍ക്കാരിനെ പരാജയപ്പെടുത്തേണ്ടത് നമ്മുടെ കൂട്ടായ ഉത്തരവാദിത്തമാണെന്നാണ് എന്‍.സി.പി നേതാവ് ശരദ് പവാര്‍ പറഞ്ഞത്. ജനങ്ങളുടെ ആവശ്യങ്ങള്‍ക്കായുള്ള പോരാട്ടത്തില്‍ ശിവസേനയും മഹാ വികാസ് അഘാഡിയും രാഹുല്‍ ഗാന്ധിക്കൊപ്പമാണെന്ന് സഞ്ജയ് റാവത്ത് പറഞ്ഞു.

Content Highlight: If voted to power, INDIA bloc to be voice of farmers: Rahul Gandhi