| Saturday, 23rd September 2023, 4:09 pm

'കാനഡയെയോ ഇന്ത്യയെയോ തെരഞ്ഞെടുക്കേണ്ടി വന്നാൽ യു.എസ് ഇന്ത്യക്കൊപ്പം നിൽക്കും'

ഡൂള്‍ന്യൂസ് ഡെസ്‌ക്

വാഷിങ്ടൺ: ഇന്ത്യക്കും കാനഡക്കുമിടയിൽ ഒരാളുടെ പക്ഷം തെരഞ്ഞെടുക്കേണ്ടി വന്നാൽ യു.എസ് ഇന്ത്യക്കൊപ്പമായിരിക്കും നിൽക്കുക എന്ന് യു.എസ് പ്രതിരോധ സേനയായ പെന്റഗണിലെ മുൻ ഉദ്യോഗസ്ഥൻ മൈക്കൽ റൂബിൻ. കാനഡയേക്കാൾ ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം വളരെയധികം പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.

‘സുഹൃത്തുക്കൾക്കിടയിൽ ആരെ തെരഞ്ഞെടുക്കണമെന്ന കാര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് സ്വയം കുഴിയിൽ ചാടുകയില്ല. എന്നാലും അങ്ങനെ തെരഞ്ഞെടുക്കേണ്ടി വന്നാൽ, ഈ വിഷയത്തിൽ കൂടുതലായും ഞങ്ങൾ ഇന്ത്യയെ ആയിരിക്കും തെരഞ്ഞെടുക്കുക. നിജ്ജാർ ഒരു തീവ്രവാദി ആയതുകൊണ്ടും ഇന്ത്യ വളരെ പ്രധാനപ്പെട്ടതായത് കൊണ്ടും. അവരുമായുള്ള ബന്ധം വളരെ പ്രധാനമാണ്,’ വാർത്താ ഏജൻസിയായ എ.എൻ.ഐയോട് മൈക്കൽ റൂബിൻ പറഞ്ഞു.

ജസ്റ്റിൻ ട്രൂഡോ അധികകാലം പ്രധാനമന്ത്രി സ്ഥാനത്തുണ്ടാകില്ല എന്നും അദ്ദേഹം പൊയ്ക്കഴിഞ്ഞാൽ കാനഡയുമായുള്ള ബന്ധം വീണ്ടും ശക്തമാക്കാനാകും എന്നും അദ്ദേഹം പറഞ്ഞു.
ഒരു തീവ്രവാദിക്ക് എന്തിനാണ് താവളമൊരുക്കിയത് എന്ന് ട്രൂഡോ വിശദീകരിക്കണം എന്നും റൂബിൻ പറഞ്ഞു.
‘പ്രധാനമന്ത്രി ട്രൂഡോ ഒരു വലിയ അബദ്ധം കാണിച്ചുവെന്നാണ് എനിക്ക് തോന്നുന്നത്. ഇന്ത്യക്കെതിരെ ഉന്നയിച്ച ആരോപണങ്ങളെ പിന്തുണക്കുന്ന തെളിവുകൾ അദ്ദേഹത്തിന്റെ കൈയിലില്ല. എന്തുകൊണ്ടാണ് ഒരു തീവ്രവാദിക്ക് താവളം നൽകിയതെന്ന് അദ്ദേഹം വിശദീകരിക്കേണ്ടതുണ്ട്,’ റൂബിൻ പറഞ്ഞു.

കാനഡക്ക് പിന്തുണ പ്രഖ്യാപിച്ച യു.എസ് സെക്രട്ടറി ആന്റണി ബ്ലിങ്കനെതിരെയും റൂബിൻ വിമർശനം ഉന്നയിക്കുന്നുണ്ട്.
അന്തർദേശീയമായ അടിച്ചമർത്തലുകൾ യു.എസ് ഗൗരവത്തിൽ എടുക്കുന്നുണ്ടെന്നും ഇന്ത്യ കാനഡയുമായി സഹകരിക്കണമെന്നും ബ്ലിങ്കൻ പറഞ്ഞിരുന്നു.
അന്തർദേശീയമായ തീവ്രവാദത്തെ അടിച്ചമർത്തലായി ബ്ലിങ്കൻ തെറ്റിദ്ധരിച്ചതാണെന്നും നിജ്ജാറിന്റെ കൈയിൽ രക്തം പറ്റിയിട്ടുണ്ടെന്നുമായിരുന്നു മൈക്കൽ റൂബിൻ പ്രതികരിച്ചത്.

കൊല്ലപ്പെട്ട നിജ്ജാർ ഉസാമ ബിൻ ലാദന് തുല്യമാണെന്നും അയാളുടെ കൈയിൽ രക്തം പറ്റിയിട്ടുണ്ടെന്നും റൂബിൻ ആരോപിച്ചു. ട്രൂഡോ ഇതൊരു മനുഷ്യാവകാശ വിഷയമായി ഉന്നയിക്കാനാണ് ശ്രമിക്കുകയെന്നും കൊല്ലപ്പെട്ട നിജ്ജാർ മനുഷ്യാവകാശങ്ങൾക്ക് മാതൃകയായി കാണിക്കാവുന്ന ആളല്ലെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: If US Has To Pick India Or Canada, It Will Choose India, says Ex US Pentagon officer

We use cookies to give you the best possible experience. Learn more