ഗോള്‍നേട്ടത്തില്‍ രണ്ട് പേര്‍ ഒപ്പമെത്തിയാല്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക്; ഫിഫ പറയുന്നതിങ്ങനെ
2022 Qatar World Cup
ഗോള്‍നേട്ടത്തില്‍ രണ്ട് പേര്‍ ഒപ്പമെത്തിയാല്‍ ഗോള്‍ഡന്‍ ബൂട്ട് ആര്‍ക്ക്; ഫിഫ പറയുന്നതിങ്ങനെ
സ്പോര്‍ട്സ് ഡെസ്‌ക്
Wednesday, 14th December 2022, 2:16 pm

ഖത്തര്‍ ലോകകപ്പിന്റെ സെമി ഫൈനല്‍ മത്സരത്തില്‍ ക്രൊയേഷ്യക്കെതിരെ ഗോള്‍ നേടിയതോടെ തന്റെ ഗോള്‍ നേട്ടം അഞ്ചായി ഉയര്‍ത്താനും കിലിയന്‍ എംബാപ്പെക്കൊപ്പം ഒന്നാം സ്ഥാനത്തും എത്തിയിരിക്കുകയാണ് അര്‍ജന്റൈനല്‍ നായകന്‍ ലയണല്‍ മെസി. ഇതോടെ ഗോള്‍ഡന്‍ ബൂട്ടിനായുള്ള ഫ്രണ്ട് റണ്ണേഴ്‌സ് ഇവര്‍ രണ്ട് പേരുമായിരിക്കുകയുമാണ്.

ഒരു ലോകകപ്പില്‍ രണ്ട് താരങ്ങള്‍ ഒരുപോലെ ഗോളടിച്ച് ഒന്നാം സ്ഥാനം പങ്കിട്ടാല്‍ ആര്‍ക്കാണ് ഗോള്‍ഡന്‍ ബൂട്ട് നല്‍കേണ്ടത്? രണ്ട് പേര്‍ക്കും ഒരുമിച്ച് പുരസ്‌കാരം നല്‍കാനോ രണ്ട് പേരില്‍ ഒരാള്‍ക്ക് നല്‍കാതിരിക്കാനോ സാധിക്കില്ല. ഇത്തരമൊരു സാഹചര്യമുണ്ടായാല്‍ ആര്‍ക്കാണ് ഗോള്‍ഡന്‍ ബൂട്ട് നല്‍കേണ്ടത് എന്നതിനെ സംബന്ധിച്ച് ഫിഫക്ക് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്.

കൂടുതല്‍ ഗോള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഒന്നാമതുള്ളവര്‍, അത് രണ്ട് പോരോ മൂന്ന് താരങ്ങളോ എത്രയോ ആയിക്കൊള്ളട്ടേ ഇവരില്‍ ആരാണ് ഏറ്റവുമധികം നോണ്‍ പെനാല്‍ട്ടി ഗോളുകളടിച്ചത് എന്ന കാര്യമാണ് ഫിഫ ഇക്കാര്യത്തില്‍ ആദ്യം പരിഗണിക്കുക. ഇതിലും സമനില തുടരുകയാണെങ്കില്‍ ആരാണ് ഏറ്റവുമധികം അസിസ്റ്റ് നല്‍കിയത് എന്ന കാര്യം പരിഗണിക്കും.

 

 

ഇനിയിപ്പോള്‍ അസിസ്റ്റുകളുടെ കാര്യത്തിലും തുല്യത പാലിക്കുകയാണെങ്കില്‍ ഏത് താരമാണ് കളിക്കളത്തില്‍ ഏറ്റവും കുറവ് സമയം ചെലവഴിച്ചത് എന്നതിനെ ആശ്രയിച്ചാണ് പുരസ്‌കാര നിര്‍ണയം.

അര്‍ജന്റീനയുടെ എല്ലാ മത്സരത്തിലും മെസി 90 മിനിട്ടും കളത്തിലുണ്ടായിരുന്നു. എന്നാല്‍ ഫ്രാന്‍സ് പരാജയപ്പെട്ട ടുണീഷ്യക്കെതിരായ മത്സരത്തില്‍ 27 മിനിട്ട് മാത്രമാണ് എംബാപ്പെ കളത്തിലുണ്ടായിരുന്നത്.

 

ഫ്രാന്‍സിലെയോ അര്‍ജന്റീനയിലെയോ താരങ്ങള്‍ക്കാവും ഗോള്‍ഡന്‍ ബൂട്ട് ലഭിക്കുക എന്ന് ഏകദേശം ഉറപ്പായിട്ടുണ്ട്. അഞ്ച് ഗോള്‍ നേടിയ എംബാപ്പെക്കും മെസിക്കും പുറമെ ഫ്രാന്‍സിന്റെ സൂപ്പര്‍ താരം ഒലിവര്‍ ജിറൂഡാണ് ഗോള്‍ഡന്‍ ബൂട്ടിലേക്ക് കണ്ണുവെക്കുന്ന മറ്റൊരു താരം. നിലവില്‍ നാല് ഗോളാണ് ജിറൂഡിന്റെ പേരിലുള്ളത്.

സ്‌പെയ്‌നിന്റെ ആല്‍വാരോ മൊറാട്ട, ഇംഗ്ലണ്ട് താരങ്ങളായ ബുക്കായോ സാക്ക, മാര്‍ക്കസ് റാഷ്‌ഫോര്‍ഡ്, ഡച്ച് സൂപ്പര്‍ താരം കോഡി ഗാപ്‌കോ, ഇക്വഡോര്‍ താരം എന്നര്‍ വലന്‍സിയ, ബ്രസീല്‍ താരം റിച്ചാര്‍ലിസണ്‍ എന്നിവരാണ് മൂന്ന് ഗോളുമായി ഇവര്‍ക്ക് പിന്നിലുള്ള താരങ്ങള്‍. ഇവരുടെ ടീമുകളെല്ലാം ഇതിനോടകം തന്നെ പുറത്തായതിനാല്‍ ഇവര്‍ക്കിനി സുവര്‍ണ പാദുകം സ്വപ്‌നം കാണാന്‍ സാധിക്കില്ല.

2018 റഷ്യ ലോകകപ്പില്‍ ആറ് ഗോളുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി കെയ്‌നാണ് ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കിയത്.

 

Content highlight: If two players score the same goal, who will get the golden boot?