| Monday, 9th April 2018, 11:51 pm

'തോക്കിന് പകരം മധുരം നല്‍കില്ല'; തൃണമൂലിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബി.ജെ.പി

ഡൂള്‍ന്യൂസ് ഡെസ്‌ക്

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസിന്റെ അക്രമങ്ങള്‍ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കുമെന്ന് ബി.ജെ.പി. പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഏതെങ്കിലും ബി.ജെ.പി പ്രവര്‍ത്തകനെ തൃണമൂല്‍ കോണ്‍ഗ്രസ് അക്രമിച്ചാല്‍ തിരിച്ച് അക്രമിക്കുമെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് ദിലീപ് ഘോഷ് മുന്നറിയിപ്പ് നല്‍കിയത്.

“തൃണമൂല്‍ കോണ്‍ഗ്രസ് അക്രമങ്ങള്‍ ഒഴിവാക്കിയില്ലെങ്കില്‍ അത് അത് പോലെ തിരിച്ച് നല്‍കു. അവര്‍ ബോംബും തോക്കുമായി അക്രമിച്ചാല്‍ ഞങ്ങള്‍ പ്ലേറ്റില്‍ മധുരവുമായല്ല അവരെ സ്വീകരിക്കുക”- അദ്ദേഹം പറഞ്ഞു.


Read Also: ‘ഇന്ത്യയെ ഹിന്ദുസ്ഥാനാക്കരുത്’; ഇന്ത്യന്‍ ഭരണഘടന നശിപ്പിക്കരുതെന്ന ആവശ്യവുമായി സ്വാതന്ത്ര്യ സമരസേനാനിയുടെ കത്ത്


പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ ഞങ്ങള്‍ തയ്യാറായിരിക്കുമെന്നും ദിലീപ് പറഞ്ഞു. “ഞങ്ങളുടെ സ്ഥാനാര്‍ത്ഥികള്‍ നോമിനേഷന്‍ കൊടുക്കുന്നതിന്റെ തിരക്കിലാണ്. കേന്ദ്രസേനയെ വിന്യസിക്കില്ലെന്ന് വ്യക്തമായതോടെ ഞങ്ങള്‍ എല്ലാത്തിനും തയ്യാറായിരിക്കണം. ഞങ്ങള്‍ അവസാനം വരെ പൊരുതും”- ദിലീപ് പറഞ്ഞു.

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വലിയ തോതിലുളള അക്രമപ്രവര്‍ത്തനങ്ങളാണ് നടത്തിവരുന്നത്. പ്രമുഖ സി.പി.ഐ.എം നേതാവും മുന്‍ എം.എല്‍.എയുമായ ബസുദേവ് ആചാര്യയെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത് കഴിഞ്ഞ ദിവസമാണ്.
കാശിപൂരില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി പ്രവര്‍ത്തകര്‍ക്കൊപ്പം പോകവേയാണ് അദ്ദേഹത്തെ തൃണമൂല്‍ പ്രവര്‍ത്തകര്‍ ആക്രമിച്ചത്.


Read Also: റേഡിയോ ജോക്കിയുടെ കൊലപാതകം: മുഖ്യപ്രതി അലിഭായി നാളെ കേരളത്തിലെത്തി കീഴടങ്ങിയേക്കും


ബംഗാളില്‍ അടുത്തമാസം ഒന്ന്, മൂന്ന്, അഞ്ച് തിയ്യതികളിലായി പഞ്ചായത്ത് തെരഞ്ഞെടുപ്പു നടക്കാനിരിക്കെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാന്‍ പോകുന്ന പ്രതിപക്ഷ പാര്‍ട്ടി നേതാക്കള്‍ ആക്രമിക്കപ്പെടുന്ന സംഭവങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും റിപ്പോര്‍ട്ടു ചെയ്തിരുന്നു. പത്രിക സമര്‍പ്പിക്കാന്‍ തൃണമൂല്‍ കോണ്‍ഗ്രസ് അനുവദിക്കുന്നില്ലെന്ന ആരോപണവുമായി നേരത്തെ ബി.ജെ.പിയും കോണ്‍ഗ്രസും ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തുവന്നിരുന്നു.

ഇതിനെതിരെ പരാതി നല്‍കാനായി ജില്ലാ മജിസ്ട്രേറ്റിന്റെ ഓഫീസിലെത്തിയ ബി.ജെ.പി നേതാക്കളും ആക്രമിക്കപ്പെട്ടിരുന്നു.

We use cookies to give you the best possible experience. Learn more