ന്യൂദല്‍ഹി: ലൈംഗികാതിക്രമക്കേസില്‍ ബി.ജെ.പി എം.പിയും മുന്‍ റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ചെയര്‍മാനുമായ ബ്രിജ് ഭൂഷണ്‍ സിങ്ങ് നടത്തിയത് ബലപ്രയോഗം തന്നെയാണ് ഗുസ്തി താരങ്ങള്‍. പരിശോധനയുടെ പേര് പറഞ്ഞ് അനുവാദമില്ലാതെ സ്പര്‍ശിക്കുന്നത് ബലപ്രയോഗമല്ലെങ്കില്‍ പിന്നെയെന്താണെന്ന് ഗുസ്തി താരങ്ങള്‍ ദല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ ചോദിച്ചു.
പ്രതിയുടെ പിടിയില്‍ നിന്ന് തങ്ങളെ മോചിപ്പിക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടു. മുതിര്‍ന്ന അഭിഭാഷക റബേക്ക ജോണാണ് ആറ് ഗുസ്തി താരങ്ങള്‍ക്ക് വേണ്ടി കോടതിയില്‍ ഹാജരായത്.
‘ശ്വാസേച്ഛാസം പരിശോധിക്കാനെന്ന വ്യാജേന ബ്രിജ് ഭൂഷണ്‍ അനുചിതമായാണ് ഗുസ്തി താരങ്ങളെ സ്പര്‍ശിച്ചത്. അത് ബലപ്രയോഗമല്ലാതെ പിന്നെന്താണ്.
സമ്മതമില്ലാതെയുള്ള ഓരോ സ്പര്‍ശനത്തിലും ഗുസ്തി താരങ്ങള്‍ അസ്വസ്ഥരായിരുന്നു. പ്രതി ഒരു ഡോക്ടറാണോ? എന്തിനാണ് അദ്ദേഹം ശ്വാസം പരിശോധിക്കുന്നത്,’ റബേക്ക വാദിച്ചു.
ഗുസ്തി താരങ്ങളുടെ പരാതി വായിച്ച് കേള്‍പ്പിച്ച റബേക്ക ഓരോ സന്ദര്‍ഭത്തിലും ഗുസ്തി താരങ്ങള്‍ പ്രതിയെ തട്ടിമാറ്റാന്‍ ശ്രമിച്ചുവെന്നും കൂട്ടിച്ചേര്‍ത്തു.
ബ്രിജ് ഭൂഷണ്‍ ചെയ്തത് ബലപ്രയോത്തിന് തുല്യമാണെന്നും അതുകൊണ്ട് ഐ.പി.സി സെഷന്‍ 354 പ്രകാരം കുറ്റം ചുമത്തിയിട്ടുണ്ടെന്നും റബേക്ക പറഞ്ഞു.
ഭൂഷണെതിരെ തെളിവുകളുണ്ടെന്നും ആറ് പരാതിക്കാരും സാക്ഷികളുമുണ്ടെന്നും റബേക്ക പറഞ്ഞു. ഇന്ത്യന്‍ എവിഡന്‍സ് ആക്ടിലെ സെഷന്‍ ആറ് പ്രകാരം നേരിട്ട് കാണാത്ത സാക്ഷികളുടെ മൊഴികളും ശരിവെക്കണമെന്ന് റബേക്ക ആവശ്യപ്പെട്ടു.
നേരത്തെ ആലിംഗനം ചെയ്യുന്നത് ലൈംഗികാതിക്രമത്തിന് തുല്യമല്ലെന്നും അതുകൊണ്ട് ഐ.പി.സി സെഷന്‍ പ്രകാരം കേസെടുക്കാനാകില്ലെന്നും ഭൂഷണ് വേണ്ടി ഹാജരായ രാജീവ് മോഹന്‍ വാദിച്ചിരുന്നു.
ബ്രിജ് ഭൂഷണെതിരെയുള്ള ഹരജിയുടെ അടുത്ത വാദം സെപ്റ്റംബര്‍ ഒന്നിന് എ.സി.എം.എം ഹര്‍ജീത് സിങ് ജസ്പല്‍ കോടതിയില്‍ വെച്ച് നടക്കും.
content highlights: If touching without permission is not coercion, then what is? Wrestling players to Delhi court