|

ഭീകരവാദപ്രവര്‍ത്തനം ചെയ്യുന്നവരാണ് ഭീകരവാദി എങ്കില്‍ കല്‍ബുര്‍ഗിയെ കൊന്നവരെ എന്തുവിളിക്കണം?

ഡൂള്‍ന്യൂസ് ഡെസ്‌ക്

ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ചോദിക്കുകയാണ് ഥാപ്പര്‍. ഭീകരപ്രവര്‍ത്തനം ചെയ്യുന്നവരെയാണ് നമ്മള്‍ ഭീകരവാദികള്‍ എന്ന് വിളിക്കുന്നത്. അങ്ങനെയെങ്കില്‍ കല്‍ബുര്‍ഗിയെ കൊന്നവരെ എന്ത് പേരിലാണ് വിളിക്കേണ്ടത്. പലപ്പോഴും ഹിന്ദുത്വ ശക്തികള്‍ നടത്തുന്ന ഭീകരവാദത്തെ ദേശസ്‌നേഹത്തിന്റെ പേരില്‍ ന്യായീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ ചോദ്യം വളരെ പ്രസക്തമാണ്.


romila-thapar


| ഫേസ് ടു ഫേസ് : റോമില്ലാ ഥാപ്പര്‍ / രശ്മി ഷെഹ്ഗല്‍ |


തന്റെ ചരിത്രരചനകളിലൂടെയുംരാഷ്ട്രീയ നിലപാടുകളിലൂടെയും ഇന്ത്യയിലെ ഹിന്ദുത്വ വര്‍ഗീയതയെ നിരന്തരം ചോദ്യം ചെയ്തുകൊണ്ടിരിക്കുന്ന ഇടതുപക്ഷ ചരിത്രകാരിയാണ് റോമില്ലാ ഥാപ്പര്‍. ഏറ്റവും പുതിയ ചോദ്യങ്ങളിലൂടെയാണ് അവര്‍ പ്രശ്‌നങ്ങള്‍ അവതരിപ്പിക്കുന്നത്. കൃത്യസമയത്ത് കൃത്യമായ ചോദ്യങ്ങള്‍ ഉന്നയിക്കേണ്ട ബുദ്ധിജീവികളോടാണ് അവര്‍ എപ്പോഴും സംവദിക്കുന്നത്. മൗനം വെടിഞ്ഞ് ഉറക്കെ ചോദ്യങ്ങള്‍ ചോദിക്കൂ എന്നാണ് ഇന്ത്യയിലെ ആ മുതിര്‍ന്ന ചരിത്രകാരി ആഹ്വാനം ചെയ്യുന്നത്. “ചോദ്യം ചോദിക്കണോ വേണ്ടയോ എന്നതാണ് ഇപ്പോഴത്തെ ചോദ്യം” എന്നാണ് അവരുടെ ഏറ്റവും പുതിയ ലേഖനത്തിന്റെ തലക്കെട്ട് തന്നെ.

“The Public intellectuals in India” എന്ന കൃതിയിലൂടെ ഇത്തരം ശക്തമായ ഒരിടപെടല്‍ തന്നെ റോമില്ലാ ഥാപ്പര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. വിദ്യാഭ്യാസമേഖലയുള്‍പ്പെടെ സര്‍വ്വ രംഗത്തയും കാവിഭീകരശക്തികള്‍ പിടിമുറുക്കിയിട്ടുള്ള ഒരുകാലത്ത് ശബ്ദമുയര്‍ത്തുക എന്നത് തന്നെയാണ് രാഷ്ട്രീയപ്രവര്‍ത്തനം. 2000ല്‍ വാജ്‌പെയ് സര്‍ക്കാരിന്റെ കാലത്ത് എസ്.സി.ഇ.ആര്‍.ടി. ചരിത്ര പുസ്തകങ്ങളെ ഹിന്ദുത്വ വര്‍ഗീയവാദത്തിനു യുക്തമായ വിധത്തില്‍ മാറ്റിയെഴുതാന്‍ ശ്രമിച്ചപ്പോള്‍ റോമില്ലാ ഥാപ്പറുടെ നേതൃത്വത്തില്‍, മരണപ്പെട്ട വിഖ്യാത ചരിത്രകാരന്‍ ആര്‍എസ്. ശര്‍മ, ഇര്‍ഫാന്‍ഡ ഹബിബ്, ബ്ബന്‍ ചന്ദ്ര മുതലായവരുള്‍പ്പെടെ സമരവുമായി രംഗത്തെത്തിയത് ശ്രദ്ധേയമായ സമരമാണ്.

ഇപ്പോള്‍ ഏറ്റവും പ്രസക്തമായ ഒരു ചോദ്യം ചോദിക്കുകയാണ് ഥാപ്പര്‍. ഭീകരപ്രവര്‍ത്തനം ചെയ്യുന്നവരെയാണ് നമ്മള്‍ ഭീകരവാദികള്‍ എന്ന് വിളിക്കുന്നത്. അങ്ങനെയെങ്കില്‍ കല്‍ബുര്‍ഗിയെ കൊന്നവരെ എന്ത് പേരിലാണ് വിളിക്കേണ്ടത്. പലപ്പോഴും ഹിന്ദുത്വ ശക്്തികള്‍ നടത്തുന്ന ഭീകരവാദത്തെ ദേശസ്‌നേഹത്തിന്റെ പേരില്‍ ന്യായീകരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്ന പശ്ചാത്തലത്തില്‍ ഈ ചോദ്യം വളരെ പ്രസക്തമാണ്. ഇന്ത്യയില്‍ അസഹിഷ്ണുത ഇല്ല എന്ന് പ്രധാനമന്ത്രിയും ബോളീവുഡ് താരം അനുപം ഖേറും സംഘപരിവാരങ്ങളും പറയുമ്പോള്‍ ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന അസഹിഷ്ണുതയുടെ കാരണത്തിലേയ്ക്ക് വിരല്‍ ചൂണ്ടുകയാണ് ചരിത്രകാരി…

റോമില്ലാ ഥാപ്പറുമായി രശ്മി ഷെഹ്ഗല്‍ നടത്തിയ അഭിമുെഖ സംഭാഷണത്തിലേയ്ക്ക്…

ഇന്നത്തെ സാഹചര്യങ്ങള്‍ക്ക് ഒരു മറുമരുന്ന് നല്‍കുന്നതില്‍ പൊതുജനത്തിനുള്ള പങ്കിനെക്കുറിച്ചാണ് നിങ്ങളുടെ പുസ്തകം “ദ പബ്ലിക് ഇന്റലക്ച്വല്‍സ് ഇന്‍ ഇന്ത്യ” ചര്‍ച്ച ചെയ്യുന്നത്?

ഒരു വര്‍ഷം മുമ്പ് ഞാന്‍ നടത്തിയ ഒരു പ്രസംഗത്തെ അടിസ്ഥാനപ്പെടുത്തിക്കൊണ്ടാണ് ഈ പുസ്തകം എഴുതിയിരിക്കുന്നത്. ആ സമയത്ത് ഇവിടെ വലിയ മൗനമായിരുന്നു. സംഭവവികാസങ്ങളെകുറിച്ച് യാതൊരു തരത്തിലുള്ള ചര്‍ച്ചയുമില്ല. വിചിത്രമെന്നു പറയട്ടെ, ഈ പുസ്തകം പുറത്തിറങ്ങിയ (2015 ഒക്ടോബര്‍) ഉടന്‍ പ്രതികരണങ്ങളും പ്രതിഷേധങ്ങളും ആരംഭിച്ചു. എന്റെ വാക്കുകള്‍ എനിക്കു പിന്‍വലിക്കേണ്ടി വന്നു. ജനങ്ങള്‍ മൗനത്തിലല്ല. ആളുകള്‍ സംസാരിച്ചു തുടങ്ങി. അതില്‍ എനിക്ക് ഏറെ സന്തോഷമുണ്ട്.

വര്‍ധിച്ചുവരുന്ന വര്‍ഗീയ പ്രശ്‌നങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധമായി പുരസ്‌കാരങ്ങള്‍ തിരിച്ചുനല്‍കുന്ന ശാസ്ത്രജ്ഞരും ബുദ്ധിജീവികളും സിനിമാ പ്രവര്‍ത്തകരും എഴുത്തുകാരും ഉള്‍പ്പെട്ട 400 ഓളം പേരുടെ നടപടിയില്‍ എന്തു തോന്നുന്നു?

ഇത്തരമൊരു സമീപനം സ്വീകരിക്കേണ്ടത് വളരെ അത്യാവശ്യമായിരുന്നു. ഈ പ്രതിഷേധത്തില്‍ പങ്കാളിയായ എല്ലാവര്‍ക്കും അവര്‍ എന്തുകൊണ്ടു പ്രതിഷേധിക്കുന്നു എന്നു പറയാനുള്ള അവസരം കിട്ടിയിരിക്കണം.


സര്‍ക്കാറിനെ അവരുടെ നയങ്ങള്‍ മാറ്റാന്‍ ഈ പ്രതിഷേധം നിര്‍ബന്ധിതരാക്കുമെന്ന് നിങ്ങള്‍ വിശ്വസിക്കുന്നുണ്ടോ?

ആദ്യ പ്രതികരണങ്ങളിലൂടെ പോകുകയാണെങ്കില്‍ സര്‍ക്കാര്‍ അവരുടെ നയങ്ങള്‍ മാറ്റില്ല. അവര്‍ ഈ പ്രതിഷേധങ്ങള്‍ക്ക് ശ്രദ്ധ നല്‍കുന്നുണ്ടെന്നു പോലും തോന്നുന്നില്ല. വ്യത്യസ്തമായി പ്രതിഷേധിച്ചവരായ നമ്മളില്‍ ചിലര്‍ – ശാസ്ത്രജ്ഞനായ സി.എന്‍.ആര്‍ റാവു, റിസര്‍വ് ബേങ്ക് ഗവര്‍ണര്‍ രഘുറാം, ഇന്‍ഫോസിസ് സ്ഥാപകന്‍ നാരായണമൂര്‍ത്തി, നടന്‍ ഷാരൂഖ് ഖാന്‍ മുതലായവര്‍ –  വാസ്തവത്തില്‍ വലിയ ഉത്പതിഷ്ണുക്കള്‍ പോലും ആയിരുന്നില്ല.  എന്നാല്‍ അതോടെ സര്‍ക്കാരിന് ചില പ്രതികരണങ്ങള്‍ നടത്തേണ്ടി വരുമെന്ന് ഞാന്‍ കരുതുന്നു.

ഒരു ചര്‍ച്ചയിലൂടെയാവും പ്രതികരണമെന്നു തോന്നുന്നുണ്ടോ?

അങ്ങനെയാവാം. സ്ഥാപനങ്ങള്‍ സ്വയംഭരണാധികാരമുള്ളവയാക്കണമെന്ന് നിര്‍ബന്ധിക്കലാവും ഏറ്റവും എളുപ്പമായ സംഭാഷണം. ഈ ഹിംസയും, തീവ്രവാദവും ഭീതിയും സൃഷ്ടിക്കുന്ന സംഘടനകള്‍ക്കു മൂക്കുകയറിടാന്‍ നിര്‍ബന്ധിക്കലാവും ഏറ്റവും ബുദ്ധിമുട്ടേറിയ സംഭാഷണം. അത്തരം നടപടികള്‍ എടുക്കണമെങ്കില്‍ വളരെ ശക്തമായ ഒരു സര്‍ക്കാര്‍ വേണ്ടതുണ്ട്.

താങ്കള്‍ ഇപ്പോഴത്തെ ഈ തീവ്രഘടകങ്ങളെ ഭീകരവാദവിഭാഗങ്ങളുമായി താരതമ്യം ചെയ്യുന്നുണ്ടോ?

ആരാണ് തീവ്രവാദി? തീവ്രവാദം സൃഷ്ടിക്കുന്നയാളാണ് ഭീകരവാദി. ആരെങ്കിലും തോക്കെടുത്ത് മലാല യൂസഫ്‌സായിയ്ക്കുനേരെ വെടിയുതിര്‍ക്കുമ്പോള്‍ നമ്മള്‍ അയാളെ ഭീകരവാദിയെന്നു വിളിക്കുന്നു. ആരെങ്കിലും തോക്കെടുത്ത് കല്‍ബുര്‍ഗിക്കുനേരെ വെടിയുതിര്‍ക്കുമ്പോള്‍ അയാളെ നമ്മള്‍ എന്താണ് വിളിക്കുക?

കൊല്ലപ്പെട്ട മൂന്നു യുക്തിവാദികളുടെ (എം.എം കല്‍ബുര്‍ഗി 2015, ഗോവിന്ദ് പന്‍സാരെ 2015, നരേന്ദ്ര ദബോല്‍ക്കര്‍ 2013) കാര്യത്തില്‍ ഇതുവരെ കുറ്റക്കാരെ അറസ്റ്റു ചെയ്യാത്ത സംസ്ഥാന സര്‍ക്കാറുകളുടെ മേലാണ് കുറ്റം ചാര്‍ത്തപ്പെടുന്നത്…

അതൊരു ഭീകര സാഹചര്യമാണ്. നിരവധി സംശയങ്ങള്‍ ഉയര്‍ന്നിട്ടും യാതൊരു നടപടിയും ഉണ്ടായതായി നമുക്ക് കാണാനായിട്ടില്ല. വൈരുദ്ധ്യം വളരെ വലുതാണ്. മറ്റ് സംഘടനകള്‍ പിടിക്കപ്പെട്ടപ്പോള്‍ അന്വേഷണം യഥാര്‍ത്ഥ രീതിയില്‍ തുടങ്ങി.

എന്നിരുന്നാലും കേന്ദ്രസര്‍ക്കാര്‍ പറയുന്നത് തങ്ങളെ കുറ്റപ്പെടുത്തേണ്ടതില്ല എന്നും സംസ്ഥാന സര്‍ക്കാറിന് ഉത്തരവാദിത്തമെന്നുമാണ്.

രണ്ട് കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ഞാനാഗ്രഹിക്കുന്നു. ഏതുസമയത്താണ് കേന്ദ്രസര്‍ക്കാര്‍ സംസ്ഥാന സര്‍ക്കാറിനുമേല്‍ ഉത്തരവാദിത്തം ചാര്‍ത്തുന്നത്? സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനങ്ങള്‍ അടിച്ചമര്‍ത്തപ്പെടുന്ന വിധം അന്തരീക്ഷമാറ്റം സംഭവിക്കുമ്പോഴാണ് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കേണ്ടത്. ഇതുപോലുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ നടപടിയെടുക്കാതിരിക്കാന്‍ ഏതെങ്കിലും ഒരു കേന്ദ്രഭരണകൂടത്തിന് ഒഴിവു കഴിവു പറയാനാകുമെന്ന് എനിക്കു തോന്നുന്നില്ല. അടിസ്ഥാനപരമായി സമൂഹത്തില്‍ ആത്മവിശ്വാസം വളര്‍ത്താന്‍ ശ്രമിക്കേണ്ടതിന്റെ ചോദ്യമാണിത്.

 ബുദ്ധീജീവികളുടെയും എഴുത്തുകാരുടെയും പ്രതിഷേധങ്ങള്‍ക്കുനേരെ വിരല്‍ചൂണ്ടുന്ന നിരവധി നേതാക്കള്‍ നമുക്കുണ്ട്. എന്തുകൊണ്ടാണ് ഇവരൊന്നും 1984ലെ സിഖ് വിരുദ്ധ കലാപസമയത്ത് പ്രതിഷേധിക്കാതിരുന്നതെന്ന ചോദ്യമുയര്‍ത്തുന്നവര്‍?

ആരും അവരുടെ ഹോംവര്‍ക്ക് ചെയ്തിട്ടില്ലെന്നതാണ് പോയിന്റ്. ഒരു സംഘമാളുകള്‍ പ്രതിഷേധിക്കുകയാണെങ്കില്‍ മാധ്യമങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമാണ് പ്രതിഷേധിക്കുന്നവര്‍ ആരാണെന്ന് കണ്ടെത്തുന്നത്. ഈ വ്യക്തികളില്‍ ഭൂരിപക്ഷവും നേരത്തെയും പ്രതിഷേധിച്ചിട്ടുണ്ട്. എന്റെ തന്നെ ഉദാഹരണം എടുക്കാം. അടിയന്തരാവസ്ഥക്കാലത്തും, സിഖ് വിരുദ്ധ കലാപസമയത്തും സല്‍മാന്‍ റുഷ്ദിയുടെ പുസ്തകം നിരോധിച്ചസമയത്തും ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ട സമയത്തും, ഗുജറാത്ത് കലാപവേളയിലും എ.ആര്‍ റഹ്മാനെതിരെ അടുത്തിടെ ഫത്വ പുറപ്പെടുവിച്ച സമയത്തുമെല്ലാം ഞാന്‍ ശക്തമായി പ്രതിഷേധിച്ചിട്ടുണ്ട്. ബി.ജെ.പിക്കെതിരെയും കോണ്‍ഗ്രസിനെതിരെയും നന്ദിഗ്രാം പ്രശ്‌നമുണ്ടായ സമയത്ത് സി.പി.ഐ.എമ്മിനെതിരെയും ഞാന്‍ പ്രതിഷേധിച്ചിട്ടുണ്ട്.

രാജ്യം നല്‍കുന്ന ആദരവാണ് പുരസ്‌കാരം എന്നതിനാല്‍ അവ തിരിച്ചുനല്‍കുന്നത് രാജ്യത്തെ അപമാനിക്കലാണെന്ന് പറഞ്ഞുകൊണ്ട് ചില എഴുത്തുകാരും ബുദ്ധിജീവികളും രംഗത്തെത്തിയിട്ടുണ്ട്.

പത്മ പുരസ്‌കാരം തിരിച്ചുനല്‍കിയ സമയത്ത് ഇതേ ആരോപണങ്ങള്‍ എനിക്കുനേരെയും ഉയര്‍ന്നിരുന്നു. സ്റ്റേറ്റ് അവാര്‍ഡുകള്‍ എന്ന ഒന്ന് ഇല്ല എന്നതായിരുന്നു ആ സമയത്ത് ഞാന്‍ നല്‍കിയ മറുപടി. രാജ്യത്തിന്റെ പേരില്‍ സര്‍ക്കാര്‍ നല്‍കുന്നതാണ് ഈ അവാര്‍ഡുകള്‍. പുരസ്‌കാരം ലഭിക്കുന്നവരുടെ ലിസ്റ്റ് നോക്കിയാല്‍ അധികാരത്തിലിരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിക്ക് വേണ്ടപ്പെട്ടവരാകും അതിലുള്ള ഭൂരിഭാഗം പേരും.

രാജ്യത്ത് ലിബറല്‍ സ്‌പേസിന്റെ അഭാവം നിങ്ങള്‍ പലപ്പോഴും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.

ഒരു വര്‍ഷം മുമ്പ് ലിബറല്‍ സ്‌പേസ് കാര്യമായി കുറയുന്നുണ്ടെന്നായിരുന്നു ഞാന്‍ ചിന്തിച്ചിരുന്നത്. എന്നാല്‍ അടുത്തിടെയുണ്ടായ സംഭവങ്ങള്‍ കാണുക്കുന്നത് ലിബറല്‍ സ്‌പേസ് ഇല്ലെന്നതാണ്. പ്രതിഷേധിക്കുന്ന ആളുകള്‍ക്കെതിരെ നടപടികള്‍, അതു ചെറുതായാലും വലുതായാലും വരുമ്പോള്‍ ഞാന്‍ അത്ഭുതപ്പെടുന്നു. നമുക്ക് കാത്തിരുന്നു കാണാം.

മതേതര സ്വഭാവത്തോടുള്ള താല്‍പര്യം ഇന്ത്യയ്ക്ക് നഷ്ടമാവുകയാണോ?

1960-1970 കാലഘട്ടത്തില്‍ മതേതരത്വത്തെ പിന്തുണയ്ക്കുന്ന ഒരു ആശയമായിരുന്നു രാഷ്ട്രീയ പാര്‍ട്ടികള്‍ക്കുണ്ടായിരുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി അവരുടെ മതേതര ആശയത്തില്‍ ശക്തമായി ഉറച്ചുനിന്നുകൊണ്ട് പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ സാഹചര്യം ഇപ്പോള്‍ മറിച്ചായേനെ.

നിരവധി തൊഴിലുകള്‍ സൃഷ്ടിക്കുന്ന സമ്പദ്ഘടനയായ നവഉദാരസമ്പദ്ഘടനയുടെ ആശയത്തിനുമേല്‍ വളര്‍ന്നുവന്ന ഒരു യുവത ജനത ഇവിടെയുണ്ട്. വാഗ്ദാനം ലഭിച്ച “ഉട്ടോപ്യ” വന്നില്ലെന്നതു കാരണം അവര്‍ക്കിടയില്‍ കടുത്ത നിരാശയുണ്ട്. അതുകൊണ്ടുതന്നെ ഉറവിടങ്ങള്‍ വളരെക്കുറവായതിനാല്‍ നമ്മള്‍ തൊഴില്‍ , ജലം ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കടുത്ത മത്സരം നേരിടേണ്ടി വരുമ്പോള്‍ പ്രത്യയശാസ്ത്രങ്ങളില്‍ നിന്നും വ്യതിചലിച്ച് എളുപ്പത്തില്‍ ഉത്തരം നല്‍കുന്ന സംഘങ്ങളിലേക്ക് ചായാനുള്ള പ്രവണതയുണ്ടാവും.

ഭാവിയെക്കുറിച്ച് ശുഭാപ്തിവിശ്വാസമില്ലേ?

നമ്മള്‍ തീര്‍ച്ചയായും ഒരു വഴിത്തിരിവിലാണ്. കാര്യങ്ങള്‍ ശരിയാവാം അല്ലെങ്കില്‍ പൂര്‍ണമായും മറ്റൊരു വഴിക്കാവാം. ഏതു വഴിക്ക് അവര്‍ പോകുമെന്ന് പറയുകയെന്നത് ഈ ഘട്ടത്തില്‍ വളരെ ബുദ്ധിമുട്ടാണ്.

കടപ്പാട് : ദി സിറ്റിസണ്‍

Latest Stories