| Friday, 3rd November 2017, 7:24 pm

'മതത്തിന്റെ പേരില്‍ ഭയം വിതക്കുന്നുത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണ് തീവ്രവാദം?'; കമല്‍ ഹാസന് പിന്തുണയുമായി സംഘപരിവാറിനെതിരെ ആഞ്ഞടിച്ച് പ്രകാശ് രാജ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ബംഗളൂരു: സംഘപരിവാര്‍ അജണ്ടകള്‍ക്കെതിരെ രംഗത്തു വന്ന ഉലകനായകന്‍ കമല്‍ഹാസന് പിന്തുണയുമായി നടന്‍ പ്രകാശ് രാജ് രംഗത്ത്. രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന കമല്‍ഹാസന്റെ പ്രസ്താവനയ്ക്ക് പിന്തുണയുമായാണ് പ്രകാശ് രാജ് രംഗത്തെത്തിയത്.

” മതത്തിന്റെ പേരില്‍ ഭയം പടര്‍ത്തുമ്പോള്‍ അത് തീവ്രവാദമല്ലെങ്കില്‍ പിന്നെന്താണെന്നായിരുന്നു പ്രകാശ് രാജിന്റെ പ്രസ്താവന. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ആര്‍ക്കാണോ ബന്ധപ്പെട്ടിരിക്കുന്നത് അവര്‍ക്ക് എന്ന തലക്കെട്ടോടെയുള്ള കുറിപ്പിലൂടെയാണ് സംഘപരിവാറിനെതിരെ പ്രകാശ് രാജ് ആഞ്ഞടിച്ചത്.

” ധാര്‍മ്മികതയുടെ പേരില്‍ കമിതാക്കളെ എന്റെ രാജ്യത്തെ തെരുവില്‍ ആക്രമിക്കുന്നത് തീവ്രവാദമല്ലെങ്കില്‍, ഗോഹത്യയുടെ നേരിയ സംശയത്തിന്റെ പേരില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിക്കുകയും നിയമം കയ്യിലെടുക്കുകയും ചെയ്യുന്നത് തീവ്രവാദമല്ലെങ്കില്‍, ട്രോളുകള്‍ക്കൊപ്പം അപമാനിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും എതിര്‍പ്പിന്റെ ചെറു ശബ്ദത്തെ പോലും നിശബ്ദമാക്കുന്നത് തീവ്രവാദമല്ലെങ്കില്‍, പിന്നെ എന്താണ് തീവ്രവാദം? വെറുതെ ചോദിച്ചെന്നേയുള്ളൂ…” എന്നായിരുന്നു പ്രകാശ് രാജിന്റെ കുറിപ്പ്.

അതേസമയം, രാജ്യത്ത് ഹിന്ദു തീവ്രവാദമുണ്ടെന്ന പരാമര്‍ശത്തിന്റെ പേരില്‍ നടന്‍ കമല്‍ഹാസനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. മതവികാരം വൃണപ്പെടുത്തിയെന്നാരോപിച്ചാണ് കേസ്. തമിഴ് മാസികയായ ആനന്ദ വികടനിലെ പ്രതിവാര പംക്തിയിലായിരുന്നു താരം രാജ്യത്ത് ഹിന്ദുത്വ തീവ്രവാദമുണ്ടെന്ന അഭിപ്രായ പ്രകടനം നടത്തിയത്.

വലതുപക്ഷ രാഷ്ട്രീയ പാര്‍ട്ടികളെ ഹിന്ദുത്വ തീവ്രവാദം പിടികൂടിയിരിക്കുകയാണെന്നും മുന്‍ കാലങ്ങളില്‍ യുക്തികൊണ്ട് മറുപടി പറഞ്ഞിരുന്നവര്‍ ഇന്ന് ആയുധങ്ങള്‍ കൊണ്ടാണ് പ്രതികരിക്കുന്നതെന്നും താരം പറഞ്ഞിരുന്നു. ഈ പരാമര്‍ശങ്ങളുടെ പേരിലാണ് മത വികാരം വൃണപ്പെടുത്തുന്നതിനെതിരായ വകുപ്പുകള്‍ ചേര്‍ത്ത് പൊലീസ് കേസെടുത്തത്.


Also Read: ‘കൈകോര്‍ത്ത്’; ജിഗ്‌നേഷ് മെവാനി രാഹുലുമായി ചര്‍ച്ച നടത്തി


അപകീര്‍ത്തികരവും മതവികാരം വ്രണപ്പെടുത്തുന്നതുമായ പ്രസ്താവന നടത്തുന്നതിന് എതിരെയുള്ള ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വിവിധ വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. കേസ് നാളെ കോടതി പരിഗണിക്കുമെന്നു വാര്‍ത്താ ഏജന്‍സിയായ എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്തു.

വര്‍ഗീയ ശക്തികളുടെ വളര്‍ച്ച ദ്രാവിഡ പരമ്പര്യത്തെ ഇല്ലാതാക്കിയില്ലേ എന്ന കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് കമല്‍ഹാസന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

വിജയ് ചിത്രം മെര്‍സലിനെതിരെ ബി.ജെ.പി നേതാക്കള്‍ നടത്തിയ പരാമര്‍ശത്തിനെതിരായ മറുപടികൂടിയായിരുന്നു കമലിന്റെ പ്രതികരണങ്ങള്‍. സിനിമാ താരങ്ങളെ ജാതി പറഞ്ഞ് ആക്ഷേപിക്കുന്നതിലൂടെ ഇവരുടെ മനസിലെ വിഷം എത്രത്തോളമാണെന്ന് വെളിപ്പെട്ടെന്നും താരം പറഞ്ഞിരുന്നു.

പരാമര്‍ശം വിവാദമായതിന് പിന്നാലെ താരം പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണെന്നാവശ്യപ്പെട്ട് ബി.ജെ.പി, ആര്‍.എസ്.എസ് നേതാക്കള്‍ രംഗത്തെത്തിയിരുന്നു. ഇതിനു പിന്നാലെയാണ് നിയമ നടപടി.

We use cookies to give you the best possible experience. Learn more