| Thursday, 25th January 2018, 10:21 am

കര്‍ണിസേനയുടെ സ്ഥാനത്ത് സ്‌കൂള്‍ ബസ് ആക്രമിച്ചത് മുസ്‌ലീം സംഘടനയായിരുന്നെങ്കില്‍ കൈയും കെട്ടി നോക്കിയിരിക്കുമായിരുന്നോ; മോദി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് നടന്‍ സമീര്‍ സോണി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: പദ്മാവതിനെതിരായ പ്രതിഷേധമെന്ന പേരില്‍ ഗുരുഗ്രാമില്‍ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കുനേരേയും ജി.ഡി. സ്‌കൂള്‍ ബസ്സിനുനേരേയും കര്‍ണ്ണിസേന പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിനെതിരെ ആഞ്ഞടിച്ച് നടന്‍ സമീര്‍ സോണി.

കര്‍ണിസേനയ്ക്ക് പകരം ഈ ആക്രമണം ഏതെങ്കിലും മുസ്‌ലീം സംഘടനയായിരുന്നു നടത്തിയതെങ്കില്‍ സര്‍ക്കാരിന്റെ നടപടി എന്തായിരിക്കുമെന്ന് സമീര്‍ സോണി ചോദിക്കുന്നു.

എനിക്ക് നിസാരമായ ചില ചോദ്യങ്ങളാണ് ചോദിക്കാനുള്ളത്. ഇത് ഒരു സിനിമയെ സംബന്ധിച്ച വിഷയമോ സംസ്‌ക്കാരം സംബന്ധിച്ച കാര്യമോ മാത്രമല്ല. ഇത് ക്രമസമാധാന പ്രശ്‌നമാണ്. ജനങ്ങളുടെ സുരക്ഷിതത്വവുമായി ബന്ധപ്പെട്ട കാര്യമാണ്.

എനിക്ക് ഒരു കാര്യം മാത്രമാണ് ചോദിക്കാനുള്ളത്. കര്‍ണിസേനയ്ക്ക് പകരം മറ്റേതെങ്കിലും ഇസ്‌ലാമിക സംഘടനകളായിരുന്നു ഇത് ചെയ്തതെങ്കില്‍ അവര്‍ക്കെതിരെ നിങ്ങള്‍ നടപടി എടുക്കുമായിരുന്നോ ഇല്ലയോ? അതിന് ഉത്തരം പറഞ്ഞേ തീരൂ. – സമീര്‍ പറയുന്നു.

ഇത് ചെയ്തത് ഒരു ഇസ്‌ലാമിക സംഘടനയായിരുന്നെങ്കില്‍ അത് ഇസ്‌ലാമിന്റെ അവകാശമാണെന്ന് പറഞ്ഞ് ആരെങ്കിലും അതിനെ അനുകൂലിക്കുമായിരുന്നോ? അവര്‍ നിയമം കയ്യിലെടുക്കുകയായിരുന്നു എന്ന് എല്ലാവരും തീര്‍ത്ത് പറയില്ലേ? – സമീര്‍ ചോദിക്കുന്നു.

നേരത്തെ മധ്യപ്രദേശ്, രാജസ്ഥാന്‍, ഗുജറാത്ത്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങള്‍ കര്‍ണിസേന പ്രദര്‍ശിക്കുന്നത് വിലക്കിക്കൊണ്ട് ഉത്തരവിറക്കിയതിനെതിരെയും സമീര്‍ സോണി രംഗത്തെത്തിയിരുന്നു.

സംസ്ഥാനത്തിന് ഒരു സിനിമ വിലക്കാനുള്ള അധികാരമുണ്ടെങ്കില്‍ പിന്നെ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം ഇല്ലല്ലോയെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എന്ത് പ്രദര്‍ശിപ്പിക്കണ,ം എന്ത് വേണ്ട എന്ന സംസ്ഥാനം തീരുമാനിക്കുകയാണെങ്കില്‍ പിന്നെ സെന്‍സര്‍ ബോര്‍ഡിന്റെ ആവശ്യം എന്താണെന്നും അവര്‍ക്ക് രാജിവെച്ച് പോയ്ക്കൂടെയെന്നും സമീര്‍ ചോദിച്ചിരുന്നു.

പത്മാവദ് സിനിമയ്‌ക്കെതിരെ കഴിഞ്ഞ ദിവസം റോഡില്‍ പ്രതിഷേധിച്ച കര്‍ണിസേനപ്രവര്‍ത്തകര്‍ ജി.ഡി. സ്‌കൂള്‍ ബസ്സിന് നേരേ കല്ലെറിയുകയും ജനാലകള്‍ അടിച്ചു പൊട്ടിക്കുകയുമായിരുന്നു. പ്രതിഷേധം ശക്തമായതോടെ ബസ്സിനകത്തുണ്ടായിരുന്ന കുട്ടികള്‍ പേടിച്ച് നിലവിളിക്കുന്ന വീഡിയോ ഉള്‍പ്പെടെ പുറത്തുവന്നിരുന്നു.

ആക്രമണം ശക്തമായതോടെ പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിക്കുകയും ചിത്രം പ്രദര്‍ശിപ്പിക്കുന്ന തീയേറ്ററുകള്‍ക്ക് പൊലീസ് സംരക്ഷണം എര്‍പ്പെടുത്തുകയും ചെയ്തിരുന്നു. ഗുരുഗ്രാമില്‍ തന്നെ നാല്‍പ്പതിലധികം തിയേറ്ററുകള്‍ ചിത്രം പ്രദര്‍ശിപ്പിക്കുന്നതില്‍ നിന്ന് പിന്‍മാറിയിട്ടുണ്ട്.

We use cookies to give you the best possible experience. Learn more