| Monday, 4th June 2018, 11:12 am

രജനീകാന്തിന്റേത് അദ്ദേഹത്തിന്റെ അഭിപ്രായം; എന്റെ ചിന്ത വ്യത്യസ്തമാണ് ; തൂത്തുക്കുടി ജനത സാമൂഹ്യവിരുദ്ധരാണെങ്കില്‍ താനും അങ്ങനെയെന്നും കമല്‍ഹാസന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൂത്തുക്കുടി: തൂത്തുക്കുടിയിലെ സ്റ്റെര്‍ലൈറ്റ് കോപ്പര്‍ പ്ലാന്റിനെതിരെ സമരം ചെയ്ത ജനതയെ വെടിവെപ്പിലൂടെ അടിച്ചമര്‍ത്തുകയും സാമൂഹ്യവിരുദ്ധരായി ചിത്രീകരിക്കുകയും ചെയ്ത പൊലീസിനേയും ഭരണകൂടത്തെയും വിമര്‍ശിച്ച് നടന്‍ കമല്‍ഹാസന്‍.

ചില സാമൂഹ്യവിരുദ്ധര്‍ ഇതിനിടയില്‍ കടന്നുകൂടിയെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. പൊലീസിന് നേരെ ആക്രമണം നടത്തിയതിലും അവരുടെ വാഹനങ്ങള്‍ തല്ലിത്തകര്‍ത്തതിലും അത്തരമൊരു പങ്ക് കാണേണ്ടിയിരിക്കുന്നു. എന്നാല്‍ പ്രതിഷേധിക്കുന്ന ജനങ്ങളെയൊന്നടങ്കം സാമൂഹ്യവിരുദ്ധരായി മുദ്രകുത്തുന്നത് അംഗീകരിക്കാനാവില്ല- കമല്‍ഹാസന്‍ പറഞ്ഞു.

ഓരോ ചെറിയ കാര്യത്തിന്റെ പേരിലും സമരം ആരംഭിച്ചാല്‍ തമിഴ്‌നാട് ശ്മശാനമായി മാറുമെന്ന നടന്‍ രജനീകാന്തിന്റെ പ്രസ്താവനയേയും കമല്‍ഹാസന്‍ വിമര്‍ശിച്ചു. അത് അദ്ദേഹത്തിന്റെ അഭിപ്രായമായിരിക്കുമെന്നും എന്നാല്‍ എന്റെ ചിന്ത വ്യത്യസ്തമാണെന്നും കമല്‍ഹാസന്‍ പറയുന്നു.

“ഞാന്‍ ഗാന്ധിയില്‍ നിന്നാണ് പാഠം ഉള്‍ക്കൊള്ളുന്നത്. ഞാന്‍ ഗാന്ധിയുടെ വിദ്യാര്‍ത്ഥിയാണ്. ഞാന്‍ അദ്ദേഹത്തെ കണ്ടിട്ടില്ല. അദ്ദേഹം മരിച്ച ശേഷമായിരുന്നു എന്റെ ജനനം. പ്രതിഷേധങ്ങള്‍ക്ക് തീര്‍ച്ചയായും ഒരു സ്വഭാവം ഉണ്ടാകും. ആ സ്വഭാവം എങ്ങനെയായിരിക്കണമെന്ന് നമ്മള്‍ ഗാന്ധിയില്‍ നിന്ന് പഠിക്കണം. കത്തിയും വാളും തോക്കും ഉപയോഗിച്ചുള്ള പ്രതിഷേധമായിരിക്കരുത് ജനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ടത്.

വെടിയുണ്ട നമുക്ക് നേരെ അടുക്കുമ്പോള്‍ അതിനെ തുറന്ന മനസോടെ നേരിടണം. അത് തന്നെയായിരുന്നു നമ്മള്‍ തൂത്തുക്കുടിയില്‍ കണ്ടത്. അത് ഏറ്റവും നല്ല വഴിയാണ്. അതില്‍ അക്രമം കടന്നുകൂടിയാല്‍ അത് കുറയ്ക്കണം. നമ്മുടെ പ്രതിഷേധങ്ങള്‍ അതില്‍ അലിഞ്ഞ് ഇല്ലാതായിപ്പോവരുത്. നീതി ലഭിക്കാതെ തൂത്തുക്കുടി ജനത പ്രതിഷേധം അവസാനിപ്പിക്കില്ലെന്നും കമല്‍ഹാസന്‍ പറഞ്ഞു.


Dont Miss ഗ്വാട്ടിമാലയില്‍ അഗ്നിപര്‍വത സ്‌ഫോടനത്തില്‍ 25 മരണം; 2000 പേരെ ഒഴിപ്പിച്ചു, വിമാനത്താവളം അടച്ചു


സമരം ചെയ്തവര്‍ക്കെതിരെ പൊലീസ് വെടിവെപ്പ് നടത്തിയ സംഭവത്തില്‍ രൂക്ഷ പ്രതികരണവുമായി നേരത്തെയും കമല്‍ഹാസന്‍ രംഗത്തെത്തിയിരുന്നു.

ആരാണ് വെടിവെപ്പിന് ഉത്തരവിട്ടതെന്ന് തങ്ങള്‍ക്കറിയണമെന്ന് കമല്‍ഹാസന്‍ ആവശ്യപ്പെട്ടിരുന്നു.”” ഇത് എന്റെ മാത്രം ആവശ്യമില്ല. മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളുടേയും സമരത്തില്‍ പങ്കെടുത്ത ഓരോരുത്തരുടേയും ആവശ്യമാണ്. നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇതില്‍ നിന്നും രക്ഷപ്പെടാമെന്ന് സര്‍ക്കാര്‍ കരുതണ്ട. ഈ വ്യവസായം അടച്ചുപൂട്ടിയേ തീരു. ഇത് തന്നെയാണ് ജനങ്ങള്‍ ആവശ്യപ്പെടുന്നതും””-കമല്‍ഹാസന്‍ പറഞ്ഞു.

ജനവാസ മേഖലയിലെ പ്ലാന്റിനെതിരായ നൂറാം ദിവസത്തെ പ്രക്ഷോഭത്തിന്റെ ഭാഗമായാണ് ജനങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു സമരത്തിന് നേരെയുള്ള പൊലീസ് വെടിവെപ്പ് ഉണ്ടായത്. വെടിവെയ്പില്‍ 13 പേരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതില്‍ 17 വയസുള്ള പെണ്‍കുട്ടിയും കൊല്ലപ്പെട്ടിരുന്നു.

1996ലാണ് സ്‌റ്റൈര്‍ലൈറ്റ് യൂണിറ്റ് തുറമുഖ നഗരമായ തൂത്തുക്കുടിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇന്ത്യയിലെ ഏറ്റവും വലിയ കോപ്പര്‍ നിര്‍മ്മാണ പ്ലാന്റുകളിലൊന്നായ കമ്പനി പരിസ്ഥിതി മലിനീകരണം നടത്തുന്നതായി വര്‍ഷങ്ങളായി ആരോപണം ഉയര്‍ന്നിരുന്നു.

നാടിന്റെ മണ്ണും വായുവും വെള്ളവും മലിനമായിക്കഴിഞ്ഞെന്ന തിരിച്ചറിവിലാണ് ജനങ്ങള്‍ സമരം ശക്തമാക്കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഇന്നലത്തെ വെടിവെപ്പിലൂടെ സമരം ദുരന്തപൂര്‍ണമായ വഴിത്തിരിവില്‍ എത്തി നില്‍ക്കുകയാണ്.

We use cookies to give you the best possible experience. Learn more