ദുബായ്: തനിക്ക് കുറച്ച് കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ കടങ്ങളെല്ലാം എളുപ്പത്തില്‍ തീര്‍ക്കാന്‍ കഴിയുമായിരുന്നെന്ന് ജയില്‍ മോചിതനായ അറ്റ്‌ലസ് രാമചന്ദ്രന്‍. ജീവിതത്തിലെ പ്രശ്ങ്ങളെ ഫേസ് ചെയ്യുക എന്നതാണ് തന്റെ രീതിയെന്നും അതില്‍ നിന്ന് ഒളിച്ചോടി പോകുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ചാനലില്‍ ജോണ്‍ ബ്രിട്ടാസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലായിരുന്നു അറ്റ്‌ലസ് രാമചന്ദ്രന്റെ വെളിപ്പെടുത്തല്‍. “എന്റെ ജീവിതത്തിലെ പ്രിന്‍സിപ്പിള്‍ എന്നത് എല്ലാം പ്രശ്‌നങ്ങളെയും ഫേസ് ചെയ്യുക എന്നതാണ്. അതില്‍ നിന്ന് ഒളിച്ചോടി പോകുന്നതില്‍ യാതൊരു അര്‍ത്ഥവുമില്ല പിന്നീട് ജീവിക്കാനായി മനസിന് സുഖവുമുണ്ടാകില്ല. അപ്പം ബാങ്കുകളില്‍ നിന്ന് കടമെടുത്താലും മറ്റുള്ളവരില്‍ നിന്ന് കടം വാങ്ങിയാലും അതെല്ലാം സെറ്റില്‍ ചെയ്യണം. എനിക്ക് ഡയരക്റ്റായിട്ട് നെഗോഷ്യേറ്റ് ചെയ്യാന്‍ കഴിഞ്ഞിരുന്നെങ്കില്‍, എനിക്ക് കുറച്ചു കൂടി സമയം ലഭിച്ചിരുന്നെങ്കില്‍ എല്ലാ ബാങ്ക് കടങ്ങളും വളരെ എളുപ്പത്തില്‍ എനിക്ക് തീര്‍ക്കാമായിരുന്നു” അറ്റ്‌ലസ് രാമചന്ദ്രന്‍ പറഞ്ഞു.
2015 ഓഗസ്റ്റ് മാസത്തിലാണ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. 3.40 കോടി ദിര്‍ഹമിന്റെ രണ്ട് ചെക്കുകള്‍ മടങ്ങിയ കേസില്‍ മൂന്ന് വര്‍ഷത്തേക്കാണ് ദുബായ് കോടതി ശിക്ഷിച്ചത്. ഇതിന് പിന്നാലെ നാട്ടിലും വിദേശത്തുമുണ്ടായിരുന്ന അദ്ദേഹത്തിന്റെ വ്യാപാര സ്ഥാപനങ്ങളെല്ലാം അടച്ചിടേണ്ട അവസ്ഥയിലായി.
അറ്റ്‌ലസ് രാമചന്ദ്രന്റെയും തന്റേയും ബുദ്ധിമുട്ടുകള്‍ തുറന്നുപറഞ്ഞുകൊണ്ടുള്ള രാമചന്ദ്രന്റെ ഭാര്യ ഇന്ദിരയുടെ വാര്‍ത്ത കഴിഞ്ഞവര്‍ഷം ഖലീജ് ടൈംസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.
വാടകയടയ്ക്കാന്‍ പോലും പണമില്ലെന്നും ഏത് നിമിഷവും താനും അറസ്റ്റിലാകാനുള്ള സാധ്യത നിലനില്‍ക്കുന്നുവെന്ന് ഖലീജ് ടൈംസിനോട് ഇന്ദിര വ്യക്തമാക്കിയിരുന്നു. ശമ്പളം ബാക്കി ലഭിക്കാനുള്ള തൊഴിലാളികള്‍ നിസ്സഹായയായ തന്നോട് അതാവശ്യപ്പെട്ട് വീട്ടില്‍ വന്നുവെന്നും ജുവലറികളിലുണ്ടായിരുന്ന സ്വര്‍ണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങള്‍ വീട്ടിയിരുന്നെന്നും ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നല്‍കിയിരുന്നെന്നും അവര്‍ പറഞ്ഞിരുന്നു.