| Saturday, 21st October 2017, 6:30 pm

അഭിപ്രായ സ്വാതന്ത്യമില്ലെങ്കില്‍ ഇന്ത്യയെ ഒരിക്കലും ജനാധിപത്യരാജ്യമെന്ന് വിളിക്കരുത്; വിജയ് ചിത്രം മെര്‍സലിന് പിന്തുണയുമായി വിജയ് സേതുപതി

ഡൂള്‍ന്യൂസ് ഡെസ്‌ക്

ചെന്നൈ: കേന്ദ്രസര്‍ക്കാര്‍ നയത്തെ വിമര്‍ശിച്ചതിന്റെ പേരില്‍ വിജയ് ചിത്രം മെര്‍സലിനെതിരായ ബി.ജെ.പി പ്രചരണത്തിനെതിരെ ആഞ്ഞടിച്ച് വിജയ് സേതുപതി. രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍  ഇന്ത്യയെ ഒരിക്കലും ജനാധിപത്യരാജ്യമെന്ന് വിളിക്കരുതെന്ന് അദ്ദേഹം പറഞ്ഞു.

അഭിപ്രായ സ്വാതന്ത്യത്തെ ഹനിക്കുന്നതിനെതിരെ ജനങ്ങളുടെ ശബ്ദം ഉയരേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ട്വിറ്റര്‍ അക്കൗണ്ടിലൂടെയായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായ പ്രകടനം.നേരത്തെ ചിത്രത്തിന് പിന്തുണയുമായി സിനിമാ രംഗത്ത് നിന്ന് കമല്‍ഹാസനും പാ രഞ്ജിത്തടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു.

മെര്‍സല്‍ സെര്‍ട്ടിഫൈ ചെയ്തതാണെന്നും അതുകൊണ്ട് തന്നെ ഇനി വീണ്ടും സെന്‍സര്‍ ചെയ്യേണ്ട ആവശ്യമില്ലെന്നുമായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.സിനിമയ്ക്ക് എതിരായുള്ള ഇത്തരം വിമര്‍ശനങ്ങള്‍ക്ക് യുക്തിപരമായ പ്രതികരണമാണ് ആവശ്യം. വിമര്‍ശനത്തിന് മുന്നില്‍ മൗനം അരുത്.അഭിപ്രായങ്ങള്‍ പറയുമ്പോള്‍ മാത്രമേ ഇന്ത്യ തിളങ്ങുകയുള്ളൂവെന്നും കമല്‍ഹാസന്‍ ട്വിറ്ററില്‍ കുറിച്ചിരുന്നു.


Also read വിജയ് എന്നെ ഓരോ നിമിഷവും അത്ഭുതപ്പെടുത്തികൊണ്ടിരുന്നു; മെര്‍സല്‍ ചിത്രീകരണത്തിനിടെ വിജയ്‌യുമായുള്ള അനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് ഹരീഷ് പേരടി


അറ്റ്ലീ സംവിധാനം ചെയ്ത മെരസലില്‍ ജി.എസ്.ടിയേയും ഗോരഖ്പൂര്‍ സംഭവവുമെല്ലാം പ്രതിപാദിക്കുന്നുണ്ട്. 7% ജി.എസ്.ടി ഉള്ള സിങ്കപ്പൂരില്‍ ജനങ്ങള്‍ക്ക് ചികിത്സ സൗജന്യമാവുമ്പോള്‍ 28% ജി.എസ്.ടി വാങ്ങുന്ന ഇന്ത്യയില്‍ എന്താണ് നടക്കുന്നതെന്ന് ചിത്രം ചോദിക്കുന്നുണ്ട്. ആശുപത്രിയിലെ വെന്റിലേറ്ററില്‍ എലി കടിച്ച് കുഞ്ഞ് മരിച്ചതും നോട്ടു നിരോധനത്തെയുമെല്ലാം ചിത്രത്തില്‍ വിമര്‍ശിക്കുന്നുണ്ട്. രാജ്യത്തെ ഡിജിറ്റല്‍ ഇന്ത്യ കാമ്പയിനെ വടിവേലു അവതരിപ്പിച്ച കഥാപാത്രവും കളിയാക്കുന്നുണ്ട്.

്ഇതിനെതിരെ ബി.ജെ.പി നേതാക്കള്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാറിനെ വിമര്‍ശിക്കുന്ന ഭാഗങ്ങള്‍ മെര്‍സലില്‍ നിന്നും നീക്കം ചെയ്യണമെന്നായിരുന്നു ഇവരുടെ ആവശ്യം. ഇത് അണിയറ പ്രവര്‍ത്തകര്‍ നിഷേധിച്ചതോടെ നായകന്‍ വിജയ്‌ക്കെതിരെ ബി.ജെ.പി പ്രചരണമഴിച്ചുവിടുകയും ചെയ്തിരുന്നു.

വിജയ് ക്രിസ്ത്യാനിയാണെന്നും അത് കൊണ്ടാണ് ചിത്രത്തില്‍ അമ്പലങ്ങളല്ല ആശുപത്രികളാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞതെന്നും വിജയ് നികുതി തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നും നികുതി അടച്ചതിന്റെ വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും ബി.ജെ.പി നേതാക്കള്‍ ആരോപിച്ചിരുന്നു.

We use cookies to give you the best possible experience. Learn more