റാഞ്ചി: ജനങ്ങളുടെ അവകാശങ്ങളിലും അവരുടെ ഓഹരികളിലും അനീതി നിലനിൽക്കുമ്പോൾ ഇന്ത്യയെ എങ്ങനെ ഒരുമിപ്പിക്കാൻ സാധിക്കുമെന്ന് രാഹുൽ ഗാന്ധി.
ഭാരത് ജോഡോ യാത്രയുടെ ഭാഗമായി ജാർഖണ്ഡിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്ത്യയിലെ 500 കോർപ്പറേറ്റ് സ്ഥാപനങ്ങൾ എടുത്താൽ അതിൽ ഒന്നിൽ പോലും ഒ.ബി.സി മുതലാളിമാരുടെ പേര് ഉണ്ടാകില്ലെന്നും സ്വകാര്യ വിദ്യാഭ്യാസ മേഖലയിലും മെഡിക്കൽ രംഗത്തും തൽസ്ഥിതി തന്നെയാണുള്ളതെന്നും അദ്ദേഹം പറഞ്ഞു.
‘ഇന്ത്യയിലെ ടോപ് 200 കോർപ്പറേറ്റ് കമ്പനികളിൽ ഒ.ബി.സി മുതലാളിമാരുടെ പേര് പറയാമോ? അദാനിയുടെ പേര് കേട്ടിട്ടുണ്ട്, ടാറ്റയുടെ പേര് കേട്ടിട്ടുണ്ട്, ബിർളയുടെ പേര് കേട്ടിട്ടുണ്ട്. ഏതെങ്കിലും ഒരു ഒ.ബി.സി പേര് പറഞ്ഞ് തരൂ.
നിങ്ങളുടെ മാധ്യമ സ്ഥാപനങ്ങളിൽ ഏതെങ്കിലും ദളിത, ആദിവാസി മുതലാളിയുടെ പേര് പറയൂ. ജാതി സെൻസസിനെ കുറിച്ചല്ല ചോദിക്കുന്നത്. ഈ രാജ്യത്തെ പങ്കാളിത്തം ലഭിക്കുന്നത് ആർക്കാണ് എന്നാണ്.
കോർപ്പറേറ്റ് മേഖലയിൽ 200 വലിയ കമ്പനികളുണ്ട്. അല്ലെങ്കിൽ 500 എടുക്കൂ, ഇതിൽ സീനിയർ മാനേജ്മെന്റിൽ എത്ര ഒ.ബി.സി ആളുകളുണ്ട്? അതിൽ ദളിതരുടെ പേര് പറയൂ, ആദിവാസികളുടെ പേര് പറയൂ.
സ്വകാര്യ മെഡിക്കൽ മേഖലയിലും അവരുടെ പേരുകൾ കാണാൻ സാധിക്കില്ല. സ്വകാര്യ വിദ്യാഭ്യാസ മേഖലയിൽ ചോദിച്ചാൽ അവിടെയും ഉണ്ടാകില്ല.
ദൽഹിയിൽ നമ്മുടെ സർക്കാർ സംവിധാനം പ്രവർത്തിക്കുന്നിടത്ത് 90 ഐ.എ.എസ് ഉദ്യോഗസ്ഥരാണുള്ളത്. ഇതിൽ മൂന്ന് പേരാണ് ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ളവർ.
അപ്പോൾ നിങ്ങൾ ജനങ്ങളോട് ഓരോ മേഖലയിലും അനീതി കാണിച്ചാൽ രാജ്യത്തെ എങ്ങനെ ഒരുമിപ്പിക്കാൻ സാധിക്കും?
അനീതിയുടെ ഭാരതത്തിൽ ജനങ്ങളെ ഒരുമിപ്പിക്കാൻ സാധിക്കില്ല,’ രാഹുൽ ഗാന്ധി പറഞ്ഞു.
വികസനത്തിന്റെ പേരിൽ രാജ്യത്തെ ഗോത്ര വിഭാഗങ്ങളുടെ ഭൂമി തട്ടിയെടുക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു. ഇന്ത്യ സഖ്യം അധികാരത്തിൽ വന്നാൽ ജാതി സെൻസസ് നടപ്പാക്കുമെന്നും 50 ശതമാനം സംവരണം എന്ന പരിധി എടുത്തുമാറ്റുമെന്നും അദ്ദേഹം കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. രാജ്യത്ത് 50 ശതമാനം ഒ.ബി.സിയും 15 ശതമാനം ദളിതരും എട്ട് ശതമാനം ഗോത്ര വിഭാഗവുമാണ് ഉള്ളത് എന്നിരിക്കെ 50 ശതമാനം സംവരണം മതിയാകില്ല എന്നാണ് രാഹുലിന്റെ വാദം.
Content Highlight: If there is injustice to people’s rights and their share, then how will India unite? asks Rahul Gandhi