| Thursday, 5th December 2019, 7:57 pm

'അവിടെ സാമ്പത്തിക മാന്ദ്യമുണ്ടെങ്കില്‍ പിന്നെന്തുകൊണ്ടാണ് ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത്?'; വിപണിത്തകര്‍ച്ചയെക്കുറിച്ച് ബി.ജെ.പി എം.പിക്കു പറയാനുള്ളത് ഇതാണ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഉള്ളിവിലയെക്കുറിച്ചു നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് അടുത്ത വിവാദ പ്രസ്താവന നടത്തി ബി.ജെ.പി എം.പി വിരേന്ദ്ര സിങ് മസ്ത്. രാജ്യത്തെ ഓട്ടോമൊബൈല്‍ മേഖലയെ സാമ്പത്തിക മാന്ദ്യം ബാധിച്ചെന്ന ആരോപണത്തിനെതിരെയായിരുന്നു ഉത്തര്‍പ്രദേശിലെ ബല്ലിയയില്‍ നിന്നുള്ള എം.പി ലോക്‌സഭയില്‍ നടത്തിയ പ്രസ്താവന.

‘രാജ്യത്തെയും സര്‍ക്കാരിനെയും അപകീര്‍ത്തിപ്പെടുത്താനാണു ചിലര്‍ ഓട്ടോമൊബൈല്‍ മേഖല തകര്‍ച്ചയിലാണെന്നു പറയുന്നത്. അങ്ങനെ ഓട്ടോമൊബൈല്‍ വിപണിയില്‍ തകര്‍ച്ചയുണ്ടെങ്കില്‍ പിന്നെന്തുകൊണ്ടാണ് റോഡുകളില്‍ ട്രാഫിക് ജാമുകള്‍ ഉണ്ടാകുന്നത്?’- അദ്ദേഹം ചോദിച്ചു.

ഉള്ളിയുടെ വില വര്‍ധിക്കുന്നതിനെതില്‍ നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രസ്താവന നേരത്തേ വിവാദമായിരുന്നു.

‘ഞാന്‍ അധികം ഉള്ളിയോ വെളുത്തുള്ളിയോ കഴിക്കാറില്ല. അതുകൊണ്ട് ഒരു പ്രശ്നവുമില്ല. ഉള്ളി അധികം കഴിക്കാത്ത ഒരു കുടുംബത്തില്‍ നിന്നാണു ഞാന്‍ വരുന്നത്.’- നിര്‍മല പറഞ്ഞിരുന്നു.

ഉള്ളിയുടെ വിലക്കയറ്റത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ പുരോഗമിക്കുന്നതിനിടെയാണ് ധനമന്ത്രിയുടെ പ്രതികരണം. വിലക്കയറ്റം നേരിടാന്‍ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍ വിശദീകരിക്കുകയായിരുന്നു നിര്‍മലാ സീതാരാമന്‍.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

നിലവില്‍ ഉള്ളിയുടെ വില 110 മുതല്‍ 160 രൂപവരെയാണ്. ഉള്ളി സംബന്ധമായ ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ പൂര്‍ണ്ണമായും ഒഴിവാക്കിയെന്നും നേരിട്ടുള്ള ഇടപെടലുകളാണ് നടത്തുകയെന്നും ധനമന്ത്രി പറഞ്ഞു.

നിര്‍മലയ്ക്കു പിറകേ കേന്ദ്ര ആരോഗ്യ സഹമന്ത്രിയും സമാന പ്രസ്താവന നടത്തിയിരുന്നു.

ഇങ്ങനെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം- ‘ഞാനൊരു സസ്യഭുക്കാണ്. ഞാനിതുവരെ ഒരു ഉള്ളി രുചിച്ചുനോക്കിയിട്ടു പോലുമില്ല. പിന്നെങ്ങനെയാണ് എന്നെപ്പോലൊരാള്‍ക്ക് ഉള്ളിയുടെ വിപണിവിലയെക്കുറിച്ച് അറിയാന്‍ കഴിയുക?’

We use cookies to give you the best possible experience. Learn more