തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ അതിരൂക്ഷ പരിഹാസ വിമര്‍ശനവുമായി കെ. മുരളീധരന്‍ എം.പി. കൊച്ചിയില്‍ കോണ്‍ഗ്രസിന്റെ 137ാം സ്ഥാപകദിനാഘോഷ ചടങ്ങില്‍ സംസാരിക്കുന്നതിനിടെയാണ് മുഖ്യമന്ത്രിക്കെതിരെ മുരളീധരന്റെ വിമര്‍ശനമുണ്ടായത്.
‘എരണം കെട്ടവന്‍ നാട് ഭരിച്ചാല്‍ നാട് മുടിയും എന്ന പഴഞ്ചൊല്ല് പോലെയാണ് നമ്മുടെ നാടിന്റെ അവസ്ഥ. ഭരിക്കുന്നവന്‍ നന്നെല്ലെങ്കില്‍ നാടിന് നന്നല്ല എന്ന് രാമായണത്തിലും പറഞ്ഞിട്ടുണ്ട്,’ മുരളീധരന്‍ പറഞ്ഞു.
കഴിഞ്ഞ ആറ് വര്‍ഷമായി മര്യാദക്ക് ഒരു ക്രിസ്തുമസ് ആഘോഷിച്ചോ, ഓണം ആഘോഷിച്ചോ. അതാണ് പറഞ്ഞത്. ഭരിക്കുന്നവന്‍ കുഴപ്പക്കാരന്‍ ആണെങ്കില്‍ നാട് കുഴപ്പത്തിലാവും. കേരളത്തില്‍ മുമ്പും വവ്വാലുകള്‍ ഉണ്ടായിരുന്നു അന്നൊന്നും നിപ്പ വന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
രാഷ്ട്രപതിക്ക് ബാത്ത്‌റൂമില്‍ പോകാന്‍ ഒരു ബക്കറ്റ് വെള്ളമെത്തിക്കാന്‍ സാധിക്കാത്തവരാണ് കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നതെന്ന് മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
‘ഏത് വി.ഐ.പി വന്നാലും അവരുടെ ആവശ്യത്തിനായി ഒരു താത്കാലിക ടോയ്‌ലെറ്റ് സ്ഥാപിക്കാറുണ്ട്. അതു പോലൊന്ന് രാഷ്ട്രപതി പങ്കെടുത്ത പൂജപ്പുരയിലെ ഉദ്ഘാടന വേദിയിലും സ്ഥാപിച്ചിരുന്നു. പക്ഷേ വാട്ടര്‍ കണക്ഷന്‍ മാത്രം കൊടുത്തില്ല. ഇതിന് കാരണമായി കരാറുകാരന്‍ പറഞ്ഞത് ഷെഡ്ഡുഡാക്കാന്‍ മാത്രമേ എനിക്ക് പെര്‍മിഷനുള്ളൂ വെള്ളം വയ്ക്കാന്‍ പറഞ്ഞില്ലെന്നാണ്.
അവസാനം മൂത്രമൊഴിക്കാന്‍ പോയ രാഷ്ട്രപതിയെ ഇരുപത് മിനിറ്റായിട്ടും കാണാനില്ല. കാരണം എന്താ ബാത്ത്‌റൂമില്‍ വെള്ളമില്ല. അവസാനം ഉദ്യോഗസ്ഥര്‍ ബക്കറ്റില്‍ വെള്ളം കൊണ്ടോടുകയായിരുന്നു. എന്നിട്ടാണ് ഇവിടെ കെ റെയില്‍ ഇട്ടോടിക്കാന്‍ പോകുന്നത്. രാഷ്ട്രപതിയുടെ ബാത്ത് റൂമിലേക്ക് വെള്ളമെത്തിക്കാന്‍ പോലും സാധിക്കാത്ത വിദ്വാന്‍മാര്‍ ഇവിടെ എന്തു മണ്ണാങ്കട്ടയാണ് ഉണ്ടാക്കാന്‍ പോകുന്നത്. എന്നിട്ട് ഇവര്‍ പേടിപ്പിക്കുകയാണ് നമ്മളെ,’ മുരളീധരന്‍ കുറ്റപ്പെടുത്തി.
കേരളത്തില്‍ നടക്കുന്നത് കമ്യൂണിസ്റ്റ് ഭരണമല്ല പിണറായിസ്റ്റ് ഭരണമാണമാണെന്നും പരിസ്ഥിതിക്ക് വലിയ ദോഷമായിരിക്കും കെ റെയില്‍ വരുത്തുകയെന്നും മുരളീധരന്‍ കൂട്ടിച്ചേര്‍ത്തു.
പെണ്‍കുട്ടികളുടെ വിവാഹ പ്രായം ഉയര്‍ത്താനുള്ള കേന്ദ്രസര്‍ക്കാരിന്റെ നീക്കം ഏക സിവില്‍ കോഡിനുള്ള ശ്രമത്തിന് മുന്നോടിയാണെന്നും അദ്ദേഹം ആരോപിച്ചു.