കാബൂള്‍: ഐക്യരാഷ്ട്ര സഭയുമായി ബന്ധപ്പെട്ട് ജോലി ചെയ്യുന്നതില്‍ നിന്ന് അഫ്ഗാന്‍ സ്ത്രീകളെ വിലക്കിയ താലിബാന്‍ നടപടിയില്‍ നിലപാട് കടുപ്പിച്ച് യു.എന്‍. സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതിനെക്കുറിച്ച് താലിബാനെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലെങ്കില്‍ രാജ്യം വിടാന്‍ തയ്യാറാണെന്ന് യു.എന്‍ ഡെവലപ്‌മെന്റ് പ്രോഗ്രാം അധ്യക്ഷന്‍ വ്യക്തമാക്കിയതായി ന്യൂസ് ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് ചെയ്തു.
സ്ത്രീകളെ ജോലി ചെയ്യാന്‍ അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് താലിബാന്‍ നേതൃത്വവുമായി യു.എന്‍ നടത്തി വരുന്ന ചര്‍ച്ചകളെ അടിസ്ഥാനപ്പെടുത്തിയായിരിക്കും തീരുമാനം.
‘അവിടെ യു.എന്നിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയുമോ എന്ന കാര്യത്തില്‍ ഞങ്ങള്‍ ഒരു പുനരാലോചനയിലാണ്. മനുഷ്യാവകാശത്തിന്റെ അടിസ്ഥാന തത്വങ്ങളില്‍ നിന്ന് വ്യതിചലിച്ചു കൊണ്ടുള്ള ഒന്നും അംഗീകരിക്കാന്‍ തയ്യാറല്ല,’ യുണൈറ്റഡ് നേഷന്‍സ് ഡെവലപ്‌മെന്റ് പ്രോഗ്രാം അഡ്മിനിസ്‌ട്രേറ്റര്‍ ആചിന്‍ സ്‌റ്റെയ്‌നര്‍ പറഞ്ഞു.
യു.എന്നില്‍ ജോലി ചെയ്യാന്‍ അഫ്ഗാന്‍ സ്ത്രീകളെ അനുവദിക്കാത്ത താലിബാന്‍ നിലപാടിനെ ഐക്യരാഷ്ട്രസഭ ശക്തമായി അപലപിച്ചിരുന്നു. ജീവന്‍ രക്ഷാ സഹായങ്ങളുള്‍പ്പെടെയുള്ള വിഷയങ്ങളില്‍ വനിതാ പ്രവര്‍ത്തകരുടെ സേവനം അത്യന്താപേക്ഷിതമാണെന്നും യു.എന്‍ പറഞ്ഞിരുന്നു.
അമേരിക്കന്‍ സൈന്യം പിന്‍മാറിയതിനെ തുടര്‍ന്ന് 2021 ആഗസ്റ്റിലാണ് താലിബാന്‍ അഫ്ഗാനിസ്ഥാനില്‍ അധികാരത്തിലെത്തുന്നത്. അതിന് ശേഷം സ്ത്രീകളുടെ സ്വാതന്ത്ര്യത്തെ ഹനിക്കുന്ന നിരവധി തീരുമാനങ്ങളാണ് താലിബാന്‍ ഭരണകൂടം കൈക്കൊണ്ടത്. വിദ്യാഭ്യാസത്തില്‍ നിന്നും തൊഴിലിടങ്ങളില്‍ നിന്നും സ്ത്രീകളെ വിലക്കിക്കൊണ്ടുള്ള പലവിധമായ ഉത്തരവുകളാണ് ഭരണകൂടം പുറത്തിറക്കിയത്.
യു.എന്‍ മിഷനില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ ഇനിമുതല്‍ അതിന് അനുവദിക്കില്ലെന്ന് അടുത്തിടെയാണ് താലിബാന്‍ നിര്‍ദേശം നല്‍കിയത്.
അന്താരാഷ്ട്ര നിയമങ്ങളുടെയും യു.എന്‍ നിയമങ്ങളുടെയും ലംഘനമാണിതെന്നും അഫ്ഗാന്‍ ജനതയെ സഹായിക്കുന്ന യു.എന്‍ ഇടപെടലുകളെ താലിബാന്റെ നിര്‍ദേശം ബാധിക്കുമെന്നും ഐക്യരാഷ്ട്ര സഭ നേരത്തെ വ്യക്തമാക്കിയിരുന്നു.