തിരുവനന്തപുരം: സ്പീക്കറുടെ അനുവാദം കൂടാതെ പ്രതിപക്ഷത്തിന്റെ ചോദ്യത്തിന് ഉത്തരം നല്‍കിയ തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷിനെ ശാസിച്ച് സ്പീക്കര്‍ എ. എന്‍. ഷംസീര്‍. സംസ്ഥാനത്ത് ലഹരി ഉപയോഗം കൂടുന്നതും അക്രമസംഭവങ്ങള്‍ വർധിക്കുന്നതും സംബന്ധിച്ചു പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയത്തിന്റെ ചര്‍ച്ചയ്ക്കിടെയായിരുന്നു സ്പീക്കറുടെ ശാസന.
മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും സ്പീക്കറുടെ അനുവാദമില്ലാതെയായിരുന്നു. പരസ്പരമുള്ള ടെന്നീസ് കളിയല്ല നിയമസഭയിലെ ചര്‍ച്ചയെന്നു സ്പീക്കര്‍ ശാസിച്ചു. മന്ത്രി സംസാരിക്കുന്നതിനിടെ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ചോദ്യം ചോദിച്ചതും മന്ത്രി മറുപടി നല്‍കിയതും സ്പീക്കറിന് ഇഷ്ടമായില്ല.
ചര്‍ച്ചയ്ക്കിടെ സ്പീക്കറുടെ അനുവാദം ഇല്ലാതെ പ്രതിപക്ഷം ചോദ്യം ഉന്നയിക്കുകയും മന്ത്രി മറുപടി പറയുകയും ചെയ്താല്‍ ഇനി മന്ത്രിക്ക് ഉള്‍പ്പെടെ മൈക്ക് നല്‍കില്ലെന്നും സ്പീക്കർ മുന്നറിയിപ്പ് നല്‍കി.
ഇതോടെ ഇനി അങ്ങയുടെ അനുവാദമില്ലാതെ മറുപടികൾ നൽകില്ലെന്ന് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ഒപ്പം മന്ത്രി ക്ഷമ പറയുകയും ചെയ്തു. ഇനി മുതല്‍ താൻ പറയുന്നത് അനുസരിക്കണം എന്നായിരുന്നു സ്പീക്കറുടെ മറുപടി.
അതേസമയം, ലഹരിക്കെതിരെ പല പദ്ധതികള്‍ ഉണ്ടെങ്കിലും അതൊന്നും സ്‌കൂളുകളില്‍ നടപ്പാകുന്നില്ലെന്ന യു.പ്രതിഭ എം.എല്‍.എയുടെ കുറ്റപ്പെടുത്തലും ശ്രദ്ധേയമായി.
Content Highlight: If the rules are violated, even the minister will not give the mic, this is not a game of tennis: N. Shamsir