കണ്ണൂര്‍: സൈബര്‍ ഇടങ്ങളില്‍ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്ന ‘സൈബര്‍ പോരാളി’ ഇടതുപക്ഷക്കാരനാണെങ്കില്‍ മറനീക്കി പുറത്തുവരണമെന്ന് സി.പി.ഐ.എം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. സൈബര്‍ ഇടങ്ങളില്‍ പോരാളി ഷാജി എന്ന പേരില്‍ നിരവധി പേജുകളുണ്ട്. അതില്‍ ഏതാണ് ഇടത് അനുഭാവമുള്ളതെന്നും ഏതാണ് യു.ഡി.എഫ് പണം കൊടുത്ത് നിലനിര്‍ത്തുന്നതെന്നും പറയണമെന്നുമാണ് ജയരാജന്‍ ആവശ്യപ്പെട്ടത്.
ഈ ഷാജി കണ്ണൂരുകാരനാണോ തൃശൂരുകാരനാണോ എന്നറിയില്ലെന്നും എം.വി. ജയരാജന്‍ പറഞ്ഞു. പേജിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഒളിച്ചിരിക്കാതെ പുറത്തുവരണം. ഞാനാണ് യഥാര്‍ത്ഥ പോരാളി ഷാജിയെന്ന് പറയാനുള്ള ധൈര്യം ആരായാലും കാണിക്കണമെന്നും ജയരാജന്‍ പറഞ്ഞു.
ബുധനാഴ്ച എം.വി. ജയരാജനെയും ഇടതുമുന്നണിയെയും വിമര്‍ശിച്ച് പോരാളി ഷാജി രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പ് തോല്‍വിക്ക് പിന്നാലെ പോരാളി ഷാജി ഉള്‍പ്പെടെയുള്ള ഇടത് അനുകൂല സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളെ തള്ളിപ്പറഞ്ഞ് എം.വി. ജയരാജന്‍ രംഗത്തെത്തിയിരുന്നു. ഇതിന് മറുപടി നല്‍കികൊണ്ടുള്ളതായിരുന്നു പോരാളി ഷാജിയുടെ പ്രതികരണം.
ലോക്സഭാ തെരഞ്ഞെടുപ്പിലെ എല്‍.ഡി.എഫിന്റെ തോല്‍വിക്ക് കാരണം അധികാരത്തിന്റെ സുഖസൗകര്യങ്ങളില്‍ ജനത്തെ മറന്ന് അവരെ പിഴിഞ്ഞ് ഭരിച്ചതാണെന്ന് പോരാളി ഷാജി പറഞ്ഞു. ഇടതുമുന്നണി തോല്‍ക്കാന്‍ പോരാളി ഷാജിയോ ഗ്രൂപ്പോ കാരണക്കാരല്ലെന്നും പോസ്റ്റില്‍ പറഞ്ഞിരുന്നു.
ജനങ്ങള്‍ എല്ലാം കാണുന്നുണ്ടെന്ന പഞ്ച് ഡയലോഗ് പറഞ്ഞാലൊന്നും ആരും വോട്ട് ചെയ്യില്ല. ജനം എല്ലാം കണ്ടതുകൊണ്ടാണ് ഇടതുമുന്നണി 19 ഇടത്തും എട്ടുനിലയില്‍ പൊട്ടിയതെന്നുമാണ് പോരാളി ഷാജി പറഞ്ഞത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫ് തോല്‍ക്കാനുള്ള 19 കാരണങ്ങല്‍ ചൂണ്ടിക്കാട്ടിയായിരുന്നു പോസ്റ്റ്.
ആറ് മാസത്തോളം മുടങ്ങി കിടന്ന പെന്‍ഷന്‍, സപ്ലൈകോയിലെ സാധനങ്ങളുടെ കുറവ്, കെട്ടിട പെര്‍മിറ്റ് ഫീസിലെ കുത്തനെയുള്ള വര്‍ധന, പി.എസ്.സി റാങ്ക് പട്ടികയുമായി ബന്ധപ്പെട്ട സമരം, നവകേരള സദസിലുണ്ടായ പ്രതിഷേധവും പൊലീസ് നരനായാട്ടും, നവകേരള യാത്ര, കര്‍ഷകര്‍ക്കുള്ള ആനുകൂല്യങ്ങളുടെ ലഭ്യതക്കുറവ്, കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പ് തുടങ്ങിയ വിഷയങ്ങളാണ് ഇടതിന്റെ തോല്‍വിക്കുള്ള കാരണങ്ങളായി പോരാളി ഷാജി ചൂണ്ടിക്കാട്ടിയത്.
Content Highlight: If the ‘Porali Shaji’ is a leftist, he should come out under cover, says CPI(M) District Secretary M.V. Jayarajan