Kerala News
പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ട്: ശശി തരൂര്‍ എം.പി
ഡൂള്‍ന്യൂസ് ഡെസ്‌ക്
2025 Feb 23, 04:52 am
Sunday, 23rd February 2025, 10:22 am

തിരുവനന്തപുരം: പാര്‍ട്ടിക്ക് തന്നെ വേണ്ടെങ്കില്‍ തനിക്ക് മറ്റ് വഴികളുണ്ടെന്ന് ശശി തരൂര്‍ എം.പി. പരിശ്രമിച്ചില്ലെങ്കില്‍ വീണ്ടും കോണ്‍ഗ്രസിന് കേരളത്തില്‍ മൂന്നാമത്തെ തവണയും പ്രതിപക്ഷത്ത് ഇരിക്കേണ്ടി വരുമെന്നും ശശി തരൂര്‍ ദി ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു.

പാര്‍ട്ടിക്ക് വേണ്ടി താന്‍ എന്നും ലഭ്യമാണെന്നും പക്ഷേ കോണ്‍ഗ്രസിന് തന്റെ സേവനം ആവശ്യമില്ലെങ്കില്‍ തനിക്ക് മറ്റ് ഓപ്ഷനുകള്‍ ഉണ്ടെന്നും കോണ്‍ഗ്രസിന് ശക്തമായ നേതൃത്വമില്ലെന്നും തരൂര്‍ പറഞ്ഞു.

2024ലെ ലോക്‌സഭ തെരഞ്ഞെടുപ്പിലെ നേട്ടങ്ങള്‍ക്ക് ശേഷം കോണ്‍ഗ്രസ് തുടര്‍ച്ചയായി നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ പരാജയം നേരിടുന്ന സാഹചര്യമാണെന്നും, പാര്‍ട്ടിയോട് പ്രതിബദ്ധതയുള്ള വോട്ടര്‍മാരുടെ അടിത്തറ ഉണ്ടാക്കുന്നതിന് പുറത്തുള്ള ആളുകളെ ആകര്‍ഷിക്കേണ്ടതുണ്ടെന്നും തരൂര്‍ പറഞ്ഞു.

കോണ്‍ഗ്രസ് അനുഭാവികളല്ലാത്ത, ഇഷ്ടമില്ലാത്ത ആളുകളില്‍ നിന്നെല്ലാം തനിക്ക് വോട്ട് ലഭിച്ചിട്ടുണ്ടെന്നും അത് പാര്‍ട്ടിക്ക് പുറത്തുള്ളവരെ ആകര്‍ഷിക്കുന്നതിന് ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

‘തിരുവനന്തപുരത്ത് എനിക്കുള്ള സ്വീകാര്യത പാര്‍ട്ടിക്കുള്ളതിനേക്കാള്‍ കൂടുതലാണ്. എന്റെ സംസാരവും പെരുമാറ്റവും ആളുകള്‍ക്ക് ഇഷ്ടമാണ്. കോണ്‍ഗ്രസിനെ പൊതുവെ എതിര്‍ക്കുന്നവര്‍ പോലും എനിക്ക് വോട്ട് ചെയ്തു. 2026 ല്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നതും അതാണ്,’ ശശി തരൂര്‍ പറഞ്ഞു.

ഇക്കാര്യങ്ങള്‍ യു.ഡി.എഫിലെ മറ്റ് സഖ്യകക്ഷികളും തന്നോട് പറഞ്ഞിട്ടുണ്ടെന്നും താന്‍ അത് ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്നും മികച്ച നേതാവിന്റെ അഭാവം കോണ്‍ഗ്രസിനുണ്ടെന്നും ശശി തരൂര്‍ പറഞ്ഞു.

സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തെക്കുറിച്ച് സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള തന്റെ അവകാശത്തെ ജനങ്ങള്‍ പിന്തുണച്ചുവെന്നതാണ് തിരുവനന്തപുരം എം.പിയായി താന്‍ നാലുതവണ തെരഞ്ഞെടുക്കപ്പെട്ടതിന് കാരണമെന്നും അദ്ദേഹം പറഞ്ഞു.

പാര്‍ട്ടി മാറുന്നതിനെ കുറിച്ച് താന്‍ ആലോചിക്കുന്നില്ലെന്നും അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടാകുമ്പോള്‍ പാര്‍ട്ടി മാറുമെന്ന് വിശ്വസിക്കുന്നയാളല്ല താനെന്നും അദ്ദേഹം പറഞ്ഞു.

Content Highlight: If the party doesn’t want him, he has other options: Shashi Tharoor MP