ന്യൂദല്‍ഹി: മണിപ്പൂരില്‍ സ്ത്രീകളെ നഗ്നരാക്കി നടത്തിയ വീഡിയോ പ്രചരിച്ചതിന് പിന്നാലെ സംസ്ഥാന, കേന്ദ്ര സര്‍ക്കാറുകള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. വിഷയത്തില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ ഇടപെടുമെന്നും സുപ്രീം കോടതി അറിയിച്ചു.
കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാന്‍ സ്വീകരിച്ച നടപടികള്‍ അറിയിക്കാനും സംസ്ഥാന സര്‍ക്കാറിനോട് കോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അറ്റോര്‍ണി ജനറല്‍ ആര്‍.വെങ്കിട്ടരമണിയോടും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോടും ഇന്ന് രാവിലെ തന്നെ കോടതിയില്‍ ഹാജരാകണമെന്ന് ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് നിര്‍ദേശിച്ചിരുന്നു.
‘മണിപ്പൂരില്‍ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ കണ്ട് ഞങ്ങള്‍ക്ക് വളരെ വിഷമം തോന്നി. സര്‍ക്കാര്‍ കൃത്യമായി ആ വിഷയത്തില്‍ നടപടിയെടുക്കണം. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. നടപടിയെടുക്കാന്‍ സര്‍ക്കാരിന് കുറച്ച് കൂടി സമയം നല്‍കുന്നു. അല്ലാത്തപക്ഷം ഞങ്ങള്‍ ഇടപെടും,’ ചന്ദ്രചൂഡ് പറഞ്ഞു.
‘വര്‍ഗീയ കലാപം നടക്കുന്ന ഒരു മേഖലയില്‍ സ്ത്രീകളെ ലിംഗപരമായ അക്രമം നടത്താനുള്ള ഉപകരണമായി കണക്കാക്കുന്നത് അലോസരപ്പെടുത്തുന്നുവെന്നും ഇത് ഏറ്റവും വലിയ മനുഷ്യാവകാശ ലംഘനമാണെന്നും കോടതി പറഞ്ഞു.
കുറ്റവാളികള്‍ക്കെതിരെ കേസെടുക്കാന്‍ മെയ് മുതല്‍ അധികൃതരെടുത്ത നടപടികളെ കുറിച്ചും സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ കുറിച്ചും കോടതി ചോദിച്ചു. ഇത് ഒറ്റപ്പെട്ട സംഭവമാണോ, അതോ എപ്പോഴും നടക്കുന്നതാണോ എന്ന് ആര്‍ക്കറിയാമെന്നും കോടതി ആശങ്കപ്പെട്ടു.
മണിപ്പൂരിലെ അക്രമവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളില്‍ ഈ കേസും ഉള്‍പ്പെടുത്തി അടുത്ത വെള്ളിയാഴ്ച പരിഗണിക്കുമെന്നും കോടതി അറിയിച്ചിട്ടുണ്ട്.
ഇന്നലെയാണ് ഞെട്ടിപ്പിക്കുന്ന തരത്തിലുള്ള വീഡിയോ പുറത്തിറങ്ങിയത്. രണ്ട് സ്ത്രീകളെ അക്രമികള്‍ കൂട്ടബലാത്സംഗം ചെയ്ത് വഴിയിലൂടെ നഗ്നരാക്കി നടത്തിക്കുന്ന വീഡിയോ ആണ് പ്രചരിച്ചത്. മെയ്തി വിഭാഗക്കാരാണ് അക്രമികളെന്നും സംഭവത്തെ ശക്തമായി അപലപിക്കുന്നതായും ഐ.ടി.എല്‍.എഫും (ഇന്‍ഡീജെനസ് ട്രൈബല്‍ ലീഡേഴ്‌സ് ഫോറം) വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
മെയ് നാലിന് കാങ്പോക്പി ജില്ലയിലാണ് ക്രൂരമായ സംഭവം നടന്നത്. ഇരു സ്ത്രീകളുടെയും കുടുംബത്തിലെ രണ്ട് പുരുഷന്മാരെ ക്രൂരമായി തല്ലിക്കൊന്നതിന് ശേഷമാണ് ഈ സ്ത്രീകളോട് അതിക്രമം കാണിച്ചതെന്നാണ് റിപ്പോര്‍ട്ട്.
content highlights: If the government does not intervene in Manipur, we will intervene; Supreme Court warned the central government