|

സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കും; നല്ല കാര്യങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണം: ശശി തരൂര്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം:  സര്‍ക്കാര്‍ നല്ല കാര്യങ്ങള്‍ ചെയ്താല്‍ അംഗീകരിക്കുമെന്നും രാഷ്ട്രീയത്തിന് അതീതമായി നല്ല കാര്യങ്ങളെ കാണണമെന്നും ശശി തരൂര്‍ എം.പി.

വികസന വിഷയങ്ങളെ രാഷ്ട്രീയത്തിന് അതീതമായി കാണണമെന്നും കുട്ടികളുടെ ഭാവിക്ക് നിക്ഷേപങ്ങള്‍ അത്യാവശ്യമാണെന്നും വസ്തുതകളുടെ അടിസ്ഥാനത്തിലാണ് ലേഖനമെന്നും അദ്ദേഹം പറഞ്ഞു.

ആര് ഭരിച്ചാലും കേരളത്തിന് വികസനമാണെന്നും സ്റ്റാര്‍ട്ടപ്പുകള്‍ അത്യാവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

ഗ്ലോബല്‍ സ്റ്റാര്‍ട്ട് അപ്പ് മിഷന്റെ റിപ്പോര്‍ട്ടിലാണ് താന്‍ ലേഖനത്തില്‍ പറഞ്ഞ കാര്യങ്ങള്‍ കണ്ടതെന്നും നല്ല കാര്യങ്ങളായത് കൊണ്ടാണ് പിന്തുണച്ചതെന്നും അദ്ദേഹം പറഞ്ഞു.

ആവശ്യമായ വികസന പ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ എല്‍.ഡി.എഫ് സര്‍ക്കാരിന് കഴിയില്ലെന്നാണ് ആദ്യം കരുതിയതെന്നും എന്നാല്‍ പെട്ടെന്ന് 18 മാസത്തില്‍ സര്‍ക്കാര്‍ ചെയ്തത് കൊണ്ട് അതിനെ താന്‍ സപ്പോര്‍ട്ട് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ പാര്‍ട്ടികളും കേരളത്തിന്റെ അടിസ്ഥാന വികസന കാര്യങ്ങളില്‍ കേരളത്തിനൊപ്പം എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നില്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

ആ റിപ്പോര്‍ട്ടില്‍ എന്തെങ്കിലും കുഴപ്പമുണ്ടെങ്കില്‍ തര്‍ക്കിക്കാമെന്നും പെട്ടെന്ന് കാര്യങ്ങള്‍ തീരുമാനമാകുന്ന സ്ഥിതിയിലേക്ക് സംസ്ഥാനമെത്തിയതായി ആ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

തെരഞ്ഞെടുപ്പിന് തന്റെ പരാമര്‍ശം ഭീഷണിയാവില്ലെന്നും വികസനം കേരളം കണ്ടിട്ടില്ലെന്നും രാഷ്ട്രീയ കേരളത്തിനറിയാമെന്നും തരൂര്‍ പറഞ്ഞു.

എന്ത് ചെയ്താലും തെറ്റെന്ന് പ്രതിപക്ഷം പറയരുതെന്നും അത് എല്‍.ഡി.എഫ് ആ സ്ഥാനത്ത് എത്തിയാലും ആവര്‍ത്തിക്കരുതെന്നും ചെയ്ത പ്രവൃത്തി ജനങ്ങള്‍ മനസിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ കോണ്‍ഗ്രസിന്റെ ഒഫീഷ്യല്‍ വക്താവല്ലെന്നും താന്‍ സംസാരിക്കുന്നത് വ്യക്തിയായിട്ടാണെന്നും തരൂര്‍ പറഞ്ഞു.

ശശി തരൂര്‍ എം.പിയുടെ ലേഖനത്തിനെതിരെ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വം പരാതി നല്‍കിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് എം.പിയുടെ പ്രതികരണം.

പിന്നാലെ ലേഖനത്തിനെതിരെ കെ.പി.സി.സി ഔദ്യോഗികമായി പരാതി നല്‍കുമെന്ന് കരുതുന്നില്ലെന്ന് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കളും പറഞ്ഞിരുന്നു.

ശശി തരൂരിന്റെ നിലപാടിനെ നേരത്തെ പ്രതിപക്ഷ നേതാവ് തള്ളി പറഞ്ഞിരുന്നു. ഇതിന് പിന്നാലെയായിരുന്നു അതൃപ്തി അറിയിച്ച് കെ.പി.സി.സി ദേശീയ നേതൃത്വത്തിന് പരാതി നല്‍കിയത്.

Content Highlight: If the government does good things, it will be accepted; Good things should be seen beyond politics: Shashi Tharoor

Latest Stories

Video Stories