ന്യൂദല്‍ഹി: കര്‍ഷക പ്രതിഷേധം പതിനൊന്ന് ദിവസങ്ങള്‍ പിന്നിടുമ്പോഴും കര്‍ഷകര്‍ ഉന്നയിക്കുന്ന പ്രശ്‌നങ്ങള്‍ ചെവികൊള്ളാന്‍ തയ്യാറാവാതെ കേന്ദ്രസര്‍ക്കാര്‍.
കേന്ദ്രവും കര്‍ഷകരും നടത്തിയ ചര്‍ച്ചകള്‍ പൂര്‍ണ പരാജയമപ്പെടുമ്പോഴും ചര്‍ച്ചകള്‍ കൊണ്ടു മാത്രമേ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ സാധിക്കൂ എന്ന് ആവര്‍ത്തിക്കുകയാണ് സര്‍ക്കാര്‍. എന്നാല്‍ ഇനിയും ചര്‍ച്ചകള്‍ കൊണ്ട് കാര്യമില്ലെന്ന നിലപാടിലാണ് കര്‍ഷകര്‍.
” ചര്‍ച്ചകളിലൂടെ മാത്രമേ പരിഹാരം കണ്ടെത്താനാകൂ, കര്‍ഷകര്‍ തങ്ങളുടെ പ്രതിഷേധം ദീര്‍ഘനാള്‍ തുടരാന്‍ തയ്യാറാണെങ്കില്‍ സര്‍ക്കാരും ഒരുങ്ങിത്തന്നെയാണ്,” മുതിര്‍ന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പ്രതികരിച്ചു.
ഡിസംബര്‍ 9 ന് കര്‍ഷകര്‍ തങ്ങളുടെ അടുത്തേക്ക് വരുന്നത് കാണാന്‍ കാത്തിരിക്കുകയാണെന്നും ഉദ്യോഗസ്ഥന്‍ പറഞ്ഞു.
”പക്ഷേ ഞങ്ങള്‍ക്ക് തിരക്കില്ല. ഇപ്പോള്‍, കൃഷി മന്ത്രി (നരേന്ദ്ര സിംഗ് തോമര്‍) കര്‍ഷകരോട് പറഞ്ഞതെന്താണോ.. അതാണ് സര്‍ക്കാരിന്റെ നിലപാട്. ‘,
ഇയാള്‍ പ്രതികരിച്ചു.
അതേസമയം, കര്‍ഷകരുടെ സമരം നാള്‍ക്കുനാള്‍ ശക്തിപ്പെട്ടുക്കൊണ്ടിരിക്കുകയാണ്.
പഞ്ചാബ്, ഹരിയാന തുടങ്ങി വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആയിര കണക്കിന് കര്‍ഷകരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. പ്രതിഷേധക്കാരുമായി കേന്ദ്രസര്‍ക്കാര്‍ നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.
മൂന്ന് നിയമത്തിലും ഭേദഗതി കൊണ്ടുവരുമെന്നും താങ്ങുവില ഉറപ്പാക്കുമെന്നും കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പുതിയ മൂന്ന് കര്‍ഷക നിയമങ്ങളും പിന്‍വലിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്ന നിലപാടിലാണ് കര്‍ഷകര്‍.
ചൊവ്വാഴ്ച കര്‍ഷകര്‍ ഭാരത് ബന്ദ് നടത്തും. വിവിധ പ്രതിപക്ഷ പാര്‍ട്ടികള്‍ ഭാരത് ബന്ദിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
ഭാരത് ബന്ദിന് കോണ്‍ഗ്രസ്, സി.പി.ഐ.എം, ഡി.എം.കെ, ആം ആദ്മി, തൃണമൂല്‍ കോണ്‍ഗ്രസ്, ആര്‍.ജെ.ഡി, സമാജ്വാദി പാര്‍ട്ടി, ടി.ആര്‍.എസ് തുടങ്ങിയ പാര്‍ട്ടികള്‍ പിന്തുണ അറിയിച്ചിട്ടുണ്ട്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlights: If the farmers are willing to continue their protests for long, the Government is “also prepared; Farmers protest