കൊച്ചി: ക്ഷേത്രങ്ങളില്‍ ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട ഹരജികള്‍ വീണ്ടും പരിഗണിച്ച് ഹൈക്കോടതി.
ആനയെ എഴുന്നള്ളിച്ചില്ലെങ്കില്‍ ഹിന്ദുമതം ഇല്ലാതാകുമോയെന്ന് ഹരജി പരിഗണിച്ചുകൊണ്ട് കോടതി ചോദിച്ചു. ആന എഴുന്നള്ളത് ആചാരത്തിന്റെ ഭാഗമല്ലെന്നും കോടതി പറഞ്ഞു.
അനിവാര്യമായ ആചാരങ്ങളില്‍ മാത്രമേ ഇളവുകള്‍ നല്‍കേണ്ടതുള്ളുവെന്നും കോടതി വ്യക്തമാക്കി. ആന എഴുന്നള്ളിപ്പ് ഇതില്‍ ഉള്‍പ്പെടുന്നതല്ലെന്നാണ് ഹൈക്കോടതി വ്യക്തമാക്കിയത്. കോടതി പുറത്തിറക്കിയ മാര്‍ഗനിര്‍ദേശങ്ങള്‍ ഒരു രീതിയിലും ലംഘിക്കാന്‍ പാടില്ലെന്നാണ് മറ്റൊരു നിര്‍ദേശം.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് വിവിധ ദേവസ്വം ബോര്‍ഡുകളും ക്ഷേത്രങ്ങളും നല്‍കിയ ഹരജികളാണ് കോടതി വീണ്ടും പരിഗണിച്ചത്.
15 ആനകളെ എഴുന്നള്ളിക്കാന്‍ അനുവദിക്കണമെന്നാണ് തൃപ്പുണിത്തുറ ക്ഷേത്രം ആവശ്യപ്പെട്ടത്. കൊച്ചിയിലെ പൂര്‍ണത്രയീശ ക്ഷേത്രത്തില്‍ എല്ലാ ദിവസവും 15 ആനകളെ എഴുന്നള്ളിച്ചുകൊണ്ടുള്ള ഉത്സവം ആരംഭിക്കാനിരിക്കെയാണ് ആവശ്യം.
എന്നാല്‍ ആനകളുടെ എണ്ണം പ്രായോഗികമായി തീരുമാനിക്കേണ്ട വിഷയമാണെന്നാണ് കോടതി മറുപടി നല്‍കിയത്. ആനകളെ ഉപയോഗിക്കരുതെന്ന് പറയുന്നില്ലെന്നും എന്നാല്‍ ജനങ്ങളുടെ സുരക്ഷാ ഉറപ്പ് വരുത്തണമെന്നും കോടതി ചൂണ്ടിക്കാട്ടി. 15 ആനകളുടെ മാജിക് എന്താണെന്നും കോടതി ചോദിച്ചു.
കോടതിയുടെ മാര്‍ഗനിര്‍ദേശമനുസരിച്ച്, 15 ആനകളെ ഒരുമിച്ച് എഴുന്നള്ളിക്കാനുള്ള സ്ഥലം പൂര്‍ണത്രയീശ ക്ഷേത്രത്തിലില്ല. ഇതിന്റെ അടിസ്ഥാനത്തിലാണ് ക്ഷേത്ര സമിതി കോടതിയെ സമീപിച്ചത്.
എഴുന്നള്ളിക്കുന്ന രണ്ട് ആനകള്‍ തമ്മില്‍ മൂന്ന് മീറ്റര്‍ അകലമുണ്ടാകണമെന്നാണ് കോടതിയുടെ നിര്‍ദേശം. സംസ്ഥാന സര്‍ക്കാരിന്റെ ചട്ടം പുറത്തിറങ്ങുന്നത് വരെ മാര്‍ഗനിര്‍ദേശങ്ങള്‍ നിലനില്‍ക്കുമെന്നാണ് കോടതി നേരത്തെ അറിയിച്ചത്.
ഇന്നലെ (ബുധനാഴ്ച) ഉത്സവങ്ങളില്‍ ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട നിബന്ധനകളില്‍ ഇളവുകളൊന്നും അനുവദിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. നിലവില്‍ രാജവാഴ്ചയല്ലെന്നും രാജാവിന്റെ കാലം മുതല്‍ എഴുന്നള്ളിപ്പ് നടക്കുന്നുവെന്ന പേരില്‍ ഇളവുകള്‍ അനുവദിക്കില്ലെന്നും കോടതി ചൂണ്ടിക്കാട്ടുകയായിരുന്നു.
‘രാജാവിന്റെ കാലം മുതല്‍ നടക്കുന്നുവെന്നതിന്റെ പേരില്‍ എഴുന്നളളിപ്പില്‍ ഇളവ് അനുവദിക്കാനാകില്ല. രാജവാഴ്ച അവസാനിച്ചു, ഇപ്പോള്‍ ജനാധിപത്യമാണ്. നിയമവാഴ്ചയാണ് നിലനില്‍ക്കുന്നത്. അതിനാല്‍ നിലവിലുള്ള നിയമത്തിനനുസരിച്ച് മാത്രമേ പ്രവര്‍ത്തിക്കാന്‍ കഴിയൂ. അനിവാര്യമായ മതാചാരങ്ങള്‍ മാത്രമേ അനുവദിക്കാന്‍ കഴിയൂ,’ ഹൈക്കോടതിയുടെ വാക്കുകളാണിവ.
നേരത്തെ, മാര്‍ഖരേഖയ്ക്കനുസൃതമായാണെങ്കില്‍ കൂടുതല്‍ ആനകളെ അണിനിരത്താന്‍ കഴിയില്ലെന്നും ഈ സാഹചര്യമാണെങ്കില്‍ പൂരം നടത്താന്‍ കഴിയില്ലെന്നും ദേവസ്വങ്ങള്‍ അവകാശപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.
Content Highlight: If the elephant is not raised, will Hinduism disappear: High Court