നാലാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; 21 മുതല്‍ ശക്തമായ സമരമെന്ന് കര്‍ഷക നേതാക്കള്‍
India
നാലാംവട്ട ചര്‍ച്ചയും ഫലം കണ്ടില്ല; 21 മുതല്‍ ശക്തമായ സമരമെന്ന് കര്‍ഷക നേതാക്കള്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 19th February 2024, 1:08 pm

ന്യൂദല്‍ഹി: കര്‍ഷക നേതാക്കളുമായി കേന്ദ്ര സംഘം നടത്തിയ നാലാംവട്ട ചര്‍ച്ചയും എങ്ങുമെത്താതെ പിരിഞ്ഞു. മന്ത്രിമാരായ പീയൂഷ് ഗോയല്‍ അര്‍ജുന്‍ മുണ്ട, നിത്യാനന്ദ് റായി എന്നിവരുമായാണ് കര്‍ഷക നേതാക്കള്‍ ചര്‍ച്ച നടത്തിയത്.

യോഗത്തില്‍ നിരവധി നിര്‍ദേശങ്ങള്‍ കര്‍ഷകര്‍ മുന്നോട്ട് വെച്ചെങ്കിലും സര്‍ക്കാരിന്റെ നിര്‍ദേശത്തിന് മാത്രമായിരുന്നു മന്ത്രിമാര്‍ മുന്‍തൂക്കം കൊടുത്തത്. ഇതോടെ നാലാംവട്ട ചര്‍ച്ചയും ധാരണയാകാതെ പിരിയുകയായിരുന്നു.

അടുത്ത അഞ്ച് വര്‍ഷത്തേക്ക് കര്‍ഷകരുടെ വിളകള്‍ മിനിമം താങ്ങുവിലക്ക് സര്‍ക്കാരിന്റെ സഹകണ സംഘം വാങ്ങുമെന്ന നിര്‍ദേശമാണ് കര്‍ഷക സംഘടനകള്‍ക്ക് യോഗത്തില്‍ സര്‍ക്കാര്‍ നല്‍കിയത്. ചോളം, പരുത്തി, പഴവര്‍ഗങ്ങള്‍ തുടങ്ങിയ വിളകളാണ് ഇതില്‍ ഉള്‍പ്പെടുക.

കര്‍ഷകര്‍ മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങളില്‍ തീരുമാനമെടുക്കാത്തതിനാല്‍ രണ്ട് ദിവസത്തിനുള്ളില്‍ കേന്ദ്രവുമായി വീണ്ടും ചര്‍ച്ച നടത്താനാണ് തീരുമാനം. അതുവരെ സമരത്തിന്റെ തല്‍സ്ഥിതി തുടരുമെന്നും കര്‍ഷക നേതാക്കള്‍ അറിയിച്ചു. എന്നാല്‍ ഫെബ്രുവരി 21 വരെ ദല്‍ഹിയിലേക്കുള്ള മാര്‍ച്ച് നിര്‍ത്തിവെക്കുമെന്നും ഞായറാഴ്ച നടന്ന ചര്‍ച്ചയില്‍ കേന്ദ്രത്തന്റെ നിലപാട് എന്താണെന്നറിഞ്ഞിട്ടാകും തുടര്‍ നടപടിയെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഞായറാഴ്ച വൈകുന്നേരം ആറ് മണിക്ക് നിശ്ചയിച്ചിരുന്ന യോഗം മന്ത്രിമാര്‍ എത്താന്‍ വൈകിയതിനെ തുടര്‍ന്ന് രണ്ട് മണിക്കൂറോളം വൈകിയാണ് തുടങ്ങിയത്. ചര്‍ച്ച രാത്രി ഒരുമണി വരെ നീണ്ടു.

അതിനിടെ, 2021ലെ കര്‍ഷക സമരത്തിന്റെ പ്രധാന വേദിയായിരുന്ന ഹരിയാനയിലെ ജിന്ദ് ജില്ലയിലെ ഖട്ഖട് ടോള്‍ ബൂത്തില്‍ കര്‍ഷക പ്രക്ഷോഭം പുനരാരംഭിച്ചു. ഫെബ്രുവരി 20 മുതല്‍ ഫെബ്രുവരി 22 വരെ പഞ്ചാബിലെ എല്ലാ ടോള്‍ പ്ലാസകളും സൗജന്യമാക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ചയ്ക്ക് വേണ്ടി ബല്‍ബീര്‍ സിങ് രാജേവാള്‍ പ്രഖ്യാപിച്ചു.

ഫെബ്രുവരി 21 ന് എല്ലാ എന്‍.ഡി.എ എം.പിമാരുടെയും വീടുകള്‍ക്ക് മുന്നില്‍ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചു. 2021 ഡിസംബര്‍ രണ്ടിന് കര്‍ഷക സംഘടനകളുമായി സര്‍ക്കാര്‍ ഉണ്ടാക്കിയ കരാറുകള്‍ ഉടന്‍ നടപ്പിലാക്കണമെന്നാവശ്യപ്പെട്ടാണ് സമരം.

ഫെബ്രുവരി 26, 27 തീയതികളിലായി ഹരിദ്വാര്‍ മുതല്‍ ഗാസിപ്പൂര്‍ വരെയുള്ള ഹൈവേകളില്‍ ട്രാക്ടറുകള്‍ അണിനിരത്തുമെന്ന് ഭാരതീയ കിസാന്‍ യൂണിയന്‍ നേതാവ് രാകാഷ് ടികായത്തും അറിയിച്ചിട്ടുണ്ട്. അതേസമയം, പഞ്ചാബിലെ പട്യാല, ബതിന്‍ഡ, മുക്ത്സര്‍, മാന്‍സ, സംഗ്രൂര്‍, ഫത്തേഗഡ് സാഹിബ് എന്നിവിടങ്ങളില്‍ ഫെബ്രുവരി 24 വരെ ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തിവെച്ചതായി പൊലീസ് അറിയിച്ചു.

Contant Highlight: If the demands are not accepted, the farmers’ leaders will start a strong strike from the 21st