| Wednesday, 20th January 2021, 1:08 pm

വിമര്‍ശനങ്ങള്‍ 'ഇസ്‌ലാമോഫോബിയ' എന്ന് തോന്നുന്നുണ്ടെങ്കില്‍ മുസ്‌ലിം ലീഗ് 'മുസ്‌ലിം' എന്ന പദം ഒഴിവാക്കുകയാണ് വേണ്ടത്; സമസ്ത വിദ്യാര്‍ത്ഥി സംഘടന മുഖപത്രത്തില്‍ കെ.ടി.ജലീലിന്റെ അഭിമുഖം

ഡൂള്‍ന്യൂസ് ഡെസ്‌ക്

മലപ്പുറം: സമസ്തയുടെ വിദ്യാര്‍ത്ഥി സംഘടനയായ എസ്.കെ.എസ്.എസ്.എഫ് മുഖപത്രമായ സത്യധാരയില്‍ മുസ്‌ലിം ലീഗിനും പി.കെ കുഞ്ഞാലിക്കുട്ടിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി മന്ത്രി കെ.ടി.ജലീലിന്റെ അഭിമുഖം.

ലീഗ് വിമര്‍ശനങ്ങളെ ഇസ്‌ലാമോഫോബിയ എന്ന് പറയുന്നത് ശുദ്ധ അംബന്ധമാണെന്നും ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നതെന്നും കെ.ടി ജലീല്‍ അഭിമുഖത്തില്‍ പറഞ്ഞു.

‘വെല്‍ഫെയര്‍ പാര്‍ട്ടി ഇസ്‌ലാമിക് സ്റ്റേറ്റിനുള്ള ചവിട്ടുപടി’ എന്ന പേരിലാണ് സത്യധാരയില്‍ അഭിമുഖം പ്രസിദ്ധീകരിച്ചിരിക്കുന്നത്. ലീഗ് മത സ്വത്വത്തിലേക്ക് ഉള്‍വലിയുന്നുവെന്നും ലീഗിനെ വിമര്‍ശിക്കുമ്പോള്‍ അത് മുസ്‌ലിമിനെതിരെ എന്ന് പറയുന്നത് വിചിത്രമാണെന്നും ജലീല്‍ പറഞ്ഞു.

ലീഗ് വിമര്‍ശനങ്ങളെ ഇസ്‌ലാമോഫോബിയ എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണെന്നും അങ്ങനെ തോന്നുന്നുണ്ടെങ്കില്‍ മുസ്‌ലിം ലീഗ് ‘മുസ്‌ലിം’ എന്ന പദം ഒഴിവാക്കുകയാണ് വേണ്ടതെന്നും അഭിമുഖത്തില്‍ ജലീല്‍ പറഞ്ഞു.

നിയമസഭ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് വെല്‍ഫയര്‍ ധാരണ ഉണ്ടെന്നും കെ.ടി ജലീല്‍ ആരോപിച്ചു. ലീഗ് കോണ്‍ഗ്രസിനെ നിയന്ത്രിക്കുന്നു എന്ന പ്രസ്താവനയില്‍ ലീഗ് അഭിമാനിക്കുകയല്ലേ വേണ്ടതെന്നും കെ.ടി ജലീല്‍ ചോദിച്ചു.

പി.കെ കുഞ്ഞാലിക്കുട്ടിക്കെതിരെയും കെ.ടി ജലീല്‍ രൂക്ഷ വിമര്‍ശനം ഉന്നയിച്ചു. ഭാഷാനൈപുണ്യം ഇല്ലാത്തതുകൊണ്ടാണോ കുഞ്ഞാലിക്കുട്ടി കേരളത്തിലേക്ക് തിരിച്ചു വരുന്നതെന്ന് ചോദിച്ച കെ.ടി ജലീല്‍ പ്രതിപക്ഷ എം.പിമാര്‍ക്കെതിരെ നരേന്ദ്രമോദി ഇ.ഡിയെ ഉപയോഗിക്കുന്നതില്‍ പേടിച്ചാണോ തിരിച്ചുവരുന്നത് എന്ന് സംശയിക്കുന്നുവെന്നും പരിഹസിച്ചു.

അതേസമയം ലീഗ് – സമസ്ത വിവാദം കെട്ട് അടുങ്ങുന്നതിനിടെ സത്യധാരയില്‍ കെ.ടി ജലീലിന്റെ അഭിമുഖം വന്നത് ലീഗില്‍ അതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്.

നേരത്തെ മുസ്ലിം ലീഗ് സമസ്ത അനുനയ ചര്‍ച്ചകള്‍ക്കായി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരും പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുകോയ തങ്ങളും പാണക്കാട് എത്തിയിരുന്നു.

മുമ്പ് ലീഗ് സമസ്ത പ്രവര്‍ത്തകര്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തിയിരുന്നു. ആലിക്കുട്ടി മുസ്ലിയാര്‍ക്ക് പാണക്കാട്ടും പട്ടിക്കാട്ടെ മതപഠനകേന്ദ്രമായ ജാമിഅ നൂരിയയിലും വിലക്ക് ഏര്‍പ്പെടുത്തിയതായും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

നേരത്തെ മുഖ്യമന്ത്രിയുടെ കേരളപര്യടനത്തിനിടെ മുഖ്യമന്ത്രിയുമായുള്ള കൂടിക്കാഴ്ച്ചയില്‍ നിന്ന് ആലിക്കുട്ടി മുസ്ലിയാര്‍ പിന്‍വാങ്ങിയിരുന്നു.
ലീഗ് വിലക്കിനെ തുടര്‍ന്നാണ് ഇതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്ക പരിപാടിയില്‍ കോഴിക്കോട് വെച്ച് ഉമ്മര്‍ ഫൈസി മുക്കം പങ്കെടുക്കുകയും മുഖ്യമന്ത്രിയെയും സര്‍ക്കാരിനെയും പ്രകീര്‍ത്തിച്ച് സംസാരിക്കുകയും ചെയ്തിരുന്നു. ഇതിന് ശേഷം മലപ്പുറത്ത് മുഖ്യമന്ത്രിയുടെ പരിപാടിയില്‍ പങ്കെടുക്കാന്‍ ആലിക്കുട്ടി മുസ്ലിയാര്‍ എത്തുകയും വഴിയില്‍ വെച്ച് ലീഗ് നേതാക്കള്‍ അദ്ദേഹത്തെ തടയുകയും ചെയ്തിരുന്നു.

ലീഗും സമസ്തയും ഒറ്റക്കെട്ടായി മുന്നോട്ട് പോകുമെന്ന് സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് ജിഫി മുത്തുക്കോയ തങ്ങള്‍ പറഞ്ഞിരുന്നു. പാണക്കാട്ട് ലീഗ് നേതൃത്വവുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ലീഗും സമസ്തയുമായിട്ടുള്ള അഭിപ്രായഭിന്നത മാധ്യമസൃഷ്ടിയാണെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ തമ്മില്‍ ഒരു അകലവുമില്ല. ഒരിക്കലും ഉണ്ടായിട്ടില്ല. ഇനി ഉണ്ടാകുകയുമില്ല. അകലമുണ്ടെങ്കില്‍ ഇവിടെ വരില്ലല്ലോ. മിക്ക ദിവസവും ഞങ്ങള്‍ ഫോണ്‍ വിളിക്കാറുണ്ടെന്നായിരുന്നുവെന്നും ജിഫ്രി തങ്ങള്‍ പറഞ്ഞത്.

മുഖ്യമന്ത്രിയുടെ ജനസമ്പര്‍ക്കപരിപാടിയില്‍ കോഴിക്കോട് വെച്ച് ഉമ്മര്‍ ഫൈസി മുക്കം പങ്കെടുത്തതുമായി ബന്ധപ്പെട്ട് ഒരു വിവാദവും ഇല്ലെന്നും ആലിക്കുട്ടി മുസ്ലിയാരെ ആരും തടഞ്ഞിട്ടില്ലെന്നും അദ്ദേഹം ദേഹാസ്വസ്ഥ്യം മൂലമാണ് മടങ്ങിയതെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: If the critics think it is ‘Islamophobia’, then the Muslim League should avoid the word ‘Muslim’; Interview with KT Jaleel on SKSSF Sathyadhara

Latest Stories

We use cookies to give you the best possible experience. Learn more