പട്‌ന: ബീഹാറിലെ നിയമസഭാ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പുകളില്‍ എന്‍.ഡി.എ സഖ്യത്തിനു കനത്ത തിരിച്ചടിയേറ്റതിനു പിന്നാലെ സഖ്യത്തിലെ ഭിന്നത പരസ്യമാകുന്നു. നിതീഷ് കുമാറും സംഘവും എന്‍.ഡി.എ വിടുന്നെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് ബീഹാറിലെ മുതിര്‍ന്ന ജെ.ഡി.യു നേതാവ് കുമാര്‍ നിലപാട് പരസ്യമാക്കി രംഗത്തെത്തിയത്.
“ബി.ജെ.പി തെറ്റുതിരുത്താന്‍ തയ്യാറാവുന്നില്ലെങ്കില്‍ വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എയുടെ ഭാഗമായി നില്‍ക്കുക എന്നത് ജെ.ഡി.യുവും എല്‍.ജെ.പിയും ആത്മഹത്യ ചെയ്യുന്നതിനു തുല്ല്യമാണ്” കുമാര്‍ പറഞ്ഞതായി ദേശീയമാധ്യമമായ സ്‌ക്രോള്‍ റിപ്പോര്‍ട്ട് ചെയ്തു.
ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ പുതിയ സഖ്യത്തെക്കുറിച്ച് ലോക് ജനശക്തി പാര്‍ട്ടി രാം വിലാസ് പാസ്വാനുമായി ചര്‍ച്ചകള്‍ നടത്തിയെന്നും കുമാറിനെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. സംസ്ഥാനത്ത് ഉപതെരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ എന്‍.ഡി.എ സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം നേടിയതാണ് എന്‍.ഡി.എ നേതാക്കളായ നിതീഷ് കുമാറിനെയും രാം വിലാസ് പാസ്വാനെയും പുതിയ മുന്നണിയുടെ ആലോചനയിലേക്ക് നയിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍.
ഈ മാസം ആദ്യം പുറത്തുവന്ന ഉപതെരഞ്ഞെടുപ്പ് റിസല്‍ട്ടില്‍ അറാറിയ ലോക്‌സഭാ മണ്ഡലത്തിലും ജെഹ്‌നാബാദ് നിയമസഭാ മണ്ഡലത്തിലും ബി.ജെ.പി സഖ്യത്തെ പരാജയപ്പെടുത്തി ആര്‍.ജെ.ഡി മികച്ച വിജയം സ്വന്തമാക്കിയിരുന്നു. ബാബുവ മണ്ഡലത്തില്‍ മാത്രമായിരുന്നു ബി.ജെ.പിയ്ക്ക് ജയിക്കാന്‍ കഴിഞ്ഞത്.
സംസ്ഥാനത്തെ ജനങ്ങള്‍ ബി.ജെ.പിയുടെ രാഷട്രീയത്തിനെതിരാണെന്നാണ് ഉപതെരഞ്ഞെടുപ്പ് ഫലങ്ങള്‍ ചൂണ്ടിക്കാട്ടുന്നതെന്നും കഴിഞ്ഞവര്‍ഷം അവസാനം എന്‍.ഡി.എയുമായി സഖ്യത്തിലേര്‍പ്പെട്ട ജനതാദള്‍ (യു) ബന്ധത്തെ ജനങ്ങള്‍ സ്വീകരിച്ചില്ലെന്നതിന്റെ തെളിവാണിതെന്നുമാണ് നിതീഷും സംഘവും വിലയിരുത്തുന്നത്.
രാം വിലാസ് പാസ്വാനും നിതീഷ് കുമാറും ചര്‍ച്ച നടത്തിയതിനു പിന്നാലെ കുമാര്‍ ജന്‍ അധികാര്‍ പാര്‍ട്ടി നേതാവും എം.പിയുമായ പപ്പു യാദവുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.