ഹൈദരാബാദ്: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കേന്ദ്രവിദേശകാര്യമന്ത്രി സുഷമ സ്വരാജ്. തീവ്രവാദം വലിയ വിഷമല്ലെന്ന രാഹുലിന്റെ പ്രസ്താവനയാണ് സുഷമ സ്വരാജിനെ ചൊടിപ്പിച്ചത്.
“” രാഹുല്‍ ഗാന്ധി പറയുന്നു തീവ്രവാദമല്ല തൊഴിലാണ് പ്രശ്‌നമെന്ന്. എനിക്ക് രാഹുല്‍ ഗാന്ധിയോട് ഒരു കാര്യമാണ് പറയാനുള്ളത്. തീവ്രവാദം പ്രശ്‌നമല്ലെങ്കില്‍ ഈ രാജ്യത്ത് തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നില്ലെങ്കില്‍ പിന്നെ എന്തിനാണ് താങ്കള്‍ എസ്.പി.ജിക്കാരുടെ സുരക്ഷയ്ക്കുള്ളില്‍ നടക്കുന്നത്? രാജീവ് ഗാന്ധി വധത്തിന് ശേഷം താങ്കളും താങ്കളുടെ കുടുംബവും എസ്.പി.ജിയുടെ സുരക്ഷയിലാണ്. തീവ്രവാദം വലിയ വിഷയമല്ല എന്ന് താങ്കള്‍ക്ക് തോന്നുണ്ടെങ്കില്‍, നിങ്ങള്‍ ആരേയും ഭയക്കുന്നില്ലെങ്കില്‍ എസ്.പി.ജി സുരക്ഷ ആവശ്യമില്ല എന്ന് എനിക്ക് എഴുതി നല്‍കണം””- സുഷമ സ്വരാജ് പറഞ്ഞു.
ഹൈദരാബാദില്‍ നടന്ന തെരഞ്ഞെടുപ്പ് കാമ്പയിനില്‍ സംസാരിക്കുകയായിരുന്നു സുഷമ. പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലകോട്ടില്‍ വ്യോമസേന ആക്രമണം നടത്തിയെന്ന കാര്യം പ്രതിപക്ഷം വിശ്വസിക്കുന്നില്ലെന്നും അവര്‍ക്ക് പ്രധാനമന്ത്രിയെ വിശ്വാസമില്ലെന്നും സുഷമ കുറ്റപ്പെടുത്തി.
ബാലാകോട്ടില്‍ ഇന്ത്യ നടത്തിയ വ്യോമാക്രമണത്തിന് രാജ്യാന്തര സമൂഹത്തിന്റെ പിന്തുണ ഉണ്ടായിരുന്നു. നിരവധി രാഷ്ട്രത്തലവന്‍മാര്‍ എന്നെ ടെലഫോണില്‍ ബന്ധപ്പെട്ടു. തീവ്രവാദത്തിനെതിരായ ഇന്ത്യയുടെ നിലപാടിനെ അവര്‍ അഭിനന്ദിച്ചു. 2008 ല്‍ മുംബൈ ആക്രമണത്തില്‍ 166 പേര്‍ കൊല്ലപ്പെട്ടിട്ടും യു.പി.എ സര്‍ക്കാര്‍ തീവ്രവാദത്തിനെതിരെ ഒരു നടപടിയും കൈക്കൊണ്ടില്ലെന്നും സുഷമ സ്വരാജ് കുറ്റപ്പെടുത്തി.