| Thursday, 12th August 2021, 1:46 pm

സ്വപ്നയുടെ മൊഴി തെറ്റായിരുന്നെങ്കില്‍ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നു; കാലം നല്‍കിയ തിരിച്ചടിയാണിതെന്നും വി.ഡി. സതീശന്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച് അന്വേഷണം നേരിടണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. നിയമസഭയ്ക്ക് മുന്നില്‍ പ്രതീകാത്മക അടിയന്തര പ്രമേയ അവതരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിക്കെതിരായി സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ പ്രതികള്‍ നല്‍കിയ മൊഴി പുറത്തുവന്നതിന് പിന്നാലെ അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം അനുമതി തേടിയിരുന്നു.

എന്നാല്‍ കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ അനുമതി നിഷേധിക്കുകയായിരുന്നു. കോടതിയുടെ പരിഗണനയിലുള്ള വിഷയം ചര്‍ച്ച ചെയ്യാനാകില്ലെന്ന ചട്ടം സ്പീക്കറും നിയമ മന്ത്രിയും ചൂണ്ടിക്കാട്ടുകയായിരുന്നു.

സ്വാശ്രയ കോളേജ്, ശബരിമല യുവതീ പ്രവേശനം തുടങ്ങിയ വിഷയങ്ങള്‍ കോടതിയുടെ പരിഗണനയിലിരിക്കുമ്പോള്‍ തന്നെ ചര്‍ച്ച ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് അനുമതി നല്‍കണമെന്നും വീണ്ടും പ്രതിപക്ഷം ആവശ്യപ്പെട്ടെങ്കിലും സ്പീക്കര്‍ തള്ളുകയായിരുന്നു.

ഇതേ തുടര്‍ന്നാണ് പ്രതിപക്ഷം സഭക്ക് പുറത്തുപോയതും സമാന്തര നിയമസഭ നടത്തിയതും കോടതി പരിഗണനയിലുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത കീഴ്‌വഴക്കം കേരള നിയമസഭയ്ക്കുണ്ടെന്നും ചട്ടത്തിനും റൂളിംഗിനും ഉപരിയായി കീഴ്‌വഴക്കത്തിനാണ് പ്രാധാന്യമെന്ന് സ്പീക്കര്‍ ഇന്നലെ സഭയില്‍ വ്യക്തമാക്കിയതുമാണെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് ഇന്ന് ചട്ടം ഉയര്‍ത്തിക്കാട്ടി മുഖ്യമന്ത്രിക്കെതിരായ അടിയന്തിര പ്രമേയ നോട്ടീസ് അനുവദിക്കാതിരുന്നതെന്നും ചട്ടം ഓരോരുത്തരുടെയും സൗകര്യത്തിനു വേണ്ടി വ്യാഖ്യാനിക്കാനുള്ളതല്ലെന്നും അദ്ദേഹം പറഞ്ഞു.

നിരപരാധിയായ ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തവര്‍ക്ക് കാലം മുഖം അടച്ചുകൊടുത്ത അടിയാണ് സ്വര്‍ണക്കടത്ത് കേസ് പ്രതികളുടെ വെളിപ്പെടുത്തലെന്നും വി.ഡി. സതീശന്‍ പറഞ്ഞു.

ശിവശങ്കരന്റെ മൊഴി മുഖ്യമന്ത്രിക്ക് എതിരല്ലെന്നാണ് സി.പി.ഐ.എം നേതാക്കള്‍ പറയുന്നത്. എന്നാല്‍ കേസിലെ മറ്റൊരു പ്രതിയായ സ്വപ്നയുടെ മൊഴി വിശ്വസിക്കാനാകില്ലെന്നാണ് പറയുന്നത്. മറ്റൊരു തട്ടിപ്പു കേസിലെ പ്രതിയായ സ്ത്രീ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ കേസെടുത്തതും അപമാനിച്ചതും സി.പി.ഐ.എം മറക്കരുത്.

സി.പി.ഐ.എമ്മിനും മുഖ്യമന്ത്രിക്കും ഭയമാണ്. സ്വപ്നയുടെ വെളിപ്പെടുത്തല്‍ തെറ്റായിരുന്നെങ്കില്‍ അടിയന്തിര പ്രമേയ ചര്‍ച്ചയില്‍ മുഖ്യമന്ത്രിക്ക് നിയമസഭയില്‍ നിരപരാധിത്വം വെളിപ്പെടുത്താമായിരുന്നെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

കസ്റ്റംസ് നിയമത്തിലെ 108 വകുപ്പ് പ്രകാരം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയ മൊഴി സി.ആര്‍.പി.സി. 166 പ്രകാരമുള്ള കുറ്റസമ്മതത്തിനു തുല്യമാണ്. ഇത് തെളിവായി കോടതി പരിഗണിക്കും. മുഖ്യമന്ത്രി യു.എ.ഇ. സന്ദര്‍ശിക്കുന്നതിനു മുന്നോടിയായി നയതന്ത്ര ചാനല്‍ വഴി ഒരു പാക്കറ്റ് കൊണ്ടുപോയെന്നാണ് സ്വര്‍ണക്കടത്തു പ്രതി സ്വപ്നയുടെ വെളിപ്പെടുത്തല്‍. പാക്കറ്റിലുള്ളത് അതിഥികള്‍ക്കുള്ള സമ്മാനമെന്നാണ് പറഞ്ഞത്. എന്നാല്‍ അത് വിദേശ കറന്‍സി ആയിരുന്നെന്നാണ് സ്വപ്ന കസ്റ്റംസിനോട് പറഞ്ഞിരിക്കുന്നത്.

സ്വര്‍ണക്കടത്തില്‍ അന്വേഷണം നടത്തിയ കേന്ദ്ര ഏജന്‍സികളെ നിരന്തരമായി തടസപ്പെടുത്താന്‍ സര്‍ക്കാര്‍ ശ്രമിച്ചിരുന്നു. ആദ്യം ബാലാവകാശ കമ്മിഷനെ ഉപയോഗിച്ചു. പിന്നീട് നിയമസഭ പ്രിവിലേജ് കമ്മിറ്റിയെ ഉപയോഗിച്ചു.

പിന്നാലെ ക്രൈംബ്രാഞ്ചിനെ ഉപയോഗിച്ച് കേസെടുപ്പിക്കുകയും ജഡീഷ്യല്‍ കമ്മിഷനെ നിയോഗിക്കുകയും ചെയ്തും. കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷ്യല്‍ കമ്മിഷന്റെ പ്രവര്‍ത്തനം ഹൈക്കോടതി കഴിഞ്ഞ ദിവസം സ്റ്റേ ചെയ്തു. രഹസ്യങ്ങള്‍ ഒളിച്ചുവയ്ക്കാനായി എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ച് അന്വേഷണം തടസപ്പെടുത്താനാണ് സര്‍ക്കാര്‍ ശ്രമിച്ചതെന്നും വി.ഡി. സതീശന്‍ ചൂണ്ടിക്കാട്ടി.

മുസ്ലിം ലീഗ് എം.എല്‍.എ പി.കെ. ബഷീറായിരുന്നു സമാന്തര നിയമസഭയില്‍ മുഖ്യമന്ത്രിയായത്. ലീഗ് എം.എല്‍.എയായ എന്‍. ഷംസുദ്ദീന്‍ സ്പീക്കറായി. പ്രതിഷേധസംഗമത്തില്‍ വെച്ച് എം.എല്‍.എ പി.ടി. തോമസാണ് അടിയന്തര പ്രമേയം അവതരിപ്പിച്ചത്.

പ്രതീകാത്മക അടിയന്തര പ്രമേയത്തില്‍ പ്രതികളുടെ മൊഴികള്‍ മുഖ്യമന്ത്രിക്ക് എതിരാണെന്നും അദ്ദേഹം വിദേശ നാണയ ചട്ടം ലംഘിച്ചുവെന്ന് വ്യക്തമാക്കുന്നതാണെന്നും പി.ടി. തോമസ് പറഞ്ഞു. ഇതിന് പിന്നാലെ മുഖ്യമന്ത്രിയെ പോലെ അഭിനയിച്ചുകൊണ്ട് പി.കെ. ബഷീര്‍ മറുപടി നല്‍കി.

‘സാര്‍, ഇതിന് മറുപടി പറയാന്‍ എനിക്ക് മനസില്ല, കാരണം ഇതൊരു ദുരാരോപണമാണ്. അതുകൊണ്ട് തന്നെ അടിയന്തര പ്രമേയം അവതരിപ്പിച്ച അംഗം പുറത്തുപോകണമെന്നാണ് എനിക്ക് പറയാനുള്ളത്. കടക്ക് പുറത്ത് എന്നാണ് എനിക്ക് പറയാനുള്ളത്,’ എന്നായിരുന്നു പി.കെ. ബഷീറിന്റെ വാക്കുകള്‍.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം

If Swapna’s statement was wrong, the CM Pinarayi Vijayan could have declared his innocence in the Assembly; VD Satheesan

We use cookies to give you the best possible experience. Learn more