അവസാന നാല് കളിയും തോറ്റ സഞ്ജുവിന്റെ രാജസ്ഥാന് കനത്ത തിരിച്ചടിക്ക് സാധ്യത; അവരാണ് പ്രധാന വെല്ലുവിളി
Cricket
അവസാന നാല് കളിയും തോറ്റ സഞ്ജുവിന്റെ രാജസ്ഥാന് കനത്ത തിരിച്ചടിക്ക് സാധ്യത; അവരാണ് പ്രധാന വെല്ലുവിളി
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 16th May 2024, 12:47 pm

ഐ.പി.എല്ലില്‍ കഴിഞ്ഞദിവസം നടന്ന മത്സരത്തില്‍ പഞ്ചാബ് കിങ്‌സ് അഞ്ചു വിക്കറ്റുകള്‍ക്ക് രാജസ്ഥാനെ പരാജയപ്പെടുത്തിയിരുന്നു. രാജസ്ഥാന്റെ തുടര്‍ച്ചയായ രണ്ടാം തോല്‍വിയായിരുന്നു ഇത്.

മത്സരത്തില്‍ ടോസ് നേടിയ രാജസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 144 റണ്‍സാണ് നേടിയത്. വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ പഞ്ചാബ് 18.5 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടക്കുകയായിരുന്നു.

എന്നാല്‍ പഞ്ചാബിനെതിരെയുള്ള മത്സരത്തിന് മുമ്പ് തന്നെ സഞ്ജുവും കൂട്ടരും നേരത്തെ പ്ലേ ഓഫിന് യോഗ്യത നേടിയിരുന്നു. മെയ് 14ന് നടന്ന മത്സരത്തില്‍ ദല്‍ഹി ക്യാപ്പിറ്റല്‍സ് 19 റണ്‍സിന് ലഖ്നൗ സൂപ്പര്‍ ജയന്റ്‌സിനെ പരാജയപ്പെടുത്തിയതിന് പിന്നാലെയാണ് രാജസ്ഥാന്‍ പ്ലേ ഓഫിലേക്ക് മുന്നേറിയത്.

ഈ തോല്‍വിക്ക് പിന്നാലെ ഒരു വമ്പന്‍ തിരിച്ചടിയാണ് രാജസ്ഥാന് ലഭിച്ചിരിക്കുന്നത്. ആദ്യ ഒമ്പത് മത്സരങ്ങളില്‍ നിന്ന് എട്ട് ജയം സ്വന്തമാക്കിയ രാജസ്ഥാന്‍ ആദ്യം തന്നെ പ്ലേ ഓഫിലേക്ക് മുന്നേറുന്ന ടീമായി മാറുമെന്ന് ആരാധകര്‍ കരുതിയിരുന്നു.

എന്നാല്‍ അവസാനം കളിച്ച നാലു മത്സരങ്ങളും രാജസ്ഥാന്‍ പരാജയപ്പെടുകയായിരുന്നു. ഇതോടെ ടീമിന്റെ രണ്ടാം സ്ഥാനം നഷ്ടമാവുമോ എന്ന ആശങ്കയാണ് ആരാധകരില്‍ നിലനില്‍ക്കുന്നത്.

മെയ് 19നാണ് രാജസ്ഥാന്റെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാനം മത്സരം. ബര്‍സപുരയില്‍ നടക്കുന്ന മത്സരത്തില്‍ ഒന്നാം സ്ഥാനത്തുള്ള കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെയാണ് സഞ്ജുവും കൂട്ടരും നേരിടുക. രാജസ്ഥാന്‍ ഈ മത്സരത്തില്‍ പരാജയപ്പെടുകയും നിലവില്‍ നാലാം സ്ഥാനത്തുള്ള സണ്‍റൈസേഴ്‌സ് ഹൈദരാബാദ് രണ്ടു മത്സരങ്ങള്‍ വിജയിക്കുകയും ചെയ്താല്‍ രാജസ്ഥാനില്‍ രണ്ടാം സ്ഥാനം നഷ്ടമാകും.  ഇന്ന് ഗുജറാത്ത് ടൈറ്റന്‍സിനെതിരെയും മെയ് 19ന് പഞ്ചാബ് കിങ്‌സിനെതിരെയുമാണ് ഓറഞ്ച് ആര്‍മിയുടെ ബാക്കിയുള്ള മത്സരങ്ങള്‍ ഉള്ളത്.

അതുകൊണ്ടുതന്നെ നിലവില്‍ 12 മത്സരങ്ങളില്‍ നിന്ന് ഏഴ് വിജയവും അഞ്ചു തോല്‍വിയും അടക്കം 14 പോയിന്റോടെ നാലാം സ്ഥാനത്തുള്ള ഹൈദരാബാദിന് ബാക്കിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ 18 പോയിന്റായി മാറും. അവസാന മത്സരത്തില്‍ കൊല്‍ക്കത്തയോട് രാജസ്ഥാന്‍ പരാജയപ്പെടുകയാണെങ്കില്‍ സഞ്ജുവിനും കൂട്ടര്‍ക്കും രണ്ടാം സ്ഥാനം നഷ്ടമാവുകയും എലിമിനേറ്റര്‍ കളിക്കേണ്ടി വരുകയും ചെയ്യും.

അതേസമയം മെയ് 18ന് നടക്കുന്ന ആവേശകരമായ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്സ്- റോയല്‍ ചലഞ്ചേഴ്‌സ് ബെംഗളൂരു മത്സരവും പ്ലേ ഓഫ് സ്ഥാനക്കാരെ തീരുമാനിക്കുന്നതാണ്. ചെന്നൈയ്‌ക്കെതിരെ മികച്ച റണ്‍ റേറ്റില്‍ വിജയിക്കാന്‍ സാധിച്ചാല്‍ പ്ലേ ഓഫിലേക്ക് മുന്നേറുന്ന നാലാമത്തെ ടീമായി മാറാന്‍ ബെംഗളൂരുവിന് കഴിയും.

Content Highlight: If SRH won two Matches RR loss one Match Rajasthan Royals will back the third position