|

ചാണകം തേച്ചാല്‍ ചൂട് കുറയുമെങ്കില്‍ പിന്നെന്തിന് എ.സി; പ്രിന്‍സിപ്പലിന്റെ മുറിയില്‍ ചാണകം തേച്ച് വിദ്യാര്‍ത്ഥികള്‍

ഡൂള്‍ന്യൂസ് ഡെസ്‌ക്

ന്യൂദല്‍ഹി: ചൂട് കുറയ്ക്കുന്നതിനായി ക്ലാസ് മുറിക്കുള്ളില്‍ ചാണകം തേച്ച ദല്‍ഹി സര്‍വകലാശാലയുടെ കീഴിലുള്ള ലക്ഷ്മിഭായ് കോളേജിലെ പ്രിന്‍സിപ്പലിനെതിരെ പ്രതിഷേധവുമായി വിദ്യാര്‍ത്ഥികള്‍. പ്രിന്‍സിപ്പലിന്റെ റൂമില്‍ തിരിച്ചും ചാണകം തേച്ചായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

ചുമരില്‍ ചാണകം തേച്ചാല്‍ ചൂട് മാറില്ലെയെന്നും പ്രിന്‍സിപ്പലിന്റെ റൂമില്‍ എ.സിയുടെ ആവശ്യമില്ലല്ലോയെന്നും ചൂണ്ടിക്കാട്ടിയായിരുന്നു വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം.

വലിയ പാത്രത്തില്‍ ചാണകവുമായെത്തിയ വിദ്യാര്‍ത്ഥികള്‍ പ്രിന്‍സിപ്പലിന്റെ ക്യാബിനിലെത്തി റൂമിലെ ചുവരുകളിലടക്കം ചാണകം മെഴുകുകയും എറിയുകയുമായിരുന്നു. ദല്‍ഹി യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥി യൂണിയന്‍ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം നടന്നത്.

കഴിഞ്ഞ ദിവസമാണ് ചൂട് കുറയ്ക്കുന്നതിനായി ക്ലാസ് മുറിക്കുള്ളില്‍ പ്രിന്‍സിപ്പല്‍ ചാണകം തേച്ചത്. വീടിനുള്ളിലെ ചൂട് കുറയ്ക്കാന്‍ പരമ്പരാഗതമായി ചെയ്തിരുന്ന രീതിയാണെന്ന് പറഞ്ഞുകൊണ്ടായിരുന്നു അധ്യാപികയുടെ നീക്കം. പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സലയാണ് ക്ലാസ് മുറിയില്‍ ചാണകം തേച്ചത്.

കോളേജ് കെട്ടിടത്തിലെ ബ്ലോക്ക് സി-യിലുള്ള ക്ലാസ് മുറിയിലാണ് പ്രിന്‍സിപ്പല്‍ ചാണകം തേച്ചത്. പ്രിന്‍സിപ്പല്‍ ചുവരില്‍ ചാണകം തേക്കുന്നതിന്റെ ദൃശ്യങ്ങള്‍ കോളേജ് അധ്യാപകരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതോടെയാണ് സംഭവം ശ്രദ്ധിക്കപ്പെട്ടത്.

പിന്നീട് ഈ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലുടനീളം പ്രചരിക്കുകയായിരുന്നു. മറ്റു അധ്യാപകരുടെ സഹായത്തോടെ പ്രിന്‍സിപ്പല്‍ വടി ഉപയോഗിച്ച് ചുവരില്‍ ചാണകം തേക്കുന്ന ദൃശ്യങ്ങളും പ്രചരിച്ചിരുന്നു.

ലക്ഷ്മിഭായ് കോളേജിലെ ബ്ലോക്ക് സിയില്‍ പ്രവര്‍ത്തിക്കുന്ന ക്ലാസുകളില്‍ ശരിയായ രീതിയില്‍ ഫാനുകളും വെന്റിലേഷനും കൂളിങ് സംവിധാനങ്ങളും ഇല്ലെന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ പരാതിപ്പെട്ടിരുന്നു.

എന്നാല്‍ ഫാക്കല്‍റ്റിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് ക്ലാസ് മുറിയില്‍ ചാണകം തേച്ചതെന്ന് പ്രിന്‍സിപ്പലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഒരു ഫാക്കല്‍റ്റി അംഗം നടത്തുന്ന ഗവേഷണത്തിന്റെ ഭാഗമായാണ് ചാണകം പൂശിയതെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.

ഒരാഴ്ചയ്ക്ക് ശേഷമേ റിസര്‍ച്ചിന്റെ റിസള്‍ട്ട് പറയാന്‍ സാധിക്കുകയുള്ളൂവെന്നും പ്രകൃതിദത്തമായ വസ്തുക്കളില്‍ തൊടുന്നതുകൊണ്ട് ഒരു പ്രശ്‌നവുമില്ലെന്നും പ്രിന്‍സിപ്പല്‍ പ്രത്യുഷ് വത്സല വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐയോട് പറഞ്ഞിരുന്നു.

Content Highlight: If spreading dung reduces the heat, then why have AC? Students spread dung in the principal’s room to protest against the dung smeared in the classroom

Latest Stories