ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി ചെറിയ പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്താല്‍ ബി.ജെ.പിക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും നേടാനാകില്ലെന്ന് എസ്.ബി.എസ്.പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞത്.
‘ജനങ്ങള്‍ ബി.ജെ.പിക്കെതിരെ രോഷാകുലരാണ്. അവര്‍ ആകെ കലികൊണ്ടിരിക്കുകയാണ്. ഇനി സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവരികയും മറ്റു ചെറിയ പാര്‍ട്ടികളോടും പ്രാദേശിക പാര്‍ട്ടികളോടും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉറപ്പിക്കുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് ഫലം മുഴുവന്‍ മാറിമറിയും.
സമാജ്‌വാദി പാര്‍ട്ടി എസ്.ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാല്‍ പിന്നെ ബി.ജെ.പിക്ക് മൗവ്, ബാലിയ, ഘാസിപൂര്‍, അസംഗര്‍, ജാന്‍പൂര്‍, അംബേദ്കര്‍ നഗര്‍ തുടങ്ങി ഒരു ജില്ലയിലും ഒരൊറ്റ സീറ്റ് പോലും കിട്ടില്ല. വാരണാസിയിലെ രണ്ട് സീറ്റുകളില്‍ മാത്രമേ ബി.ജെ.പിയുമായി എന്തെങ്കിലും മത്സരം പോലും വരുള്ളു,’ മുന്‍ മന്ത്രി കൂടിയായ രാജ്ഭര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ 150ഉം ഇപ്പറഞ്ഞ കിഴക്കന്‍ മേഖലകളില്‍ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ്‌വാദി പാര്‍ട്ടിക്കേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുള്ളൂവെന്നാണ് ജനങ്ങള്‍ കരുതുന്നതെന്നും രാജ്ഭര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.
ബി.എസ്.പിയും തെരഞ്ഞെടുപ്പിനെ നേരിടാന്‍ പുതിയ തന്ത്രങ്ങളുമായെത്തുന്നുണ്ടെങ്കിലും എസ്.പി സൃഷ്ടിച്ച തരത്തില്‍ ജനപിന്തുണ നേടാന്‍ അവര്‍ക്കായിട്ടില്ലെന്നും രാജ്ഭര്‍ പറഞ്ഞു.
നേരത്തെ എസ്.ബി.എസ്.പി ബി.ജെ.പിയുമായി ലയിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 2017ല്‍ ബി.ജെ.പിക്കൊപ്പം നിന്ന പാര്‍ട്ടി 2019ലാണ് സഖ്യത്തില്‍ നിന്നും വിട്ടുപോരുന്നത്. 2017 മുതല്‍ 2019 വരെ യോഗി സര്‍ക്കാരില്‍ മന്ത്രിയുമായിരുന്നു രാജ്ഭര്‍.
യോഗി ആദിത്യനാഥിനെ തന്നെയാണ് 2022ലെ തെരഞ്ഞെടുപ്പിലും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാക്കുന്നതെങ്കില്‍ ബി.ജെ.പിക്കൊപ്പം ചേരില്ലെന്നും രാജ്ഭര്‍ പറഞ്ഞിരുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: If SP ties up with small parties, BJP won’t get one seat in eastern UP: Om Prakash Rajbhar