ലഖ്‌നൗ: സമാജ്‌വാദി പാര്‍ട്ടി ചെറിയ പ്രാദേശിക പാര്‍ട്ടികളുമായി കൈകോര്‍ത്താല്‍ ബി.ജെ.പിക്ക് കിഴക്കന്‍ ഉത്തര്‍പ്രദേശില്‍ ഒരു സീറ്റ് പോലും നേടാനാകില്ലെന്ന് എസ്.ബി.എസ്.പി അധ്യക്ഷന്‍ ഓം പ്രകാശ് രാജ്ഭര്‍. അടുത്ത തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് കനത്ത തിരിച്ചടി നേരിടുമെന്നാണ് ഓം പ്രകാശ് രാജ്ഭര്‍ പറഞ്ഞത്.
‘ജനങ്ങള്‍ ബി.ജെ.പിക്കെതിരെ രോഷാകുലരാണ്. അവര്‍ ആകെ കലികൊണ്ടിരിക്കുകയാണ്. ഇനി സമാജ്‌വാദി പാര്‍ട്ടി മുന്നോട്ടുവരികയും മറ്റു ചെറിയ പാര്‍ട്ടികളോടും പ്രാദേശിക പാര്‍ട്ടികളോടും ചേര്‍ന്ന് തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഉറപ്പിക്കുകയും ചെയ്താല്‍ തെരഞ്ഞെടുപ്പ് ഫലം മുഴുവന്‍ മാറിമറിയും.
സമാജ്‌വാദി പാര്‍ട്ടി എസ്.ബി.എസ്.പിയുമായി സഖ്യമുണ്ടാക്കിയാല്‍ പിന്നെ ബി.ജെ.പിക്ക് മൗവ്, ബാലിയ, ഘാസിപൂര്‍, അസംഗര്‍, ജാന്‍പൂര്‍, അംബേദ്കര്‍ നഗര്‍ തുടങ്ങി ഒരു ജില്ലയിലും ഒരൊറ്റ സീറ്റ് പോലും കിട്ടില്ല. വാരണാസിയിലെ രണ്ട് സീറ്റുകളില്‍ മാത്രമേ ബി.ജെ.പിയുമായി എന്തെങ്കിലും മത്സരം പോലും വരുള്ളു,’ മുന്‍ മന്ത്രി കൂടിയായ രാജ്ഭര്‍ പറഞ്ഞു.
ഉത്തര്‍പ്രദേശ് നിയമസഭയിലെ 403 സീറ്റുകളില്‍ 150ഉം ഇപ്പറഞ്ഞ കിഴക്കന്‍ മേഖലകളില്‍ വരുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സമാജ്‌വാദി പാര്‍ട്ടിക്കേ ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ തോല്‍പ്പിക്കാന്‍ കഴിയുള്ളൂവെന്നാണ് ജനങ്ങള്‍ കരുതുന്നതെന്നും രാജ്ഭര്‍ മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു.