| Thursday, 14th November 2024, 4:59 pm

ആരെങ്കിലും അനധികൃത നിർമാണം നടത്തിയാൽ ആ കെട്ടിടം പൊളിക്കാൻ സർക്കാരിന് അവകാശമുണ്ട്: സുപ്രീം കോടതി വിധിക്കെതിരെ ബി.ജെ.പി എം.എൽ.എ

ഡൂള്‍ന്യൂസ് ഡെസ്‌ക്

ലഖ്‌നൗ: ബുൾഡോസർ രാജ് നടപടിക്കെതിരെ സുപ്രീം കോടതി വിധി വന്നതിന് പിന്നാലെ വിവാദ പരാമർശവുമായി ബി.ജെ,പി എം.എൽ.എ. ബി.ജെ.പി എം.എൽ.എയായ സിദ്ധാർത്ഥ് നാഥ്‌ സിംഗിന്റേതാണ് പരാമർശം. ആരെങ്കിലും അനധികൃത നിർമാണം നടത്തിയാൽ, ആ കെട്ടിടങ്ങൾ പൊളിക്കാൻ സർക്കാരിന് അവകാശമുണ്ടെന്നാണ് സിങ് പറഞ്ഞത്.

‘സുപ്രീം കോടതി വിധിയെ ഞാൻ സ്വാഗതം ചെയ്യുന്നു. ബുൾഡോസർ നിയമത്തിനെതിരെ അവർ പല നടപടി ക്രമങ്ങളും നിർദേശിച്ചിട്ടുണ്ട്. എന്നാൽ ആരെങ്കിലും അനധികൃതമായി നിർമാണ പ്രവർത്തനം നടത്തിയാൽ അല്ലെങ്കിൽ സർക്കാർ ഭൂമി കയ്യേറിയാൽ അവരുടെ കെട്ടിടം ബുൾഡോസ് ചെയ്യാനുള്ള എല്ലാ അധികാരവും ഉത്തർപ്രദേശ് സർക്കാരിനുണ്ട്,’ സിങ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി സുപ്രധാനമായ വിധി പറഞ്ഞത്. വസ്തുവിൻ്റെ ഉടമയ്ക്ക് 15 ദിവസത്തെ മുൻകൂർ അറിയിപ്പ് നൽകാതെയും നിയമപരമായ മാർഗനിർദ്ദേശങ്ങൾ പാലിക്കാതെയും കെട്ടിടങ്ങൾ പൊളിക്കരുതെന്ന് സുപ്രീം കോടതി നിർദേശിച്ചു.

രജിസ്‌ട്രേഡ് തപാൽ മുഖേന ഉടമയ്‌ക്ക് നോട്ടീസ് നൽകുകയും നിർദിഷ്ട നോട്ടീസ് കെട്ടിടത്തിന്റെ പുറംഭാഗത്ത് പതിക്കണമെന്നും സുപ്രീം കോടതി പറഞ്ഞു. നോട്ടീസിൽ അനധികൃത നിർമാണത്തിൻ്റെ സ്വഭാവം, നിയമ ലംഘനത്തിൻ്റെ വിശദാംശങ്ങൾ, പൊളിക്കുന്നതിനുള്ള അടിസ്ഥാന കാരണം എന്നിവ അടങ്ങിയിരിക്കണം.

പൊളിക്കുന്നത് വീഡിയോഗ്രാഫ് ചെയ്യണം, മാർഗ്ഗനിർദ്ദേശങ്ങൾ ലംഘിക്കുന്നത് കോടതി അവഹേളനത്തിന് കാരണമാകും എന്നും സുപ്രീം കോടതി ഉത്തരവിട്ടു. ജസ്റ്റിസ് ബി.ആർ. ഗവായ് , ജസ്റ്റിസ് കെ.വി. വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

സർക്കാരിന് കോടതിയോ ജഡ്ജിയോ ആകാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. ഇത്തരത്തിൽ വസ്തുവകകൾ പൊളിക്കുന്ന പൊതു ഉദ്യോഗസ്ഥർ അതിന് ഉത്തരവാദികളായിരിക്കണമെന്നും കോടതി വ്യക്തമാക്കി.

‘സർക്കാരിന് ഒരാളെ കുറ്റവാളിയായി പ്രഖ്യാപിക്കാൻ കഴിയില്ല. കുറ്റാരോപണത്തിൻ്റെ അടിസ്ഥാനത്തിൽ മാത്രം, സർക്കാർ വ്യക്തിയുടെ സ്വത്ത് പൊളിച്ചാൽ അത് നിയമവാഴ്ചയെ ബാധിക്കും. സർക്കാരിന് ജഡ്ജിയാകാനും കുറ്റാരോപിതരുടെ സ്വത്തുക്കൾ പൊളിക്കാനും കഴിയില്ല. നിയമം കൈയിലെടുക്കുകയും ഇത്തരത്തിൽ പ്രവർത്തിക്കുകയും ചെയ്യുന്ന പൊതു ഉദ്യോഗസ്ഥർ അവരുടെ ചെയ്തികൾക്ക് ഉത്തരവാദികളായിരിക്കും ,’ കോടതി പറഞ്ഞു.

ചില കൈയേറ്റങ്ങൾ ഉണ്ടായാൽ പോലും പൊളിക്കലാണ് ഏക ആശ്രയം എന്നതിൽ അധികാരികൾക്ക് ഉറച്ച് നിൽക്കാൻ കഴിയില്ലെന്നും സുപ്രീം കോടതി പറഞ്ഞു.

Content Highlight: If someone does illegal construction, govt has right to demolish within procedure”: BJP MLA on SC verdict

We use cookies to give you the best possible experience. Learn more